എമര്‍ജിംഗ് കേരളാപരിപാടിയുടെ പശ്ചാത്തലത്തില്‍ കേരളവികസനത്തിന് ഒരു ജനകീയകൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍ നടക്കും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. പ്രഭാത് പട്‌നായിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പരിഷത്ത് മുന്‍പ്രസിഡണ്ട് പ്രൊഫ. എം.കെ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

 പി.പി.പി. മാതൃകയിലുള്ള പദ്ധതികളാണ് എമര്‍ജിംഗ്  കേരളയിലൂടെ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. പൊതു സംവിധാനങ്ങള്‍ വലിയതോതില്‍ സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആഗോളനിക്ഷേപം ലക്ഷ്യമിട്ട് 2003 ല്‍ നടത്തിയ ജിമ്മിന്റെ(GIM) മറ്റൊരു പതിപ്പ് മാത്രമായേ ഇതിനെ കാണാനാകൂ.

ഓരോ മേഖലയിലും കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ കണ്ടെത്തി അതുപരിഹരിക്കാനുതകുന്ന പദ്ധതികളൊന്നും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല. സ്വകാര്യ നിക്ഷേപകര്‍ക്ക് ലാഭമുണ്ടാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് പദ്ധതികള്‍ പരിശോധിച്ചാല്‍  പ്രധാനമായും കാണുകമാത്രമല്ല മിക്ക പദ്ധതികളും കേരളത്തിന്റെ പ്രകൃതിവിഭവങ്ങളെ വന്‍തോതില്‍ കുത്തക കമ്പനിക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും കാണാം. ജനവിരുദ്ധമായ തെറ്റായ വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയിട്ടുള്ള എമര്‍ജിംഗ് കേരള പരിപാടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നതോടൊപ്പം ജനപക്ഷത്തു നിന്നുള്ള ശരിയായ വികസന കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായാണ് ജനകീയ കൂട്ടായ്മ  സംഘടിപ്പിച്ചിട്ടുള്ളത്.

പശ്ചാത്തല മേഖല, സേവനമേഖല, ചെറുകിടി അസംഘടിത മേഖല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍, കൃഷിയും അനുബന്ധ  മേഖലകളും മാലിന്യസംസ്‌കരണം, സംസ്‌കാരം, ശാസ്ത്രസാങ്കേതികമേഖല എന്ന വിഷയങ്ങളില്‍ സമാന്തര സെഷനുകള്‍ ഇതിന്റെ ഭാഗമായി നടക്കും സുഗതകുമാരി ടീച്ചര്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. വി.എസ്. വിജയന്‍, പ്രൊഫ.സി.പി. നാരായണന്‍ എം.പി, ഡോ. കെ.പി. കണ്ണന്‍, പ്രൊഫ. വി.കെ. ദാമോദരന്‍, കെ.പി. രാജേന്ദ്രന്‍ (മുന്‍ മന്ത്രി), കെ. രാധാകൃഷ്ണന്‍ എം.എല്‍.എ ,(മുന്‍ സ്പീക്കര്‍) ഡോ. ജിജു. പി. അലക്‌സ്, ഡോ. പി. ഇന്ദിരാദേവി, വൈശാഖന്‍, ഡോ. എം.പി. പരമേശ്വരന്‍, ഡോ.കെ.പി. മോഹനന്‍, പ്രൊഫ. ലളിതാലെനിന്‍, ഡോ. അനില്‍ ചേലേമ്പ്ര, ജ്യോതി നാരായണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ,  ഡോ. ടി.കെ. ആനന്ദി, ഡോ. കെ. എന്‍. ഗണേഷ്, പി.സി. ഉണ്ണിച്ചെക്കന്‍, സണ്ണി കപിക്കാട്, ഡോ. ബി. ഇക്ബാല്‍, സി. കെ.ശശീന്ദ്രന്‍, ടി. കെ. നാരായണ ദാസ്, കെ.കെ. കൃഷ്ണകുമാര്‍, ഡോ. അജയകുമാര്‍ വര്‍മ്മ തുടങ്ങി അതതുമേഖലകളില്‍ വിദഗ്ധരും ആക്ടിവിസ്റ്റുകളുംസെഷനുകളില്‍ പങ്കെടുക്കും. കേരളത്തില്‍ നടന്നുവരുന്ന  ചെറുതും വലുതുമായ നിരവധി ജനകീയ സമരങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്ന സെഷനും ഇതോടൊപ്പമുണ്ടാകും.

വൈകീട്ടു നടക്കുന്ന സമാപന സമ്മേളനത്തില്‍ ജനകീയ വികസന പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് എം.എല്‍.എ, എന്‍. കെ. പ്രേമചന്ദ്രന്‍, ബി.ആര്‍. പി. ഭാസ്‌കര്‍, വി.ടി. ബല്‍റാം എം. എല്‍.എ, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, ഡോ. സി.ടി. എസ് നായര്‍, ഡോ. ആര്‍.വി.ജി മേനോന്‍ തുടങ്ങിയവര്‍ സംസാരിക്കും.

രാവിലെ തൃശൂര്‍ നഗരത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരിക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ജനകീയ കൂട്ടായ്മക്കു മുന്നോടിയായി സെപ്തംബര്‍ 5, 6 തീയതികളില്‍ തൃശൂര്‍ ജില്ലയില്‍ രണ്ടു വാഹന പ്രചരണ ജാഥകളും നടക്കും.

കെ.ടി. രാധാകൃഷ്ണന്‍                                    ടി.കെ. ദേവരാജന്‍
പ്രസിഡണ്ട്                                         ജനറല്‍ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

Categories: Updates