ആദിവാസി മേഖലകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണം

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ ഗവേഷണത്തിനും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കുമായി പ്രവേശിക്കുന്നതിന് പ്രത്യേകം അനുവാദം വാങ്ങണം എന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക.

ഗവേഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പട്ടിക വർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും അനുവാദം വാങ്ങണമെന്ന് കാണിച്ചു കൊണ്ട് ഇറങ്ങിയ സർക്കാർ ഉത്തരവിൽ ജനാധിപത്യ വിരുദ്ധത ഉണ്ട് എന്ന് പരിഷത്ത് കരുതുന്നു.

ആദിവാസി വിഭാഗങ്ങൾക്കിടയിൽ മാവോയിസ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ലഹരി അടക്കമുള്ള മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ആണ് ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവരുന്നത് എന്നാണ് സർക്കാർ വിശദീകരണം. എന്നാൽ കേരളം പോലൊരു സമൂഹത്തിൽ ആദിവാസികളുടെ മേൽ മാത്രം ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നത് അവരുടെ സ്വയം നിർണയാവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിവിധ ആദിവാസി സംഘടനകൾ വിമർശിക്കുന്നത്.
ഈ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഇത്തരം ഗവേഷണ വിവരങ്ങൾ വികസന ആവശ്യങ്ങൾക്കായി ലഭ്യ മാകുന്ന തരത്തിൽ ശേഖരിക്കപ്പെടുകയും വേണം.

ആദിവാസികൾക്കെതിരെ ഇന്നും നിലനിൽക്കുന്ന വിവിധ ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനായി നിയമപരമായ ഇടപെടലുകൾ ശക്തമാക്കുകയും നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുകയും ആണ് വേണ്ടത്. ആദിവാസി സംരക്ഷണത്തിന്റെ പേരിൽ ഈ വിഭാഗങ്ങളെ പൊതു സമൂഹത്തിൽ നിന്നും ഗവേഷകരിൽ നിന്നും മറ്റും അകറ്റുന്ന നടപടികൾ അവരെ കൂടുതൽ ഒറ്റ പ്പെടുത്തുകയാണ് ചെയ്യുക. ആദിവാസി വിഭാഗങ്ങളുടെ ഊരുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവരുടെ ഊരുകൂട്ടങ്ങളുടെയും ഗ്രാമസഭകളുടെയും അധികാരത്തെ അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്ന് പരിഷത്ത് ആവശ്യപെടുന്നു.

Categories: Updates