ടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത്
നമുക്കും കൂടി വേണ്ടി!
ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ചീമേനി ആണവനിലയത്തിനെതിരെ സമരം ചെയ്തത് ചീമേനിക്കാര്‍ മാത്രമായിരുന്നില്ല എന്ന് ഓര്‍ക്കുക. അത് നമ്മുടെ എല്ലാവരുടെയും സമരം ആയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കണം എന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ നമ്മുടെ നിയമസഭ പോലും പിന്നീട് അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായത്.
കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികള്‍ മാത്രമാണവര്‍. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യാ ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.
സൗരോര്‍ജം പവനോര്‍ജം മുതലായ ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് ജര്‍മനിപോലെ സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുന്ന ഇക്കാലത്ത്, ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശിയോടെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആണവപരിപാടിയുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്. ഈ ഉദ്യമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വാങ്ങണമെന്നും കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൂടംകുളത്ത് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സകലവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
കെ ടി രാധാകൃഷ്ണന്‍
പ്രസിഡന്റ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
(സംസ്ഥാന കമ്മിറ്റി)