കൊച്ചി: ജപ്പാന് ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആണവപരിപാടി നിര്‍ത്തിവെയ്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചെര്‍ണ്ണോബില്‍ ദുരന്തത്തിന്റെ രജതജൂബിലി വര്‍ഷത്തിലാണ് അതിനേക്കാള്‍ ഗുരുതരമായ ആണവ ദുരന്തം ജപ്പാനില്‍ സംഭവിച്ചത്. ഫുക്കുഷിമ നഗരത്തിലെ ദായ്ചി ആണവ നിലയത്തിലെ നാല് റിയാക്ടറുകള്‍ തകരാറിലായി. സുനാമിമൂലം വൈദ്യുതി തകരാറ് സംഭവിച്ചതിനാല്‍ ആണവ നിലയത്തിലെ ശീതികരണ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതി എത്തിക്കാന്‍ കഴിയാത്തതുമൂലമാണ് അപകടമുണ്ടായത്. അപകടത്തിന്റെ തീവ്രത ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.
ഇന്ത്യയുടെ താരാപ്പൂര്‍ ആണവനിലയത്തിന് ദായ്ചിയേക്കാള് പ്രായമുണ്ട്. പ്രായം കൂടുംതോറും അപകട സാദ്ധ്യതയും കൂടും. ലോകത്തെ മിക്ക റിയാക്ടറുകളും ഏതാനും വര്‍ഷം മാത്രം പ്രായമുള്ളകാലത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അവയുടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയത്. എന്നാല്‍ ഇന്ന് അവയെല്ലാം ഏറെ പ്രായമായവയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്ന പലസുരക്ഷാ നിര്‍ദ്ദേശങ്ങളും അപര്യാപ്തമായിക്കഴിഞ്ഞു. ഇന്ത്യയില്‍ താരാപ്പൂര്‍ മാത്രമല്ല, രാജസ്ഥാനിലേയും റിയാക്ടറുകള്‍ പഴക്കം ചെന്നവയാണ്.
മഹാരാഷ്ട്രയിലെ ജേധാപ്പൂരില് ഇപ്പോള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആണവനിലയത്തില്‍ ഇതേവരെ ഒരു പ്രവര്‍ത്തനാനുഭവവും ഇല്ലാത്ത, നാലാം തലമുറയില്പ്പെട്ടതെന്ന് അവകാശപ്പെടുന്ന, അരേവ റിയാക്ടറുകളാണ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്രാന്‍സ് -അമേരിക്ക കൂട്ടുസ്ഥാപനമാണ് അരേവ. ഈ റിയാക്ടറുകളുടെ സുരക്ഷയെക്കറിച്ച് ഒട്ടേറ സംശയങ്ങള്‍ ഡിസൈന്‍ ഘട്ടത്തില്‍ തന്നെ ഉയര്ത്തപ്പെട്ടിട്ടുള്ളതാണ്. 1600 മെഗാവാട്ട് ശേഷിയുള്ള ഒരു നിലയത്തിന് 33000 കോടി രൂപയാണ് ചെലവ്. കല്‍ക്കരി ഉപയോഗിച്ച് ഇതേശേഷിയുള്ള നിലയം സ്ഥാപിക്കാന്‍ 8000- 9000 കോടി രൂപ മതിയാകും ആണവ നിലയം സ്ഥാപിക്കാനെടുക്കുന്നതിന്റെ പകുതി സമയം കൊണ്ട് ഇന്ത്യന്‍ സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിച്ച് അത് നിര്‍മ്മിക്കാനാകും. ഇത് ആഗോളതാപനം വര്‍ദ്ധിപ്പിക്കുമെന്ന വാദത്തിലും യഥാര്‍ത്ഥത്തില്‍ കഴമ്പില്ല. മുപ്പതിനായിരമോ, നാല്‍പ്പതിനായിരമോ മെഗാവാട്ട് ശേഷിയുള്ള താപനിലയങ്ങള്‍ സ്ഥാപിച്ചാല്‍പ്പോലും അതുപുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് വികസിത രാജ്യങ്ങള്‍ പുറത്തുവിടുന്നതിന്റെ അരശതമാനം പോലും വരില്ല.
ഇന്തോ-അമേരിക്കന്‍ ആണവകരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് കൂടുതല്‍ റിയാക്ടറുകള്‍ ഇറക്കുമതിചെയ്ത് ഇന്ത്യന്‍ ആണവപരിപാടി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഊര്‍ജ്ജസുരക്ഷയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലും ജനജീവിതസുരക്ഷയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലും ഇന്ത്യയില്‍ പുതിയ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നത് വിവേകരഹിതമായ നടപടിയാണ്. അതിനാല്‍ പുതിയ ആണവ നിലയങ്ങളുടെ നിര്‍മ്മാണവും പഴയവയുടെ വിപുലീകരണവും ഉടന്‍ നിറുത്തിവെയ്ക്കണം. ആണവോര്‍ജ്ജത്തിന്റെ സാങ്കേതിക, സാമ്പത്തിക, സുരക്ഷാ വശങ്ങളെക്കുറിച്ച് ശാസ്ത്രരംഗത്ത് കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചയ്ക് തുടക്കം കുറിക്കണമെന്നും പരിഷത് പ്രസിഡന്റ് കെ.ടി രാധാകൃഷ്ണനും ജന: സെക്രട്ടി ടി.പി ശ്രീശങ്കറും ആവശ്യപ്പട്ടു.