വർദ്ധിച്ചുവരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും വേണം

നാൾക്കുനാൾ വര്‍ധിച്ചു വരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ വിപുലീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത് 59 -ാം സംസ്ഥാനസമ്മേളനം കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ആരോഗ്യ സൂചികകളിലെല്ലാം തന്നെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരള സംസ്ഥാനം രോഗാതുരതയുടെ കാര്യത്തിലും സമീപകാലത്ത് മുന്നേറുന്നു എന്നത് ആരോഗ്യ മേഖലയ്ക്ക് മാത്രമല്ല സാമൂഹ്യ സാമ്പത്തിക മേഖലകൾക്കും വലിയൊരു വെല്ലുവിളിയായി മാറിയിരിക്കയാണ്. വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾ കൂടാതെ നമ്മൾ പിടിയിലൊതുക്കി എന്ന് കരുതിയിരുന്ന ചില പകർച്ചവ്യാധികൾ തിരിച്ചുവരുന്നതും അതിനു പുറമെ പുതുതായി രൂപം കൊള്ളുന്ന രോഗങ്ങളും കേരളത്തിലെ രോഗാതുരതയുടെ ആക്കം കൂട്ടുന്നു. എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയവയെല്ലാം തന്നെ എല്ലാ വർഷവും റിപ്പോർട് ചെയ്യപ്പെടുന്നു.
പൊതുവെ രോഗഗ്രസ്തമായ ഒരു സമൂഹത്തിൽ പടർന്നു പിടിക്കുന്ന മഹാമാരികൾ എത്രത്തോളം ഗുരുതരമാകാമെന്നു കൊവിഡ് കാലത്ത് നമ്മൾ കണ്ടതാണ്. അടുത്തിടെ നടന്ന നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS 5 ) കാണിക്കുന്നത് കേരളത്തിലെ 15 -49 പ്രായക്കാരിൽ ഏതാണ്ട് മൂന്നിലൊന്നു ആളുകളും അമിതവണ്ണം ഉള്ളവരാണെന്നാണ്. അമിതവണ്ണം ഉള്ളവരുടെ എണ്ണം സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും കൂടിവരുമ്പോഴും എല്ലാ പ്രായക്കാരിലുമുള്ള അനീമിയ(വിളർച്ച), കുട്ടികളിൽ ഉയരക്കുറവ്, ഭാരക്കുറവ് തുടങ്ങിയവയും വർദ്ധിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ഭക്ഷണ ശീലങ്ങളിലും ജീവിത ശൈലിയിലും വലിയ രീതിയിലുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിൽ പ്രായാധിക്യമുള്ള ആളുകളുടെ എണ്ണം കൂടിവരുന്നു. അവരുടെ പ്രശ്നങ്ങൾ നേരിടാൻ തക്കവണ്ണം ആരോഗ്യ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട് . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പൊതുമേഖലയിലും സ്വകാര്യമേഖലയിലും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിൽ പക്ഷെ കാൻസർ , പ്രമേഹം ,രക്താതിമർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ പ്രാരംഭദശയിൽ കണ്ടുപിടിക്കപ്പെടുന്നില്ല . രോഗനിർണ്ണയം നടന്നു കഴിഞ്ഞാലും പ്രമേഹം,രക്താതിമർദ്ദം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങളിൽ നിയന്ത്രിതമായ അവസ്ഥ കൈവരിക്കുവാൻ സാധിക്കുന്നത് ഏതാണ്ട് മൂന്നിലൊന്നു പേർക്ക് മാത്രമാണ് . 2002 -2018 കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഏതാണ്ട് ഇരട്ടിയായതായി (ഒരുലക്ഷത്തിൽ 272 ആളുകൾക്ക് എന്നുള്ളത് ഒരു ലക്ഷത്തിൽ 400) വിവിധ പോപ്പുലേഷൻ സർവേകൾ കാണിക്കുന്നു. വർധിച്ചു വരുന്ന വാഹനസാന്ദ്രത തുടങ്ങി മറ്റു പല കാരണങ്ങൾ കൊണ്ടും റോഡപകടങ്ങൾ കൂടി വരുന്നു.
ഈ സാഹചര്യത്തിൽ കേരളത്തിൻ്റെ വർദ്ധിച്ചു വരുന്ന രോഗാതുരത നേരിടുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ കൂടുതൽ വിപുലീകരിച്ചും കാര്യക്ഷമമാക്കിയുമുള്ള പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

Categories: Updates