ഹയര്‍സെക്കന്ററി അധ്യാപകരെ
അനവസരത്തില്‍ സ്ഥലം മാറ്റരുത്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ അധ്യാപകരെ സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു. സാധാരണഗതിയില്‍, കുട്ടികളുടെ പഠനത്തിന് തടസ്സമാകാത്ത രീതിയില്‍ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ ആണ് ഈ സ്ഥലം മാറ്റം നടക്കേണ്ടിയിരുന്നത്. അതിനുപകരം വര്‍ഷാന്ത്യപരീക്ഷ തുടങ്ങാന്‍ കേവലം ഒരുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ നടത്താനുദ്ദേശിക്കുന്ന സ്ഥലം മാറ്റം തികച്ചും അനവസരത്തിലാണ്. ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 10നും എഴുത്തുപരീക്ഷ മാര്‍ച്ച് 9നും ആരംഭിക്കുകയാണ്. അതിനു മുമ്പായി ഫെബ്രുവരി മാസത്തില്‍തന്നെ മോഡല്‍ പരീക്ഷയും നടക്കേണ്ടതുണ്ട്. അതോടൊപ്പം നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി നല്‍കേണ്ട CE സ്‌കോറും ക്രോഡീകരിച്ചു നല്‍കേണ്ട സമയമാണിത്. ഒരു അക്കാദമിക് വര്‍ഷം മുഴുവനും കുട്ടികളെ നിരന്തരമായി വിലയിരുത്തി സ്‌കോര്‍ നല്‍കിക്കൊണ്ടിരുന്ന അധ്യാപകരെ സ്ഥലം മാറ്റി പകരം പുതിയ അധ്യാപകരെ നിയമിക്കുന്നത് നിരന്തരമൂല്യനിര്‍ണയത്തിന്റെ അന്തസ്സത്തതന്നെ ചോര്‍ന്നുപോകുവാന്‍ ഇടയാക്കുന്നു. പല വിദ്യാലയങ്ങളിലും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ സ്ഥലം മാറ്റപ്പെട്ട അധ്യാപകരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ പോകുന്ന സാഹചര്യവും ഉണ്ടാകുമെന്നാണ് മുന്‍കാല അനുഭവം തെളിയിക്കുന്നത്. പരീക്ഷയ്ക്കുവേണ്ട അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന ഈ സമയത്ത് ക്ലാസ്സ് മുറിയില്‍ അധ്യാപകര്‍ ഇല്ലാതെ വരുന്നത് കുട്ടികളോട് കാണിക്കുന്ന അനീതിയും ക്രൂരതയും മാത്രമല്ല കുട്ടികളുടെ അവകാശത്തിന്റെ നിഷേധവുമാണ്. എയിഡഡ് വിദ്യാലയങ്ങളില്‍ ഇത്തരം അവസ്ഥ നിലവിലില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാകുന്നതിനും ഇത് കാരണമാകും.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം പാഠപുസ്തകങ്ങള്‍ മാറുന്നതിനൊപ്പം നടക്കേണ്ട അധ്യാപകപരിശീലനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ്. വര്‍ഷാവസാനം നടത്തുന്ന അധ്യാപകപരിശീലനം ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ഒരുദിവസത്തെ ക്ലസ്റ്റര്‍ മീറ്റിംഗും ഈ മാസംതന്നെ നടത്താന്‍ ആലോചിക്കുന്നു എന്നാണ് അറിയുന്നത്. അധ്യാപകസ്ഥലം മാറ്റം മൂലം അനവസരത്തില്‍ നടക്കുന്ന അധ്യാപകപരിശീലനവും ക്ലസ്റ്റര്‍മീറ്റിംഗും വേണ്ടരീതിയില്‍ നടക്കുകയില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പരീക്ഷാസമയത്ത് കുട്ടികളുടെ അധ്യയനസമയം നഷ്ടപ്പെടുത്തിക്കൊണ്ട് അവര്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അധ്യാപക സ്ഥലംമാറ്റ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും പഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയില്‍ സ്ഥലംമാറ്റം മധ്യവേനലവധിക്കാലത്തുതന്നെ നടപ്പിലാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.

ഡോ. കെ.പി. അരവിന്ദന്‍
പ്രസിഡന്റ്

പി.മുരളീധരന്‍
ജനറല്‍സെക്രട്ടറി

Categories: Updates