ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ തൃശൂരില്‍ കല്യാണ്‍ സാരീസിനു മുന്നില്‍ നടക്കുന്ന ഇരിപ്പ് സമരത്തോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണത്തെ തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണങ്ങളും നടപടികളും കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളുയര്‍ത്തി മുന്നോട്ടുപോകുന്ന ഇത്തരമെരു സമരത്തെ തമസ്കരിക്കുന്നത് കേരളത്തിന്റെ സമരപാരമ്പര്യത്തെ നിഷേധിക്കലാണ്. കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ടെക്സ്റ്റയില്‍വ്യാപാര മേഖല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചനകളിലൊന്നായി പലരും ഇതിനെവിശേഷിപ്പിക്കാറുണ്ട്. ഇൗ മേഖലയിലെ തൊഴിലാളികള്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. കടുത്തതൊഴില്‍ ചൂഷണത്തിന് വിധേയമാകുന്ന വിഭാഗമാണിവര്‍ എന്ന് സമീപകാല വാര്‍ത്തകളും പഠനങ്ങളും സൂചിപ്പിക്കുന്നു. പ്രതിദിനം 12 മണിക്കൂറോ അതിലധികമോ സമയം തുടര്‍ച്ചയായി ജോലിചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ഇതിനിടയില്‍ 20 മിനുട്ട് സമയം മാത്രം വിശ്രമ ഇടവേള ലഭിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷണം കഴിക്കാനുള്ള സ്ഥലമോ ആവശ്യമായ മൂത്രപ്പുരകളോ പോലുംഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളുമുണ്ട്. തുടര്‍ച്ചയായി നിന്ന് ജോലി ചെയ്യുന്നതു മൂലം ഉണ്ടാകാവുന്നആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി ട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണത്തെതടയുന്ന ഒരു നിയമ ഭേദഗതി നിയമസഭയുടെ പരിഗണനയിലുണ്ട്. ഇപ്പോള്‍ തന്നെ നിരവധി നിയമങ്ങളും അവ നടപ്പിലാക്കാന്‍ തൊഴില്‍ വകുപ്പിന് വിപുലമായ സംവിധാനങ്ങളുമുണ്ട്. പക്ഷേ ടെക്സ്റ്റയില്‍ വ്യാപാര മേഖലയില്‍ കുമിഞ്ഞ് കൂടുന്ന ലാഭവും തൊഴില്‍ ശൃംഖലയുടെ അസംഘടിതസ്വഭാവവും എല്ലാത്തരം സുരക്ഷയേയും അപ്രസക്തമാക്കിക്കൊണ്ട് ചൂഷണത്തെ മനുഷ്യാവകാശലംഘനത്തോളം വളരുന്നതിനിടയാക്കിയിരിക്കുന്നു. ഇതിനെതിരായി ഉയര്‍ന്ന് വളരേണ്ട തൊഴിലാളിപ്രക്ഷോഭത്തിന്റെ ആദ്യരൂപമാണ് തൃശൂരില്‍ കല്യാണ്‍ സാരീസിന് മുന്നില്‍ നടക്കുന്ന ഇരിപ്പ് സമരം. മുഖ്യധാരാ ട്രേഡ് യൂണിയനുകളും മാധ്യമങ്ങളും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഇൗ സമരത്തെകുറച്ചെങ്കിലും ഇന്ന് ശ്രദ്ധയില്‍ കൊണ്ടുവന്നത് നവമാധ്യമങ്ങളാണ്. കേരളം ഇതുവരെ നേടിയിട്ടുള്ള എല്ലാ നേട്ടങ്ങളും പ്രക്ഷോഭങ്ങളും സമരങ്ങളും വഴി ഉണ്ടാക്കിയെടുത്തി ട്ടുള്ളതാണ്. ഇൗ സാഹചര്യത്തില്‍ തൃശൂരില്‍ ഇപ്പോള്‍ നടക്കുന്ന സ്ത്രീകളുടെ ഇരിപ്പ് സമരത്തോട്ഐക്യദാര്‍ഢ്യപ്പെടണമെന്നും ഇൗ സമരത്തെ ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലാകമാനമുള്ള ചൂഷണത്തിനെതിരായ വിശാലസമരമായി വളര്‍ത്തിയെടുക്കണമെന്നും എല്ലാ വിഭാഗം ബഹുജനങ്ങളോടും പരിഷത്ത്അഭ്യര്‍ത്ഥിക്കുന്നു.
ഡോ.എന്‍.കെ.ശശിധരന്‍പിള്ള
പ്രസിഡണ്ട്
വി.വി.ശ്രീനിവാസന്‍
ജനറല്‍ സെക്രട്ടറി