ഡോ.എം.എ. ഉമ്മന്‍ കേരളത്തെപ്പറ്റി പലപ്പോഴായി എഴുതിയ സാമ്പത്തികശാസ്ത്രസംബന്ധിയായ ആറ് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തെപ്പോലെ ഇത്രയേറെ പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഒരു ഭൂപ്രദേശം – സമൂഹം – ഭൂമുഖത്ത് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അവയില്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നന്നേ വിരളമാണ്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലേഖനസാഹാരം പ്രസിദ്ധീകരിക്കുന്നത്.
വികസനമെന്നാല്‍ യാതൊരു പാരിസ്ഥിതിക പരിഗണനയുമില്ലാതെ നിര്‍മിക്കുന്ന അണക്കെട്ടുകളും, ഹൈവേകളും, വിമാനത്താവളങ്ങളും, വിഴിഞ്ഞം- വല്ലാര്‍പാടം പോലുള്ള വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണെന്ന ധാരണ ശക്തിപ്പെട്ടുവരുന്ന വര്‍ത്തമാനകാല ദിശാബോധത്തിനെതിരെയുള്ള പൊതുനിലപാടാണ് ഈ ലേഖനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വികസന ദര്‍ശനം. പാപ്പരാകുന്ന ജീവിതങ്ങളുടെ പുനര്‍നിര്‍മാണവും സ്നേഹപൂര്‍ണമായ കരുതലും എല്ലാതരം പാരതന്ത്ര്യങ്ങളില്നിന്നുമുള്ള സ്വാതന്ത്ര്യവും, സമത്വവും, ജനപങ്കാളിത്തവും, സാമൂഹികമായ ഉള്ക്കൊള്ളലുമായിരിക്കണം സാകല്യമായ വികസനത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന നിലപാട് അവസാനത്തെ പ്രബന്ധത്തില്‍ സംശയാതീതമായി വെളിപ്പെടുത്തുന്നു.
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സമീപിക്കേണ്ടതിന് പകരം രാഷ്ട്രീയമായി സമീപിച്ചതിന്റെ അപകടം കേരളസമൂഹം പതുക്കെയാണെങ്കിലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രളയാനന്തരകേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് വികസനത്തെസംബന്ധിച്ച് പരിസ്ഥിതിസൗഹൃദവും സ്ത്രീപക്ഷപരിഗണനയുള്ളതുമായ ശാസ്ത്രീയനിലപാട് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. പ്രസ്തുതചര്ച്ചകള്ക്ക് ദിശാബോധം പകരുന്നതിന് ഈ ലേഖനസമാഹാരം ഉപകരിക്കുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.
1976 മുതല്‍ 2017 വരെയുള്ള നാല് പതിറ്റാണ്ടുകാലത്തിനിടയില്‍ ഓരോ പ്രതേ്യക സന്ദര്‍ഭത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ ലേഖനങ്ങള്‍ തെരഞ്ഞെടുത്തത് പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനാണ്. ഇംഗ്ലീഷിലെഴുതിയ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ശ്രീ.പി.കെ.ബാലകൃഷ്ണന്, ബിജീഷ് ബാലകൃഷ്ണന്, പ്രൊഫ.വി.ശ്രീജ എന്നിവരാണ്. ലേഖനസമാഹാരം പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്കിയ ഡോ.ഉമ്മനോടും പരിഭാഷ നിര്‍വഹിച്ച ബാലകൃഷ്ണന്, ബിജീഷ് ബാലകൃഷ്ണന്, പ്രൊഫ.ശ്രീജ, പ്രൊഫ.കുഞ്ഞിക്കണ്ണന് എന്നിവരോടും നന്ദി രേഖപ്പെടുത്താന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…