കേരള ഭൂപരിസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് 2020 ജൂൺ 12 ലെ കേരള മൈനർ മിനറൽ കൺസഷൻസ് (രണ്ടാം ഭേദഗതി) ചട്ടം.

നിർമ്മാണ പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കുന്നതിനെന്ന പേരിൽ 2015 ലെ ചട്ടം 14 ആണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ചട്ടം 14 പ്രകാരം 300 ചതുരശ്രമീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യേണ്ടി വരുന്ന പക്ഷം അതിന്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിൽ നിന്നും പെർമിറ്റ് വാങ്ങണമായിരുന്നു. മാത്രമല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കൂടുതൽ അളവിൽ മണ്ണ് നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമായിരുന്നു. കൂടാതെ 2006 ലെ കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍(EIA) വിജ്ഞാപന പ്രകാരം 20,000 ചതുരശ്രമീറ്ററിന് മുകളില്‍ നിര്‍മ്മിത വിസ്തൃതിയുള്ള കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യണമെങ്കില്‍ അതിന് പാരിസ്ഥിതികാനുമതിയും പ്രത്യേകമായി വാങ്ങണമായിരുന്നു.

ഈ വ്യവസ്ഥകളെല്ലാം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ്, കെട്ടിടങ്ങൾ നിർമ്മിക്കുമ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി ഉത്തരവായത്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഒരു കെട്ടിട നിര്‍മ്മാണ പെര്‍മിറ്റോ അല്ലെങ്കില്‍ 2019 ലെ സൂക്ഷ്മ – ചെറുകിട – ഇടത്തരം സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമമനുസരിച്ച് വ്യവസായം തുടങ്ങുന്നതിനായുള്ള ഒരു അനുമതിയോ കൈവശമുള്ള ആര്‍ക്കും മറ്റ് അനുമതികളില്ലാതെ കെട്ടിട നിര്‍മ്മാണത്തിനായി യഥേഷ്ടം മണ്ണ് നീക്കം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

പഴയ ചട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ കുന്നുകളുള്ള സ്ഥലം വാങ്ങി നിരപ്പാക്കുകയും ആ മണ്ണുപയോഗിച്ച് നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുകയും ചെയ്ത അനവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഭൂമിശാസ്ത്ര പ്രത്യേകതകൾ പഠിക്കാതെയും മനസ്സിലാക്കാതെയുമുള്ള മണ്ണ്നീക്കങ്ങൾ അതത് പ്രദേശത്ത് ദൂരവ്യാപക ഫലങ്ങൾ ഉളവാക്കിയേക്കാം.

ഈ സാഹചര്യത്തിൽ മണ്ണ് കുഴിച്ചെടുത്ത് കടത്താൻ ഇനി യാതൊരു അനുമതിയും ആവശ്യമില്ലാതാക്കുന്നതിലൂടെ ശേഷിക്കുന്ന കുന്നുകളും നെൽവയലുകളും ചതുപ്പുനിലങ്ങളും നാമാവശേഷമാക്കുന്നതിലേക്ക് നയിക്കും എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആശങ്കപ്പെടുന്നു.

2006ലെ കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അനവധി ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വരുത്തിയിട്ടുണ്ട്.

2016 ജനുവരി 15 ന് പുറപ്പെടുവിച്ച S.O 141(E), ഡിസംബര്‍ 9 ന് പുറപ്പെടുവിച്ച SO 3999(E) എന്നീ വിജ്ഞാപനങ്ങളിലൂടെയാണ് 20,000 ചതുരശ്ര മീറ്ററിന് മേൽ നിര്‍മ്മിതവിസ്തൃതിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അടിത്തറ നിര്‍മ്മാണത്തിനും സ്ഥലം ഒരുക്കുന്നതിനും മറ്റുമായി മണ്ണ് നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന് പാരിസ്ഥിതിക അനുമതി വേണ്ടതില്ല എന്നും പ്രാദേശികമായി നല്‍കുന്ന കെട്ടിട നിര്‍മ്മാണ അനുമതി മതിയെന്നുമൊക്കെയുള്ള പരിഷ്കാരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.

