വേമ്പനാടിനെ വീണ്ടെടുക്കുക എന്ന സന്ദേശമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വന്‍ഷന്‍ കായല്‍ പഠനത്തിനായി ജനകീയ കമ്മീഷനെ പ്രഖ്യാപിച്ചു. 8ന് ഉച്ചയ്ക്ക് ആലപ്പുഴ രാധാ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ പ്രതിപതക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ലാഭക്കൊതിയന്‍മാരായ ആളുകള്‍ നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളായ കാടും മലയും പുഴയും പാറയും ജലാശയങ്ങളുമൊക്കെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയച്ച ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനാളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

പ്രകൃതിയുടെ മേല്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ നമ്മെത്തന്നെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണെന്ന് വി. എസ് പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം, വര്‍ദ്ദിച്ചുവരുന്ന ചൂട്, ശോഷിച്ചുവരുന്ന ജലസമ്പത്ത്, ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍ ഇതിനെ തുടര്‍ന്ന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം പ്രകൃതിയുടെ മേല്‍ നടത്തുന്ന കയ്യേറ്റങ്ങളുടെ ദുരന്തഫലമാണ്. അടുത്തിടെ ഉത്തരാഖണ്ഡിലുണ്ടായ പ്രളയ ദുരന്തം ഇത്തരത്തില്‍ പ്രകൃതിയുടെ ഘടനയെത്തന്നെ തകര്‍ക്കുന്ന തരത്തില്‍ മനുഷ്യന്‍ നടത്തിയ കയ്യേറ്റങ്ങളുടെ ദിരന്ത ഫലങ്ങളായിരുന്നു. കേരളത്തിലും ഇത്തരം ദുരന്തങ്ങള്‍ എപ്പോഴും സംഭവിക്കാമെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് നമ്മുടെ നഗരപ്രദേശങ്ങളെക്കാള്‍ പണം തകൊയ്യാന്‍ കഴിയുന്ന മേഖലയായി കായല്‍ തീരങ്ങള്‍ മാറിയിരിക്കുകയാണ്. കായല്‍ തീരത്ത് അധിവസിച്ചിരുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് അവരില്‍നിന്നും ചുളുവിലക്ക് ഭൂമി വാങ്ങി വലിയ പണക്കാര്‍ എല്ലാ നിയമങ്ങളും ലംഘിച്ച് വലിയ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുകയാണ്. 2011 ലെ തീരദേശ നിയന്ത്രണ വിജ്ഞാപനപ്രകാരം വേമ്പനാട് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണെന്നും അവിടെ നിയമം ലംഘിച്ച് കയ്യേറ്റം നടത്തുന്നതും നികത്തുന്നതും കര്‍ശനമായി തടയണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമം നടപ്പാക്കാനും കയ്യേറ്റങ്ങളും മലിനീകരണവും ഒഴിവാക്കാനും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ആറ് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്. എന്നാല്‍ ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉടന്‍ ആരംഭിക്കണം. അതിനുള്ള തുടക്കമാണ്കണ്‍വന്‍ഷന്‍…. കണ്‍വന്‍ഷനില്‍ എടുക്കുന്ന തീരുമാനങ്ങളും തുടര്‍പോരാട്ടങ്ങളും വിജയിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന് തന്നെ ഒഴിച്ചുകൂടാനാകാത്തതാണെന്ന് വി. എസ് അഭിപ്രായപ്പെട്ടു.

