ഇന്നത്തെ സമൂഹത്തെ നിയന്ത്രിക്കുന്നത് നിർമ്മിത ബുദ്ധിയും അതു പയോഗിച്ചുള്ള സാങ്കേതിക വിദ്യകളുമാണെന്നും സാങ്കേതിക വിദ്യകൾക്ക് നിക്ഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ലായെന്നും അതിന് കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും ഡോ.വി.ശശിദേവൻ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലം ജില്ലാ വാർഷികം ചിതറ HSSൽ ഉദ്ഘാടനം ചെയ്ത് നിർമ്മിത ബുദ്ധിയും ആധുനിക സമൂഹവും എന്ന വിഷയമവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കാര്യക്ഷമതയേയും ഉൽപ്പാദനക്ഷമതയേയും ആരോഗ്യ പരിചരണത്തെയും സമ്പദ് വ്യവസ്ഥയെയുമൊക്കെ മെച്ചപ്പെടുത്താൻ ഇത്തരം സാങ്കേതിക വിദ്യകൾക്ക് കഴിയുമെങ്കിലും തൊഴിൽ നഷ്ടവും സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റവും കൂടാതെ  നീതിയുക്തമായ സമൂഹത്തിനും ജനാധിപത്യത്തിനും വലിയ ഭീക്ഷണികൾ ഉയർത്താനും അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കരകുളം ബാബു ആദ്ധ്യക്ഷം വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജീബത്ത്,ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മുരളി. മുൻ പഞ്ചായത്ത് പ്രസിസ ൻ്റ് ചിതറ എസ് മുരളീധരൻ നായർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ജനറൽ കൺവീനർ ജി.സുനിൽകുമാർ സ്വാഗതവും മേഖലാ സെക്രട്ടറി അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് ജില്ലാ പ്രസിഡൻ്റ് ടി.ലിസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജി.സുനിൽകുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ഡി.പ്രസന്നകുമാർ വരവ് ചെലവ് കണക്കും, കേന്ദ്ര നിർവാഹക സമിതിയംഗം വി.മനോജ് കുമാർ സംഘടനാ രേഖയും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൽ.ഷൈലജ സംസ്ഥാന നിർവാഹക സമിതിയംഗം ജി.രാജശേഖരൻ എന്നിവർ സംസാരിച്ചു. വൈകിട്ട് ഗ്രാമ ജാഥയെ തുടർന്ന് നടന്ന പൊതുസമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി.എസ് രാജശേഖരൻ ഉദ്ഘാടനം ചെയ്തു.