കാസർക്കോട് ജില്ലയിലെ‍ കശുവണ്ടി തോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി പ്രയോഗിച്ചതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് സര്‍ക്കാരും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ട് മാതൃഭൂമി ദിനപ്പത്രത്തിൽ ലേഖനമെഴുതിയതിന് കാർഷിക സർവകലാശാല അധികൃതർ അവിടുത്തെ പ്രൊഫസറായ ഡോ കെ.എം ശ്രീകുമാറിനോട് വിശദീകരണം ചോദിച്ചത് അക്കാദമികരംഗത്ത് തെറ്റായ കീഴ്‍വഴക്കങ്ങള്‍ക്ക് കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു.
ശ്രീകുമാറിന്റെ നിരീക്ഷണങ്ങൾ സർവകലാശാലയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട് എന്നതാണത്രെ വിശദീകരണം ചോദിക്കാനുള്ള കാരണം.
കേരളമുള്‍പ്പെടെ ലോകമെങ്ങും പ്രമുഖ സർവകലാശാലകളിലെ അക്കാദമിക് പണ്ഡിതർ അവര്‍ നടത്തുന്ന നിരീക്ഷണങ്ങളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ കാലികങ്ങളായ നിരവധി വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്. അതെല്ലാം സർവകലാശാലകളുടെയോ സർക്കാരുകളുടേയോ നിലപാടുകളോട് യോജിക്കുന്നതാകണം എന്നില്ല. അവരുടെ സ്വന്തം അഭിപ്രായങ്ങൾ എന്നല്ലാതെ അതെല്ലാം ഔദ്യോഗിക നിലപാടായി ആരും കണക്കാക്കാറുമില്ല.
തെളിവുകളുടേയും സ്വന്തം ബോധ്യത്തിന്റേയും അടിസ്ഥാനത്തില്‍ വ്യത്യസ്താഭിപ്രായങ്ങൾ ഉന്നയിക്കുക എന്നത് സർവകലാശാല അധ്യാപകരുടെ ചുമതലയുമാണ്. ഇതിനൊക്കെ മുൻകൂര്‍ അനുമതി വേണമെന്ന് ശഠിക്കുന്നത് ഒട്ടും ഉചിതവുമല്ല. ആരോഗ്യകരമായ സംവാദങ്ങളിലൂടെ സത്യം കണ്ടെത്താൻ പൊതു സമൂഹത്തെ സഹായിക്കലാണ് ഇത്തരം ഇടപെടലുകളുടെ ലക്ഷ്യം. അത്തരം അഭിപ്രായങ്ങളും സംവാദങ്ങളുമാണ് നയപരമായ തിരുത്തല്‍ ശക്തിയായും പരിണമിക്കുന്നത്.
കാസര്‍ക്കോട് തോട്ടം മേഖലകളില്‍ എന്‍ഡോസല്‍ഫാന്‍ തളിക്കാനും പിന്നീട് നിര്‍ത്താനും രാഷ്ട്രീയ തീരുമാനമുണ്ടായത് ആ രംഗത്തെ വിദഗ്ധര്‍ ‍നടത്തിയ പഠനത്തിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ്. പുതിയ വിവരങ്ങളും തെളിവുകളുമുണ്ടായാല്‍ അത്തരം തീരുമാനങ്ങള്‍ വീണ്ടും തിരുത്തപ്പെട്ടുകൂടെന്നില്ല. പുതിയ അറിവുകളുടേയും കണ്ടെത്തലുകളുടേയും വെളിച്ചത്തില്‍ ‍പഴയ നിഗമനങ്ങളും ധാരണകളും തിരുത്തുക എന്നതാണല്ലോ ശാസ്ത്രത്തിന്റെ രീതി. ഡോ ശ്രീകുമാര്‍ ആ മേഖലയുമായി ബന്ധപ്പെട്ട് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം സ്വതന്ത്രമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ മാനദണ്ഡങ്ങളോടെ ഉന്നയിക്കുന്ന അഭിപ്രായങ്ങളോട് ശാസ്ത്രീയമായ പ്രതികരണ ങ്ങളാണ് ഉണ്ടാവേണ്ടത്.
അത്തരം ശാസ്ത്രീയ സംവാദങ്ങളാണ് ശരിയായ തീരുമാനത്തില്‍ എത്താന്‍ സര്‍ക്കാരിനെയും സ്ഥാപനങ്ങളെയും എപ്പോഴും സഹായിക്കുക. അതിനു പകരം ചര്‍ച്ചകള്‍ കൂടാതെ ഏതെങ്കിലും ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങള്‍ അതേപടി സ്വീകരിക്കുന്നതും അതല്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് നിരുത്സാഹപ്പെടുത്തുന്നതും ശാസ്ത്രീയ സമീപനം സ്വീകരിക്കേണ്ട ഒരു സ്ഥാപനത്തിന് ഒട്ടും യോജിച്ചതല്ല. അസഹിഷ്ണതയുടെ അന്തരീക്ഷമല്ല, സ്വതന്ത്ര ഗവേഷണത്തിന്റെയും തുറന്ന സംവാദത്തിന്റെയും തലമാണ് സര്‍വ്വകലാശാലകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.
അതിനാല്‍ ഡോ കെ എം ശ്രീകുമാറിനെതിരെ ഇപ്പോള്‍ ആരംഭിച്ച വിശദീകരണം ചോദിക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷണ നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാലയോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release