എന്നാൽ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ എന്ന വ്യാജേന കെട്ടിട നിര്‍മ്മാണലോബികളെ വളഞ്ഞ വഴിയിലൂടെ സഹായിക്കലാണ് ഇതെന്ന് പ്രസ്താവിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഈ വിജ്ഞാപനവും എല്ലാ തുടര്‍ നടപടികളും 11-12-2018 ന് സ്റ്റേ ചെയ്തുവെന്ന് മാത്രമല്ല, ആ സ്റ്റേ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. അതസരിച്ച് ഇപ്പോൾ പ്രാബല്യത്തിലില്ലാത്ത 2016 ജനുവരി 15 ന്റെ S.O 141(E) വിജ്ഞാപന പ്രകാരം കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിനാവശ്യമായ പാരിസ്ഥിതികാനുമതി ഒഴിവാക്കിയിട്ടുണ്ട് എന്ന് തെറ്റായി വിശദീകരണം നൽകിക്കൊണ്ടാണ് ഖനനം സംബന്ധിച്ച ചട്ടം സംസ്ഥാന വ്യവസായ വകുപ്പ് ഭേദഗതി ചെയ്തിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിലെ മണ്ണ് നീക്കവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ദീപക് കുമാർ v/s സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലും കേരള ഹൈക്കോടതിയിലെ WP(C) 23251/16 കേസിലും മറ്റനവധി കേസുകളിലേയും ഉത്തരവുകളുടെ ലംഘനവുമാണ് ഇപ്പോഴത്തെ ചട്ട ഭേദഗതി.

രാജ്യത്തെ ഭവന നിര്‍മ്മാണ പദ്ധതികളുടെ പേരിലാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതെങ്കില്‍ , കേരള സര്‍ക്കാര്‍ ആ ഭേദഗതിക്കും അപ്പുറം കടന്ന് ഭവനനിര്‍മ്മാണത്തിന് പുറമേ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ആവശ്യത്തിലേക്ക് മണ്ണ് നീക്കം ചെയ്യുന്നതിനും അനുമതി കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. നിലനിന്നിരുന്ന നിയന്ത്രണങ്ങൾ കേരളത്തിലെ കെട്ടിട നിർമ്മാണ മേഖലയെയോ, വ്യവസായത്തെയോ പ്രതികൂലമായി ബാധിച്ചതിന് യാതൊരു തെളിവുമില്ലാതിരിക്കെ ‘ഈസി ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നതിന്റെ പേരില്‍ കൂടിയാലോചനകളൊന്നും നടത്താതെ തിരക്കുപിടിച്ച് ഈ ഭേദഗതി കൊണ്ടുവന്നതിന്റെ ഉദ്ദേശ്യ ശുദ്ധിയിലും പരിഷത്തിന് സംശയമുണ്ട്.

ദുർബലമായ ഭൂമിശാസ്ത്ര പ്രത്യേകതയുള്ള കേരളത്തിൽ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഭൂപരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങളെ അതീവ ശ്രദ്ധയോടെ പരിഗണിച്ച് കൂടുതൽ ശക്തമായ സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട അവസ്ഥയിൽ വേണ്ടത്ര പഠനങ്ങളും ആലോചനകളുമില്ലാതെ, ഉണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് പ്രളയാനന്തര നവകേരള നിർമ്മാണത്തിന് ഒട്ടും അനുഗുണമല്ല.

ഈ സാഹചര്യത്തിൽ 2015 ലെ കേരള മൈനർ മിനറൽ കൺസഷൻസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് ഉടൻ പിന്‍വലിക്കണമെന്നും കേരളത്തിലെ അവശേഷിക്കുന്ന കുന്നുകളും നെൽവയലുകളും ചതുപ്പുകളും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

എ.പി. മുരളീധരൻ
സംസ്ഥാന പ്രസിഡന്റ്
കെ. രാധൻ
ജനറൽ സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,
സംസ്ഥാന കമ്മിറ്റി.
21 ജൂൺ 2020

Categories: Articles