പശ്ചിമ ഘട്ടം സംരക്ഷിക്കുന്നതിനു വേണ്ടിയും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കേരളത്തിന്റെ പല ഭാഗങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളും നിരവധി സംവാദങ്ങളും ചര്‍ച്ചായോഗങ്ങളും വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷയ്ക്കും ജനജീവിതസുരക്ഷയ്ക്കുമായുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്ക്കൊയള്ളുന്നതാണ് ഈ റിപ്പോര്‍ട്ട് എന്നുള്ളത് കൊണ്ട് ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ പലയിടത്തും അതിക്രമങ്ങള്‍ അരങ്ങേറുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് കൈവേലിയില്‍ നടന്ന സംഭവം. ആശയപരമായ ചര്‍ച്ചകള്‍ക്ക് പകരം കായികമായും ആയുധബലം കൊണ്ടും നേരിടുകയും ജീവഹാനിവരെ സംഭവിക്കുകയും ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇത് ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. അക്രമങ്ങളെ നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഒപ്പം ഈ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ച് പശ്ചിമഘട്ട സംരക്ഷണത്തിന് ശാസ്ത്രീയമായും ജനകീയവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ. എന്‍.കെ. ശശിധരന് പിള്ള വി.വി. ശ്രീനിവാസന്
പ്രസിഡന്റ്
ജനറല്‍ സെക്രട്ടറി