​SCERT​
പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം വളരെ താഴ്ന്നിരിക്കുന്നു എന്ന് കണക്കുകള്‍ സഹിതം ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ആശങ്കാജനകമാണ്. എന്നാല്‍ ഇപ്പോള്‍ SCERT വിശദീകരിച്ചിരിക്കുന്നത് പഠനഫലം വ്യത്യസ്ഥമാണെന്നും പിന്നോക്കമെന്ന് സൂചിപ്പിച്ച വിഷയങ്ങളിലെ നിലവാരം മെച്ചമാണെന്നുമാണ്. ഈ വിശദീകരണം ഫലത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.
2011 – 12 വരെ എന്‍.സി.ഇ.ആര്‍.ടി യുടെയും അസറിന്റേതുമായി (​​ASER) വന്നിരുന്ന പഠനറിപ്പോര്‍ട്ടുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മിക്ക മേഖലകളിലും ദേശീയതലത്തില്‍ മുന്‍പന്തിയിലാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതു കണ്ടില്ലെന്നുനടിച്ചാണ് അസീസ് കമ്മിറ്റി ശുപാരശപ്രകാരം കേരളത്തിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ള സംസ്ഥാനസര്‍ക്കാര്‍ അടിമുടി മാറ്റിയത്. കേരളത്തിലെ വിദ്യാഭ്യാസനിലവാരം അന്തര്‍ദേശീയനിലവാരത്തിലേക്കുയര്‍ത്താന്‍ പര്യാപ്തമാകണമെന്നു പറഞ്ഞുകൊണ്ടാണ് പലമാറ്റങ്ങളും വരുത്തിയത്. പഠനനേട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടും പഠനത്തിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും രീതിശാസ്ത്രം തിരുത്തിയെഴുതിയുമാണ് എസ്.സി.ഇ.ആര്‍.ടി സര്‍ക്കാറിനുവേണ്ടി പല പൊളിച്ചെഴുത്തുകളും നടത്തിയത്.
പക്ഷേ 2014 ലും മറ്റും വന്ന എന്‍.സി.ഇ.ആര്‍.ടി പഠനവും ​​ASER പഠനവും കേരളം മുന്‍ നിലവാരത്തില്‍ നിന്നും പുറകോട്ട് പോയതായി സൂചിപ്പിച്ചു. എന്നാല്‍ സര്‍ക്കാരാകട്ടെ, അതൊരു താത്ക്കാലികപ്രതിഭാസമാണെന്ന മട്ടില്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോയി. ക്ലസ്റ്ററുകള്‍ ഇല്ലാതാക്കിയും മോണിറ്ററിംഗ് ദുര്‍ബലപ്പെടുത്തിയും വേണ്ടപ്പെട്ടവരെ പലയിടത്തും കുത്തിനിറച്ചും പൊതുസംവിധാനങ്ങളെ നോക്കുകുത്തികളാക്കിയും പാഠപുസ്തകവിതരണം വൈകിച്ചും പൊതുവിദ്യാലയങ്ങളില്‍ അനധികൃത ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകള്‍ നടത്തിയും നിയമനങ്ങള്‍ കാലാകാലം നടത്താതെയും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പല നടപടികളും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇക്കാലത്ത് അടിക്കടി ഉണ്ടായപ്പോള്‍ അവ പൊതുവിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക പൊതുസമൂഹത്തില്‍ പരക്കെ ഉയരുകയുണ്ടായി.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ പഠനം ആരാണ് നടത്തിയത്? ടെഅ ആണെങ്കില്‍ scert യുടെ റോള്‍ എന്തായിരുന്നു? സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം കൊടുക്കുന്ന ഡയറ്റുകളാണോ പഠനം നടത്തിയത്? പഠനത്തിനുപയോഗിച്ച ടൂള്‍, സാമ്പിള്‍ എന്നിവ എന്തായിരുന്നു? ഇവയെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ട്.
പൊതുവിദ്യാലയത്തില്‍ കുട്ടികളെ അയക്കുന്ന രക്ഷിതാക്കളെയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും ഞെട്ടിക്കുന്ന ഈ പഠന റിപ്പോര്‍ട്ട് scert പ്രസിദ്ധീകരിക്കണം. ഇതില്‍ കണ്ടെത്തിയ വസ്തുതകള്‍ ശരിയെങ്കില്‍, കഴിഞ്ഞ നാലുവര്‍ഷമായി സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നിലവാരമുയര്‍ത്തല്‍ പ്രക്രിയ പുനഃപരിശോധനയ്ക്കു വിധേയമാക്കണം. മറ്റുപലകാരണങ്ങളാല്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയത് മറച്ചുവച്ച് നിലവാരമുയര്‍ത്തുന്നതുകൊണ്ടാണ് അതെന്ന് മേനിനടിച്ച സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്ന ഈ പഠനത്തിന്റെ നിജസ്ഥിതി ഗൗരവമേറിയ അന്വേഷണത്തിനു വിധേയമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു.

ഡോ.കെ.പി. അരവിന്ദന്‍ പി. മുരളീധരന്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി

Categories: Updates