കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ ജനകീയവിദ്യാഭ്യാസ പരിപാടിയായ​​ ശാസ്ത്രകലാജാഥകള്‍ ആരംഭിക്കുകയാണ്. കേരളം മണ്ണും മനസ്സും എന്നതാണ് ഈ വര്‍ഷത്തെ ജാഥയുടെ കേന്ദ്ര ആശയം. ഇതില്‍ മണ്ണ് എന്നത് നമ്മുടെ ഭൗതികസമ്പത്തും, മനസ്സ് വൈജ്ഞാനിക സാംസ്‌കാരിക മണ്ഡലവുമാണ്. ഭൗതികസമ്പത്തില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ഭൗതികവിഭവങ്ങളും അടങ്ങുന്നു. പ്രകൃതിദത്തവിഭവങ്ങളെ അധ്വാനത്തിലൂടെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് അടിസ്ഥാനാവശ്യങ്ങളും ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള മനുഷ്യനിര്‍മിത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെ വികസനപ്രവര്‍ത്തനങ്ങള്‍ എന്ന് പറയാം. അടിസ്ഥാനാവശ്യങ്ങളും ആഡംബരാവശ്യങ്ങളും വര്‍ധിച്ചതോതില്‍ തൃപ്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ വികസനപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. പ്രകൃതിദത്തവിഭവങ്ങള്‍ വന്‍തോതില്‍ ധൂര്‍ത്തടിച്ചാണ് ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് വികസനം എന്നതിനെക്കുറിച്ച് നിലനില്‍ക്കുന്ന കാഴ്ച്ചപ്പാടിന്റെ പരിമിതികളും പോരായ്മകളുമാണ് ഇതിന്റെ കാരണം. കോടികള്‍ ചെലവാക്കുന്ന പദ്ധതികളും ടൂറിസ്റ്റ് വ്യവസായങ്ങളും വന്‍കിടമാളുകളും അതിവേഗപാതകളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് നിലവിലുള്ള വികസനത്തിന്റെ അടയാളങ്ങള്‍. ഇതിന്റെ ഫലമായി വരുംതലമുറകള്‍ക്ക് അവരുടെ അടിസ്ഥാനാവശ്യങ്ങള്‍പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതെ വരും. പ്രകൃതിദത്ത ഭൂമിയെ നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ വരുംതലമുറക്ക് കൈമാറാന്‍ നാം ബാധ്യസ്ഥരാണ്.
പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളെല്ലാംതന്നെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നത്. എന്തും ചൂഷണം ചെയ്യാനും കൊള്ളചെയ്യാനും ലാഭം നേടാനുമുള്ളതാണെന്ന മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ഈ വികസനകാഴ്ചപ്പാട്. യുക്തിചിന്തയെയും ശാസ്ത്രീയമനോഭാവത്തെയും പൂര്‍ണമായി ഇല്ലാതാക്കിയാലേ ലാഭാധിഷ്ഠിത വികസനമോഹം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും കഴിയുകയുള്ളൂ എന്ന് ഈ വികസനവഴിയുടെവക്താക്കള്‍ക്ക് അറിയാം. എല്ലാവിധ പ്രചാരണോപാധികളും അതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. വര്‍ഗീയതയുടെയും ഫാസിസ്റ്റ് മനോഭാവത്തിന്റെയും ആശയങ്ങള്‍ ആസൂത്രിതമായി മനുഷ്യമനസ്സിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. സാമ്രാജ്യത്വവും വര്‍ഗീയഫാസിസവും കൈകോര്‍ത്തുകൊണ്ട് സാമൂഹികജീവിതത്തെ ദുരിതത്തിലേക്കും അന്ധകാരത്തിലേക്കും നയിക്കുമ്പോള്‍ അതിനെതിരെ പോരാടേണ്ട ശക്തികളെ ദുര്‍ബലമാക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സവിശേഷമായ ഒരു സാമൂഹിക പരിതസ്ഥിതിയിലാണ് കേരളത്തിന്റെ മണ്ണും മനസ്സും സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രകലാജാഥകള്‍ സംഘടിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ കലാജാഥയുടെ തിരക്കഥ കരിവെള്ളൂര്‍ മുരളിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത നാടകസംവിധായകനായ മനോജ് നാരായണന്‍ സംവിധാനവും, കോട്ടക്കല്‍ മുരളി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് ജാഥകള്‍ നടക്കുന്നത്. എറണാകുളം ജില്ലാ ജാഥ ജനുവരി 21ന് ഇടപ്പള്ളി -ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രസിദ്ധ തിരക്കഥാകൃത്ത് ജോണ്‍പോളും കണ്ണൂര്‍ ജില്ലാജാഥ ജനുവരി 24ന് പാനൂരില്‍ ഡോ.ബി.ഇക്ബാലും കോഴിക്കോട് ജില്ലാജാഥ വെള്ളിക്കുളങ്ങരയില്‍ എം.മുകുന്ദനും തൃശ്ശൂര്‍ ജില്ലാജാഥ വില്ലടത്തുവെച്ച് പ്രശസ്ത നാടകപ്രവര്‍ത്തക ശ്രീജ ആറങ്ങോട്ടുകരയും ഉദ്ഘാടനം ചെയ്യും.

പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി

Categories: Updates