ശാസ്ത്രീയമായി തിരിച്ചറിഞ്ഞ്, നാമകരണം ചെയ്യപ്പെട്ട ജീവജാതികള്‍ പതിനഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും കീടങ്ങളും രണ്ടരലക്ഷത്തില്പരം സസ്യങ്ങളുമാണ്. മനുഷ്യനടക്കമുള്ള സസ്തനികള്‍ നാലായിരംമാത്രം. ഭൂമധ്യരേഖ കടന്നുപോകുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവയില്‍ നല്ലൊരുശതമാനം ജീവജാതികളും ജീവിക്കുന്നത്. കേരളത്തിലെ മഴക്കാടുകളും നിത്യഹരിതവനങ്ങളും നദീതീരങ്ങളുമെല്ലാം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇവിടെനിന്നും പുതിയ സസ്യങ്ങളെയും ജീവികളെയും കണ്ടെത്തിക്കൊണ്ടിരിക്കയാണ്.
ജൈവവൈവിധ്യസംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും പല ജീവജാതികളുടെയും വംശനാശത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഭൂമിയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ട ജീവജാതികളില്‍ ആയിരത്തില്‍ ഒരംശത്തെ മാത്രമേ ഇന്നത്തെ വൈവിധ്യം പ്രതിനിധീകരിക്കുന്നുള്ളൂ. മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതികളുമായി യോജിച്ചുപോകാനാവാതെ ബാക്കിയെല്ലാം നശിച്ചുപോയി. മനുഷ്യന് മാത്രമാണ് തന്റെ സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയില്‍ ബോധപൂര്‍വം ഇടപെട്ട് മാറ്റങ്ങള്‍ വരുത്തുന്നത്. പ്രകൃതിയില്‍ മനുഷ്യന് നടത്തുന്ന ഇടപെടല്‍തന്നെയാണ് പരിസ്ഥിതിനാശത്തിനും അതുവഴി ജൈവനാശത്തിനും പ്രധാനകാരണം.
മനുഷ്യന്റെ നിലനില്പിന് ജൈവവൈവിധ്യം നല്കുന്ന സംഭാവനകള്‍ വിവരണാതീതമാണ്. തീരെ അപ്രധാനമെന്ന് കരുതിയിരുന്ന ജീവജാതികളുടെ നാശംപോലും വലിയതോതിലാണ് മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഇതെപ്പറ്റിയുള്ള നിരവധി കഥകള്‍ ഇന്ന് ലഭ്യമാണ്. ആഗോളതാപനവും അതിന്റെ അനന്തരഫലമായ കാലാവസ്ഥാമാറ്റവും മനുഷ്യജീവിതത്തെ കാര്യമായി ബാധിച്ചുതുടങ്ങി. വെള്ളപ്പൊക്കവും വരള്‍ച്ചയും അതിന്റെ ഏറ്റവും രൂക്ഷതയില്‍ തന്നെ നാം അനുഭവിച്ചുകഴിഞ്ഞു.
ജൈവവൈവിധ്യസംരക്ഷണം തന്നെയാണ് മനുഷ്യന് ഉള്‍പ്പെടെയുള്ള ജീവജാതികളുടെ നിലനില്പിനായി ചെയ്യാവുന്ന ഏകപ്രവര്ത്തനം. അത് ഏറ്റെടുത്ത് നടത്തേണ്ട ഉത്തരവാദിത്തവും മനുഷ്യര്‍ക്കുതന്നെ.
2018 ലുണ്ടായ സമാനതകളില്ലാത്ത പ്രളയം ജൈവവൈവിധ്യത്തിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ രംഗങ്ങളില്‍ ഈ തകര്‍ച്ച വളരെ പ്രകടമാണ്. ആകയാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ ജൈവവൈവിധ്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നമുക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ചര്‍ച്ചചെയ്യുകയാണ് ഈ ലഘുപുസ്തകം.
രചന- ഡോ എ എൻ നമ്പൂതിരി
വില- 100 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…