വേമ്പനാട് കായലില്‍ നടക്കുന്ന അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങളുടെയും അവയെ ചൊല്ലി നിയമപരമായും രാഷ്ട്രീയമായും ഉയര്‍ന്നുവരുന്ന വിവിധ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ കായലില്‍ നടക്കുന്ന തീരദേശ നിയന്ത്രണ നിയമത്തിന്റെ ലംഘനങ്ങളെ കണ്ടെത്തുന്നതിനും കായല്‍ പരിസ്ഥിതി വീണ്ടെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ കമ്മീഷനെ കന്‍വന്‍ഷനില്‍ വച്ച് പ്രഖ്യാപിച്ചു. ഡോ. പ്രഭാത് പട്‌നായിക് ചെയര്‍മാനും ഡോ. സി. ടി. എസ്. നായര്‍ മെമ്പര്‍ സെക്രട്ടറിയും ശാസ്തരജ്ഞരായ ഡോ. കെ. ജി. പത്മകുമാര്‍, ഡോ. ടി. വി. അന്നാ മേഴ്‌സി, ഡോ. ശ്രീകുമാര്‍ ചതോപാധ്യായ, പത്രപ്രവര്‍ത്തകനായ എം. ജി. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനാണ് പ്രഖ്യാപിക്കപ്പെട്ടത്.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഇവയാണ്-

1. വേമ്പനാട്ട് കായലില്‍ തീരദേശ പരിപാലന നിയമത്തിലും മറ്റു പരിസ്ഥിതി സംരക്ഷണ നിയമങ്ങളിലും ഉണ്ടായിട്ടുള്ള ലംഘനങ്ങള്‍ കണ്ടെത്തുക. ഇവയുടെ സ്വഭാവവും ഉദ്ദേശങ്ങളും കണ്ടെത്തുക. ലംഘനങ്ങള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കെന്നും അവ ആരെയെല്ലാം പ്രതികൂലമായി ബാധിക്കുന്നുവെന്നും കണ്ടെത്തുക.

2. വാമ്പനാട് മേഖലയുടെ സാമ്പത്തിക പാരിസ്ഥിക മേഖലകളില്‍ മേല്‍പറഞ്ഞ നിയമലംഘനങ്ങള്‍ സൃഷ്ടിക്കുന്ന ദീര്‍ഘകാല ആഘാതങ്ങള്‍ കണ്ടെത്തുക. 

3. വേമ്പനാട് തണ്ണീര്‍ത്തട വ്യവസ്ഥയുടെ പാരിസ്ഥിതിക പുനരുജ്ജീവനത്തിനാവശ്യമായ ഹ്രസ്വ-ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് നിര്‍ദ്ദേശിക്കുക.

4. ഈ മേഖലില്‍ ഇനിവരാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേമ്പനാടിന്റെ ദീര്‍ഘകാല സുസ്ഥിരതയുടെയും പാരിസ്ഥിതിക സുരക്ഷയുടെയും വാഹകശേഷിയുടെയും പശ്ചാത്തലത്തില്‍ എങ്ങനെയെല്ലാം ആകണമെന്ന് നിര്‍ദ്ദേശിക്കുക.

5. വേമ്പനാട് തണ്ണീര്‍ത്തട വ്യവസ്ഥയില്‍ നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ തുടര്‍ന്നുപോരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളും അവ കായല്‍ വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളും കണ്ടെത്തുക. 

കണ്‍വന്‍ഷനില്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. എം. കെ. പ്രസാദ് അദ്ധ്യക്ഷനായിരുന്നു. എം. എം. ലോറന്‍സ്, ഡോ. ടി. എം. തോമസ് ഐസക് എം. എല്‍ എ. ഡോ. കെ. ജി. പത്മകുമാര്‍, ഡോ. യു. കെ. ഗോപാലന്‍, ടി. ജെ. ആഞ്ചലോസ്, ലാല്‍ കോയിപ്പറമ്പന്‍, ചാള്‍സ് ജോര്‍ജ്ജ്, പി. പി. ചിത്തരഞ്ചന്‍, കെ. ബിനു, ഡോ. എന്‍. കെ. ശശിധരന്‍ പിള്ള, എം. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി വി. വി. ശ്രീനിവാസന്‍ സ്വാഗതവും സംസ്ഥാന പരിസര വിഷയ സമിതി കണ്‍വീനര്‍ ജോജി കൂട്ടുമ്മല്‍ നന്ദിയും പറഞ്ഞു.

 

Categories: Updates