കേരളത്തില്‍ നെല്‍പ്പാടങ്ങള്‍ ചുരുങ്ങി വരുന്നതിനെച്ചൊല്ലി നാം ഉല്‍ക്കണ്ഠപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ സുരക്ഷയ്ക്ക് വെളിയില്‍ നിന്നും ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാമെന്നും അതു വാങ്ങാനുള്ള പണം കൈയില്‍ ഉണ്ടായാല്‍ മതിയെന്നും കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും പ്രധാന മന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ മൊണ്ടേഗ്‌സിംഗ് അഹ്‌ലുുവാലിയ ഉപദേശിച്ചിരിക്കുന്നു. ഭൂമിയുടെ പരിമിതി അനുഭവിക്കുന്ന കേരളം  കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന വ്യവസായങ്ങള്‍ക്കും ടൂറിസത്തിനും ആണ് ഉള്ള ഭൂമി വിനിയോഗിക്കേണ്ടത് എന്നാണദ്ദേഹത്തിന്റെ മതം.
കേരളത്തില്‍ അവശേഷിക്കുന്ന രണ്ടര ലക്ഷം ഹെക്ടര്‍ നെല്‍പ്പാടം കൊണ്ട് നമുക്കാവശ്യമുള്ള അരി മുഴുവന്‍ ഉണ്ടാക്കാം എന്ന് ആരും കരുതുന്നുണ്ടാവില്ല. നമുക്കാവശ്യമുള്ള നാല്‍പതു ലക്ഷം ടണ്ണോളം അരിയില്‍ കഷ്ടിച്ച് എട്ടു ലക്ഷം ടണ്ണ് മാത്രമേ നാം ഇവിടെ ഉണ്ടാക്കുന്നുള്ളൂ. ഈ അടിത്തറ എത്രമാത്രം വിപുലമാക്കാമോ, അത്രത്തോളമാവും നമ്മുടെ ഭക്ഷ്യസുരക്ഷ. ഇറക്കുമതി ചെയ്ത അരി വാങ്ങാന്‍ കയ്യില്‍ കാശുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷയായി എന്നത് അപകടകരമായ ചിന്തയാണ്. അറുപതുകളില്‍ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ അരിക്ഷാമം ഉണ്ടായപ്പോള്‍ അവര്‍ കേരളത്തിലേക്കുള്ള അരിക്കടത്തു തടഞ്ഞതും ഇവിടെ രൂക്ഷമായ ഭക്ഷ്യക്ഷാമവും ലഹളയും കൊള്ളയും പോലും ഉണ്ടായതും ഓര്‍മയുള്ളവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. കാശുണ്ടെങ്കില്‍ എവിടെ നിന്നുവേണമെങ്കിലും അരി കൊണ്ടു വരാം എന്നുള്ള അവസ്ഥയൊക്കെ മാറാന്‍ ഒറ്റ വരള്‍ച്ച മതി എന്നു മറക്കരുത്. അതുകൊണ്ടുതന്നെ ഉള്ള നെല്‍പ്പാടം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാനം ആണെന്നതിനെ ചോദ്യം ചെയ്യാനാവില്ല.

നെല്‍പാടം സംരക്ഷിക്കുന്നത് ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി മാത്രമാണ് എന്നതും തെറ്റായ ഒരു ധാരണയാണ്. നെല്‍വയലുകള്‍ ജൈവവൈവിധ്യം നിറഞ്ഞ ഒരു ആവാസ വ്യവസ്ഥയാണ്. മഴവെള്ളം കെട്ടി നിര്‍ത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിക്കുന്ന തണ്ണീര്‍ത്തടമാണിത്. മഴക്കാലത്ത് പല നദികളുടെയും വെള്ളപ്പൊക്ക കെടുതി ഉള്‍ക്കൊള്ളുന്ന ‘ഫ്‌ളഡ് പ്ലെയിന്‍’ ആണത്. കുളിര്‍ കാറ്റും ശൂദ്ധവായുവും പ്രദാനം ചെയ്ത് അത് പ്രാദേശിക കാലാവസ്ഥയെയും സമീകരിക്കുന്നു. വയല്‍ നികത്തിയ സ്ഥലങ്ങളിലെല്ലാം താമസിയാതെ ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടാറുള്ളത് വെറുതെയല്ല. ഈ കാരണങ്ങള്‍ കൊണ്ട് വ്യവസായവല്‍ക്കരണവും സ്ഥല ദൗര്‍ലഭ്യവും കൊണ്ട് വീര്‍പ്പുമുട്ടുന്ന ജപ്പാന്‍സ്‌പെയിന്‍ മുതലായ രാജ്യങ്ങള്‍ പോലും പൊതുപണം ചെലവാക്കി നെല്‍വയല്‍ സംരക്ഷിക്കുകയും കര്‍ഷകരെ സംരക്ഷിക്കുകയും ചെയ്യുകയെന്നത് ഒരു ദേശീയനയം ആയി അംഗീകരിച്ചിട്ടുണ്ട് എന്നത് ചിന്തനീയമാണ്. സര്‍വോപരി, വിശാലമായ നെല്‍വയലുകളും ഇടതൂര്‍ന്ന നാളികേരത്തലപ്പുകളും അല്ലേ കേരളക്കാഴ്ചയുടെ മുഖമുദ്രകള്‍? ഇതുകാണാനല്ലേ ടൂറിസ്റ്റുകള്‍ ഇവിടെ കൂട്ടംകൂട്ടമായി എത്തുന്നത്? അല്ലാതെ പാശ്ചാത്യ ലോകത്തെ നിശാക്ലബുകളുടെ വികൃത അനുകരണങ്ങള്‍ കാണാനോ, അവിടെ കിട്ടാത്ത മദ്യം കുടിച്ച് മദിച്ചു മറിയാനോ അവിടെങ്ങും കാണാത്ത ഗോള്‍ഫ് കളിക്കാനോ ആണോ?. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ പലരും പ്രതീക്ഷയര്‍പ്പിക്കുന്ന ടൂറിസം പോലും ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ ഇവിടത്തെ കായലുകളും വിശാലമായ നെല്‍വയലുകളും നിലനിന്നേ മതിയാവൂ.

 

അഹ്‌ലുവാലിയക്ക് ഇതൊക്കെ പറഞ്ഞിട്ട് പോകാം. ഇവിടെ കഴിയേണ്ടത് നമ്മളും നമ്മുടെ കുട്ടികളും അവരുടെ പരമ്പരകളും ആണ്. അവരുടെ ഭാവി അപകടപ്പെടുത്തുന്ന ഇത്തരം ഉപദേശങ്ങള്‍ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം പൂര്‍ണ മനസ്സോടെ നടപ്പാക്കണമെന്നും ഞങ്ങള്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ആവശ്യപ്പെടുന്നു.   

 

കെ ടി രാധാകൃഷ്ണന്‍

 

പ്രസിഡന്റ്

 

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates