കേരള പാഠ്യപദ്ധതി പരിഷ്ക്കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ആധുനിക വിദ്യാഭ്യാസ സമീപനങ്ങളെയെല്ലാം നിരാകരിക്കുന്നതും അക്കാദമിക വിദഗ്ധരുടെ വ്യാപകമായ പങ്കാളിത്തത്തോടെയും ജനകീയ ചര്‍ച്ചകളിലൂടെയും രൂപീകരിക്കപ്പെട്ട കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതുമാണെന്നും പ്രസ്തുത റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കുട്ടികളുടെ അന്വേഷണതൃഷ്ണ തല്ലിക്കെടുത്തി കുട്ടികളെ ഗൈഡ് പുസ്തകങ്ങളിലേക്കും കാണാപാഠം പഠിക്കലിലേക്കും തിരികെ കൊണ്ടുപോകാനുതകുന്ന ശുപാര്‍ശകളാണ് ഡോ.അബ്ദുള്‍ അസീസ് കമ്മറ്റി റിപ്പോര്‍ട്ടിലുള്ളത്. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പൊതുപരീക്ഷ കൂടി ശുപാര്‍ശ ചെയ്തിരിക്കുന്നു. അതുവഴി വിദ്യാഭ്യാസ അവകാശനിയമത്തെയും ഈ കമ്മറ്റി മറികടന്നിരിക്കുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് – 2005 ന്റെ പശ്ചാത്തലത്തിലാണ് കേരള പാഠപദ്ധതി ചട്ടക്കൂട് 2007 നിലവില്‍ വന്നത്. ദേശീയതലത്തില്‍ ഇതുവരെയും പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചിട്ടില്ല. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007ല്‍ നിര്‍ദ്ദേശിക്കപ്പെട്ട പല അക്കാദമിക കാര്യങ്ങളും ഇനിയും വികസിപ്പിക്കപ്പെടേണ്ടതായിട്ടു
ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസരീതിയാണ് കുട്ടികളെ പഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് പരിഗണിക്കുക എന്നത്. മാനവരാശി ആര്‍ജ്ജിച്ച അറിവ് കുട്ടികള്‍ ജീവിക്കുന്ന ഭൗതിക, സാമൂഹിക പരിസരവുമായി ബന്ധപ്പെടുത്തി നടക്കുന്ന കൂട്ടായ അന്വേഷണങ്ങളിലൂടെ അറിവിന്റെ സൃഷ്ടാക്കളാക്കി മാറ്റുക എന്നത് വികസിതരാജ്യങ്ങളടക്കം അവലംബിക്കുന്ന രീതിശാസ്ത്രമാണ്. കുട്ടികളെ അറിവിന്റെ സൃഷ്ടാക്കളാക്കുന്നതിന് സഹായകമായ പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന, കുട്ടികളുടെ അന്വേഷണാത്മകതയെ പരിപോഷിപ്പിക്കുന്ന മാര്‍ഗദര്‍ശി എന്ന സുപ്രധാന ധര്‍മ്മമാണ് അധ്യാപികയുടെത്. ഈ ആധുനികകാഴ്ചപ്പാടുകള് പാടെ നിരസിക്കുകയും അധ്യാപകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന പഴയ രീതിശാസ്ത്രം പുന:പ്രതിഷ്ഠിക്കാനാണ് കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ ഡോ. അബ്ദുള്‍ അസീസ് കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധൃതിപിടിച്ചുള്ള പാഠപുസ്തകരചന നിര്‍ത്തിവെക്കണമെന്നും നിലവിലുള്ള പാഠ്യപദ്ധതി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ വിശദമായ അക്കാദമിക പഠനങ്ങളും ജനകീയ ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, കേരള പാഠ്യപദ്ധതിക്കെതിരായ നീക്കങ്ങളെ അദ്ധ്യാപക – രക്ഷാകര്‍തൃ – വിദ്യാര്‍ത്ഥി സമൂഹവും മറ്റ് വിദ്യാഭ്യാസ തത്പരരും ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.