ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്.വി.ജി ഉത്ഘാടനം ചെയ്തു
ആലുവ: യു.എ.ഇ യിലെ ഇന്ത്യന്‍ സ്കൂളുകളിലെ മലയാളി അദ്ധ്യാപകര്‍ക്ക് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ നേതൃത്വത്തില്‍ പുതിയ പാഠ്യപദ്ധ്യതിയെക്കുറിച്ച് ദ്വിദിന പരിശീലനം നല്കി. AELI ഹില്‍സില്‍ നടന്ന പരിശീലനത്തില്‍ 11 സ്കൂളുകളില്‍ നിന്നുമുള്ള 55 അദ്ധ്യാപകര്‍ പങ്കെടുത്തു. ബിരുദ വിദ്യാഭ്യാസത്തിനുശേഷം കാര്യമായ തുടര്‍ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്ന് പരിശീലന പങ്കാളികള്‍ വിലയിരുത്തി. ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ വെക്കേഷനായതിനാല്‍ അദ്ധ്യാപകര്‍ കേരളത്തിലുള്ള സാഹചര്യത്തിലും പരിശീലകരുടെ ലഭ്യതയും പരിഗണിച്ചാണ് ക്യാമ്പ് കേരളത്തില്‍ വെച്ച് നടത്തുവാന്‍ fokssp തീരുമാനിച്ചത്.
ക്യാമ്പിന്റെ ഉത്ഘാടനം ഡോ. ആര്.വി.ജി മേനോന് നിര്‍വ്വഹിച്ചു. ഷാര്‍ജ എമിരേറ്റ്സ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പള്‍ ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യു ആന്റണി സ്വാഗതം പറഞ്ഞു.
സി.മധുസൂദനന്, പി.വി പുരുഷോത്തമന്, കെ.ആര് അശോകന്, രമേശ് കടൂര്‍, വി. മനോജ്കുമാര്‍, കെ.സുരേഷ്, കെ.കെ കൃഷ്ണകുമാര്‍ എന്നീ പരിശീലകര്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പില്‍ സി.ബി.എസ്.സി യുടെ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയും അവലോകനവും നടന്നു.