ആസൂത്രിത കലാപവും അതുണ്ടാക്കിയ മുറിവുകളും വിലാപങ്ങളും മാധ്യമ നിരോധനം കൊണ്ട് മറച്ച് പിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് രണ്ട് മലയാള ചാനലുകളെ നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേയ്ക്ക് നിരോധിക്കാനുള്ള ഉത്തരവിൽ പ്രതിഫലിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.
അറിയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവവായു. അതിന് പകരം ഭയത്തിന്റെ അന്തരീക്ഷം നിലനിർത്താനും അതുവഴി തങ്ങളുടെ സ്ഥാപിത താത്പ്പര്യങ്ങൾ നടപ്പിലാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കരുതണം. മാധ്യമങ്ങളെ നിശബ്ദരാക്കിക്കൊണ്ടുള്ള ഏത് ഭരണവും ജനവിരുദ്ധവും സ്വേച്ഛാധിപത്യ പ്രവണതയുള്ളതുമാകുമെന്നതിന് സംശയമില്ല. സ്വതന്ത്രവും നിർഭയവുമായ മാധ്യമ പ്രവർത്തനം ഏത് പരിഷ്കൃത ജനസമൂഹത്തിനും അനിവാര്യമാണ്. ഈ സാഹചര്യത്തിൽ രണ്ട് വാർത്താ ചാനലുകൾക്കെതിരായി പുറപ്പെടുവിച്ച നിരോധന ഉത്തരവ് അത്യന്തം പ്രതിഷേധാർഹമാണ്. അത് അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നു.

 

എ പി മുരളീധരന്‍
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി

Categories: Press Release