തിരുവനന്തപുരം: ഒരുവിഭാഗം സമ്പന്നരുടെ ഉപഭോഗാസക്തിക്കാണോ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന വികസനരാഷ്ട്രീയത്തിന്റെ സുപ്രധാന ചോദ്യമുയര്ത്തി കേരള വികസനസംഗമം സമാപിച്ചു.

സാങ്കേതികവിദ്യകളുടെ അപര്യാപ്തിയും തെറ്റായ പ്രയോഗവും ആണു പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതു മറികടക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിവേഗം വളരുന്ന നിര്‍മ്മാണമേഖലയില്‍ അടക്കം പരിസ്ഥിതിസൗഹൃദമായ സാങ്കേതികവിദ്യകള്‍ വേണം. എന്നാല്‍ വിവാദങ്ങള്‍ ഭയന്നും മറ്റും സാങ്കേതികസമൂഹം നിസ്സംഗത പാലിക്കുന്നു. ഇത് ആശങ്കാകരമാണ്. അപ്പോഴാണ് അത്തരം കാര്യങ്ങളില്‍ വിവരമിലാത്തവര്‍ രംഗം കയ്യടക്കുന്നത്.
ശരിയായ വികസനസമീപനവും സാങ്കേതികവിദ്യകളും ആവിഷ്‌ക്കരിക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. ഒപ്പം മറ്റു ജനകീയപ്രസ്ഥാനങ്ങളും ഈ ദൗത്യം ഏറ്റെടുക്കണം. തിരുത്തല്‍ ശക്തിയായും അവ പ്രവര്‍ത്തിക്കണം.
പരിസ്ഥിതിസംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യന്റെ മനസിലണു പരിവര്‍ത്തനം ഉണ്ടാകേണ്ടതെന്ന് സെമിനാറിലെ നിര്‍ദ്ദേശങ്ങളോടു പ്രതികരിച്ചുകൊണ്ട് എം എ ബേബി എം എല്‍ എ പറഞ്ഞു. ഭാവിക്കുവേണ്ടിയുള്ള കരുതലാണു പരിസ്ഥിതി. പരിസ്ഥിതിത്തകര്‍ച്ചയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേരളീയസമൂഹം ഇന്ന് അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുകയാണ്. ഉപഭോഗത്തില്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തി ഓരോ വ്യക്തിയും തങ്ങളുടെ കടമ നിറവേറ്റണമെന്നും ബേബി നിര്‍ദ്ദേശിച്ചു.
അമേരിക്കയും മറ്റും മുന്നോട്ടുവയ്ക്കുന്ന വികസനമാതൃകയാണു ശരി എന്ന ധാരണയില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളെല്ലാം മുന്നോട്ടു പോകുന്നതാണ് ഇന്നത്തെ ഒരു പ്രധാനപ്രശ്‌നമെന്ന് കുട്ടി അഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി. ഓരോ സര്‍ക്കാരും തങ്ങളുടെ കാലത്ത് ഇത്തരത്തില്‍ ഏറ്റവുമധികം വികസനം ഉണ്ടാക്കി എന്നു കാണിക്കാനുള്ള വ്യഗ്രതയില്‍ പരിസ്ഥിതസംരക്ഷണത്തെ അവഗണിക്കുകയാണ്. പരിസ്ഥിതി തകര്‍ക്കുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഇച്ഛാശക്തി കാട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനസംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഡോ: കെ പി കണ്ണന്‍ അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് കെ.റ്റി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അക്കാദമിക് കണ്‍വീനര്‍ കെ. രാഗേഷ്, ജനറല്‍ കണ്‍വീനര്‍ പി എസ് രാജശേഖരന്‍, ശ്രീശങ്കര്‍, ബി. രമേശ് എന്നിവര്‍ സംസാരിച്ചു.
രണ്ടു ദിവസത്തെ പരിപാടിയില്‍ ഏഴു സെമിനാറുകളും 17 ശില്പശാലകളും നടന്നു. ഡോ: എം. പി. പരമേശ്വരന്‍, ഡോ: റ്റി.എം. തോമസ് ഐസക്ക്, ഡോ: സി.റ്റി.എസ്. നായര്‍, ഡോ; ബി. ഇക്ബാല്‍, പ്രൊഫ: എം.കെ. പ്രസാദ്, എം.എന്‍. പ്രസാദ്, പ്രൊഫ: വി.കെ. ദാമോദരന്‍,ഡോ: ഇളങ്കോവന്‍, തുടങ്ങിയ 140 വിദഗ്ദ്ധരടക്കം 300 പേര്‍ പങ്കെടുത്തു.

Categories: Updates