5 ഹെക്ടറിന് താഴെവരുന്ന ഖനനത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന പരമോന്നത കോടതിവിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം പരിസ്ഥിതി രംഗത്ത് പ്രവ്രര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകവും പ്രോത്സാഹനാജനകവുമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാവിധ പാരിസ്ഥിതിക മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി മാഫിയവല്കരിക്കപ്പെട്ട മേഖലയാണ് പാറ, മണല്‍ , ചെങ്കല്ല് ഉൾപ്പെടെയുള്ള ഖനന മേഖല. നിര്‍മാണ രംഗത്തെ അമിതപ്രാധാന്യവും പ്രോത്സാഹനവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും അതിലൂടെ അനാവശ്യ നിർമ്മാണവും വ്യാപകമാക്കിയിരിക്കുകയാണ്. അമിതമായ മണൽ ഖനനമാണ് കേരളത്തിലെ നദികളെ നിർജ്ജീവമാക്കിയതിന്റെ ഒരു പ്രധാന കാരണം. യാതൊരു പാരിസ്ഥിതിക പരിഗണനകളും കൂടാതെയുള്ള അമിതമായ പാറ ഖനനം മൂലം അതു നടക്കുന്ന മിക്കവാറും എല്ലാപ്രദേശത്തും ജനങ്ങൾ സമരത്തിലാണ്. പശ്ചിമഘട്ടമലനിരകളെയടക്കം ഇത് ശുഷ്കമാക്കിയെന്നത് തര്‍ക്കമറ്റ വിഷയമാണ്. കേരളത്തിന്റെ പരിസ്ഥിതിയില്‍ വന്നിട്ടുള്ള മാറ്റവും, വെള്ളത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലും, അമിതമായ ഖനനവും, വനശോഷണവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യമാണ് സുപ്രീംകോടതി സംശയലേശമന്യേ പ്രസ്താവിച്ചത്.
എന്നാല്‍ വിധി വന്ന ഉടനെത്തന്നെ കേരളത്തിലെ ഖനനമാഫിയ സംഘടിതമായി സുപ്രീംകോടതിവിധിയെ മറികടന്ന് നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതായി കണ്ടു. മുന്‍കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക അനുമതികള്‍ പ്രഹസനമായി നടക്കുന്ന സാഹചര്യവും നിലവിലുണ്ട്.
ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള അമിതവും അനിയന്ത്രിതവുമായ ഖനനമാണ് കേരളത്തിലെ ഒരു പ്രധാന പരിസ്ഥിതി പ്രശ്നം. ഇതു മനസ്സിലാക്കിയാകണം ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരുന്നതിനായി അവ പൊതു ഉടമസ്ഥതയിലാക്കുമെന്ന് LDF പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഖനനമാഫിയയുടെ സമ്മര്‍ദത്തിന് കേരള സര്‍ക്കാര്‍ വഴങ്ങരുത് എന്നും LDF പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തതുപ്രകാരം ഖനനം പൊതു ഉടമസ്ഥതയിലാക്കി സാമൂഹിക നിയന്ത്രണം ഉറപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
പ്രസിഡണ്ട് ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന് പി.മുരളീധരന്