പ്രതിഷേധിക്കുകജെ.എൻ.യു.വിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയവർക്കെതിരേ കേസ്സ് രജിസ്റ്റർ ചെയ്യാതിരിക്കുകയും മർദ്ദനമേറ്റ വിദ്യാർത്ഥികളെ കേസിൽ കുടുക്കുകയും ചെയ്ത നടപടിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനതയെ ഭയപ്പെടുത്തി സ്വേച്ഛാധിപത്യ ഭരണം തുടരാൻ ജർമ്മൻ നാസികൾ സ്വീകരിച്ച തന്ത്രമാണ് സ്വകാര്യ ഗുണ്ടാ സേനയെ സമൂഹത്തിൽ തുറന്ന് വിടുകയെന്നത്. അത് തന്നെയാണ് ഇന്ത്യൻ ഭരണകക്ഷി ഇന്ന് ആവർത്തിക്കുന്നത്.
ഈ അക്രമം ലോകപ്രസിദ്ധമായ ഒരു വിജ്ഞാന കേന്ദ്രത്തിലാണ് നടന്നത് എന്നത് കൂടുതൽ ഭയാനകമാണ്. മുഖം മൂടിയണിഞ്ഞ്, ലൈറ്റണച്ച്, പാറാവുകാരുടെ ഒത്താശയോടെ നടത്തിയ അതിക്രമം ലോകത്തിന്നേവരെ ഒരു കാമ്പസിലും നടന്നതായി കേട്ടുകേൾവി പോലുമില്ലാത്തതാണ്. സമാധാനപൂർണ്ണവും ജനാധിപത്യപരവുമായ സാമൂഹ്യ ജീവിതം ഏതൊരു പരിഷ്കൃത സമൂഹത്തിന്റേയും അവകാശമാണ്.
ജെ.എൻ.യു.വിൽ നടന്ന അക്രമ സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരേ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് മുഴുവൻ ശാസ്ത്ര- അക്കാദമിക് സമൂഹവും ഐക്യപ്പെടണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
എ പി മുരളീധരന്
സംസ്ഥാന പ്രസിഡണ്ട്
കെ രാധന്‍
ജനറല്‍ സെക്രട്ടറി