അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ കൂടംകുളം ആണവനിലയത്തിൽ ആദ്യ യൂണിറ്റ് കമ്മീഷൻ ചെയ്യാനും വൈദ്യുതോല്പാദനം ആരംഭിക്കാനും ഉള്ള തീരുമാനം അങ്ങേയറ്റം ആശങ്കാജനകകവും പ്രതിഷേധാർഹവുമാണ്. ആദ്യപടി എന്ന നിലയിൽ റിയാക്ടർ ക്രിട്ടിക്കൽ ലെവലിലേക്ക് എത്തിക്കുന്ന പ്രക്രിയ തിടുക്കത്തിൽ ആരംഭിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പ്രദേശവാസികളും ഇന്ത്യൻ ശാസ്ത്രസമൂഹവും വിവിധ ജനകീയപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകളൊന്നും പരിഗണിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
നിലയത്തിന്റെ പ്രവർത്തനം ചില ഉപാധികൾക്ക് വിധേയമായി പ്രവർത്തിപ്പിക്കാൻ അനുമതി കൊടുക്കവേ, ജനങ്ങളുടെ സുരക്ഷയാണ് അവിടെ ചെലവാക്കി കഴിഞ്ഞ പണത്തേക്കാൾ പ്രധാനം എന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. പ്രസ്തുത വിധിയിൽ പോലും ആ നിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ചില സമീപകാല വെളിപ്പെടുത്തലുകൾ കണക് കിലെടുത്തിട്ടുണ്ടായിരുന്നില്ല. അതിനുള്ള അവസരം കോടതിക്ക് ലഭിച്ചിരുന്നില്ല എന്നാണ് കാണുന്നത്. നിലയത്തിന് വേണ്ട റിയാക്ടറിന്റെ ചില സുപ്രധാന ഘടകങ്ങൾ നിർമ്മിച്ചു നൽകിയ റഷ്യൻ കമ്പനിയുടെ മേധാവി ഗുണനിലവാരം കുറഞ്ഞ മെഷീൻ ഘടകങ്ങളുംമെറ്റീരിയലുകളും മനപ്പൂർവം വാങ്ങിനൽകിയ അഴിമതിക്കുറ്റത്തിന് റഷ്യയിൽ അറസ്റ്റ്ചെയ്യപ്പെട്ടിരിക്കുകയാണ്. ആ കമ്പനി വിതരണം ചെയ്ത ഘടകങ്ങൾ ഉൾപ്പെട്ട റിയാക്ടറുകൾ ചൈനയിലും ഇറാനിലും പുന:പരിശോധനക്ക് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതു പോലെ തന്നെ റഷ്യൻ നിർമ്മിതറിയാക്ടറുകളുടെ ചില കൺട്രോൾ വാൽവുകളിലും തകരാറുകൾ ഇതിനകം തന്നെ ദൃശ്യമായിട്ടുണ്ട്. പക്ഷേ ഇതൊന്നും നമ്മെ ബാധിക്കില്ല എന്ന തികച്ചും നിരുത്തരവാദപരമായ നിലപാടാണ് ഇന്ത്യൻ ആണവ അധികാരികൾ കൈക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതി തന്നെ നിഷ്കർഷിച്ചിട്ടുള്ള മറ്റൊരു പ്രശ്നം, പ്രവർത്തനം കഴിഞ്ഞ ന്യൂക്ലിയർ ഇന്ധനം റിയാക്ടർ പരിസരത്ത് സൂക്ഷിക്കാതെ യുക്തമായ വിധത്തിൽ നിർമാർജ്ജനം ചെയ്യണമെന്നാണ്. ആണവറിയാക്ടറുകൾ പ്രവർത്തനം തുടങ്ങിഅരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ലോകത്തൊരിടത്തും ആണവ അവശിഷ്ടങ്ങൾ തൃപ്തികരമായി മറവു ചെയ്യാനുള്ള സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശം ഏതു വിധത്തിലാവുംപാലിക്കപ്പെടുന്നത് എന്നത് സംശയകരമാണ്. ചുരുക്കത്തിൽ കോടതിയെ ബോധിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്തെന്ന് വരുത്തി റിയക്ടർ കമ്മീഷൻ ചെയ്യുക എന്നതാണ് അധികാരികളുടെ ലക്ഷ്യം.ലോകത്ത് സാങ്കേതികമായി ഏറെ മുന്നേറിയിട്ടുള്ള പല വികസിതരാജ്യങ്ങൾ പോലും ആണവ വൈദ്യുതിയിൽ നിന്ന് പിന്മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനേയും സുരക്ഷയേയും തൃണവൽഗണിച്ച് കൂടംകുളം ആണവനിലയവുമായി മുന്നോട്ട് പോകാനുള്ള ശ്രമം അത്യന്തം ഹീനവും നിന്ദ്യവുമാണ്. ആയതിനാൽ കൂടംകുളം ആണവനിലയത്തിനെ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കംഅടിയന്തിരമായി പുന:പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ഇതിനായി പൊരുതുന്ന എല്ലാ ജനവിഭാഗങ്ങളോടും പ്രസ്ഥാനങ്ങളോടും പരിഷത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.കൂടംകുളം നിലയം പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പരിഷത്തിന്റെനേതൃത്വത്തിൽ നാളെ (15/07/13) സംസ്ഥാനവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കും.
ഡോ. എന് കെ ശശിധരന് പിള്ള ,പ്രസിഡന്റ്
വിവി ശ്രീനിവാസന് ജനറല് സെക്രട്ടറി