മനുഷ്യന്റെ ഉള്ളിലും ജീവിത പരിസരങ്ങളിലും മാലിന്യങ്ങള്‍ മാത്രം വിതയ്ക്കുന്ന പുത്തന്‍ വികസന സങ്കല്‍പ്പങ്ങള്‍ക്കും ഉപഭോഗ ഭ്രാന്തിനും എതിരെ ചെറുത്തു നില്‍പ്പിന്റെ ഹരിതവഴികള്‍ തുറക്കാനുള്ള ആഹ്വാനവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 30-ാമത് സംസ്ഥാന ശാസ്ത്രകലാജാഥ ഡിസം. 18 പ്രയാണം പൂര്‍ത്തിയാക്കി. ഡിസംബര്‍ 3-ാം തീയതി കാസര്‍ഗോഡ് ജില്ലയിലെ മുന്നാട് നിന്നും ഇടുക്കിയിലെ പൈനാവില്‍ നിന്നും പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ നിന്നും പര്യടനം ആരംഭിച്ച കലാജാഥകള്‍ 200 ഓളം കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചതിനു ശേഷമാണ് ആലപ്പുഴയിലെ കുത്തിയതോട്ടിലും പാലക്കാട് കുനിശ്ശേരിയിലും മലപ്പുറത്ത് പൊന്നാനിയിലും സമാപിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ള 50 ഓളം കലാകാരന്മരാണ് 3 ജാഥകളിലായി പരിപാടികള്‍ അവതരിപ്പിച്ചത്, പരിഷത്ത് ഈ വര്‍ഷം ഏറ്റെടുത്ത വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായിരുന്നു കലാജാഥകള്‍. ഗ്രാമ പ്രദേശങ്ങളിലും നഗര കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ചാണ് കലാജാഥ സമാപിക്കുന്നത്. ശാസ്ത്ര കലാജാഥകളിലെ മുന്‍ അംഗവും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന മുല്ലനേഴിക്കാണ് ഇത്തവണത്തെ കലാജാഥ സമര്‍പ്പിച്ചത്.കാര്‍ഷിക വൃത്തിയില്‍ നിന്നും സംസ്‌കാരങ്ങള്‍ നെയ്‌തെടുത്ത കേരളത്തിന്റെ ഇന്നലകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന ഇന്നത്തെ മലയാളിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവെച്ചാണ് ജാഥാപരിപാടികള്‍ മുന്നേറിയത്. ഭൂമിയുടെ കിടപ്പും പാരിസ്ഥിതിക സവിശേഷതകളും നശിപ്പിച്ച് അതിനെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍, ആങ്ങളമാരില്ലാതെ ഒറ്റപ്പെടുന്ന കേരള സ്ത്രീയുടെ വിഹ്വലതകള്‍, മലയാള ഭാഷയേയും തനതു സംസ്‌കാരത്തേയും വികലമാക്കുന്ന വിദ്യാഭ്യാസ മാധ്യമ രംഗങ്ങള്‍, മദ്യത്തിലും അന്ധവിശ്വാസങ്ങളിലും മുങ്ങിത്താഴുന്ന കേരളത്തിന്റെ ചിത്രങ്ങള്‍ തുടങ്ങിവ കരളില്‍ തറയ്ക്കുന്ന ആവിഷ്‌ക്കാരങ്ങളിലൂടെ ശാസ്ത്രകലാജാഥ വരച്ചു കാട്ടുന്നു. ഈ വഴി വിനാശത്തിന്റേതാനെന്ന മുന്നറിയിപ്പിലൂടെ നിലനില്‍പ്പിന്റെ ഒരു പുതിയവഴി തുറക്കേണ്ടിയിരിക്കുന്നു എന്ന ആഹ്വാനത്തോടെയാണ് ജാഥാ പരിപാടികള്‍ പൂര്‍ണ്ണമാകുന്നത്.”ഈച്ചെറു കൈത്തിരി ഇരുളില്‍ നെഞ്ചില്‍ കുത്തിനിറുത്തുകയായ്…. മറ്റൊരു കേരളമെന്ന കിനാവ് ഇത്തിരിവെട്ടത്തില്‍ പുലരേണം”… എന്ന ഈരടികളുമായി കയ്യിലേന്തിയ പന്തങ്ങളുമായി ജാഥാംഗങ്ങള്‍ സദസ്സിലേക്കിറങ്ങുമ്പോള്‍ ജനമനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ ചൂടും വെളിച്ചവും അസ്വസ്തതകള്‍ ഉണര്‍ത്തുന്നു. എം. എം. സചീന്ദ്രന്‍, എന്‍. വേണുഗോപാലന്‍ എന്നിവരുടേതാണ് മുഖ്യ രചന. കുരീപ്പുഴ ശ്രീകുമാര്‍, പി. കെ. ഗോപി, ഏഴാച്ചേരി രാമചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനും തുടങ്ങിയവരുടെ രചനകളും അവലംബിച്ചിരിക്കുന്നു. ജനുവരി 14 ന് തിരുവനന്തപുരത്തുനിന്നും കാസര്‍ക്കോടുനിന്നും ആരംഭിച്ച് 30 ന് ആലുവയില്‍ സമാപിക്കുന്ന “വേണം മറ്റൊരു കേരളം പദയാത്രയുടെ” ഭാഗമായി കലാജാഥാപരിപാടികള്‍ തുടര്‍ന്ന് അവതരിപ്പിക്കും.

Categories: Updates