കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നുണ്ട്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികവുമാണ്. മുന്‍കാല അനുഭവങ്ങള്‍ വച്ച് മഴക്കാലത്തിന് തൊട്ടു മുന്‍പ് ഇത് തടയാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യവകുപ്പും മറ്റും നടത്താറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഇത് ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വര്‍ദ്ധിച്ച ഡെങ്കിപ്പനി സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ചുരുങ്ങിയ തോതിലാണെങ്കിലും മരണം സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ചും, ആവര്ത്തിച്ചുണ്ടാകുന്നവരില്. ഏഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസുകളാണ് പനി പടര്‍ത്തുന്നത്. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യാം. വൈറസുകള്‍ പല ടൈപ്പുകളുള്ളതു മൂലം ഒരിക്കല്‍ ബാധിച്ചവരില്‍ ഉണ്ടാകുന്ന പ്രതിരോധശേഷി നിലനില്‍ക്കുന്നതല്ല. പുതിയൊരു അണുബാധയുണ്ടാകുമ്പോള്‍ അപകടസാദ്ധ്യത ഏറുന്നു.
ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഫലപ്രദമായ ചികിത്സയും പ്രതിരോധമാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. കൊതുകുകളുടെ ഉറവിടം കണ്ടെത്തി അവ ഇല്ലാതാക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. കൊതുക് പൊതുവില്‍ ശുദ്ധജലത്തിലാണ് വളരുന്നത്. വെള്ളയും കറുപ്പും വരകളോടു കൂടിയ കാലുകളുള്ള, തീരെ ചെറിയ ശരീരമുള്ള, പകല്‍ കടിക്കുന്ന കൊതുകാണ് ഏഡിസ്. ഈ കൊതുകുകളുടെ പ്രത്യേകത അതിന്റെ വാസസ്ഥലവും പ്രജനനരീതിയുമാണ്. വെള്ളം കെട്ടി നില്ക്കുന്ന ചെറുപാത്രങ്ങള്‍, ഇലകള്‍, പൊട്ടിയ പ്ലാസ്റ്റിക്, ചിരട്ട, മണ്‍പാത്രങ്ങള്‍, തുടങ്ങി എല്ലാത്തിലും ഈ കൊതുക് മുട്ടയിടുകയും ഒരാഴ്ചക്കുള്ളില്‍ അത് വിവിധ ദശകള്‍ പൂര്‍ത്തിയാക്കി പ്രായപൂര്‍ത്തി പ്രാപിക്കുകയും ചെയ്യും. അതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ചുറ്റുപാടും പരിശോധിച്ച് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനമായും ചെയ്യാനുള്ളത്. പൂച്ചട്ടി, ഫ്രിഡ്ജ് തുടങ്ങിയവയില്‍ കെട്ടി നില്ക്കുന്ന വെള്ളവും നീക്കം ചെയ്യണം. ധാരാളം കൊതുകുകളുള്ള സ്ഥലത്ത് ഫോഗിംഗ് ചെയ്ത് എണ്ണം കുറക്കാമെങ്കിലും അത് മാത്രം മതിയാവുകയില്ല. ആഴ്ചതോറുമുള്ള നിരീക്ഷണവും ശുചീകരണവുമാണ് ഏറെ പ്രധാനം. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആക്കുന്നതും നന്നായിരിക്കും. കൊതുകുകടി ഒഴിവാക്കാനായി ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണം, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ തുറന്ന ശരീരഭാഗങ്ങളില്‍ പുരട്ടുക, ബാറ്റ് ഉപയോഗിച്ച് കൊതുകിനെ കൊല്ലുക എന്നിവയുമാകാം.
ഡെങ്കിപ്പനി സ്ഥിരീകരിച്ചാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വേണ്ട പരിശോധനകള്‍ നടത്തുകയും, ചികിത്സയ്ക് വിധേയമാവുകയും വേണം. അപകടമില്ലെന്ന് ഉറപ്പു വരുത്തിക്കഴിഞ്ഞാല്‍ വീട്ടില്‍ വിശ്രമിക്കാം.
ഇതെല്ലാം ജനപങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടതാണ്. അതിനാവശ്യമായ ബോധവല്ക്കവരണം നടത്താനും, വിവിധ വകുപ്പുകളെയും സംഘടനകളേയും ഏകോപിപ്പിച്ച് കര്‍മ്മപദ്ധതികള്‍ നടപ്പാക്കാനും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുന്‍കയ്യെടുക്കണം. ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനാരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്നതാണ്. ഇതിന് പ്രതിരോധമരുന്നുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പ്രതിരോധശേഷി കുറയുന്നതു മൂലമുണ്ടാകുന്ന രോഗവുമല്ല ഇത്. എന്നാല്‍, ചില പഞ്ചായത്തുകള്‍ പ്രതിരോധത്തിനായി ജനങ്ങളെ സജ്ജരാക്കുന്നതിനു പകരം പ്രകൃതിചികിത്സ നടത്തിയും ഹോമിയോ മരുന്നുകളും മറ്റും വിതരണം ചെയ്തും എളുപ്പ വഴിയില്‍ പ്രശ്നം പരിഹരിച്ച തരത്തില്‍ തെറ്റായ പ്രതീതി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. മെഡിക്കല്‍ ക്യാമ്പുകളും പ്രകൃതിചികിത്സയും മറ്റും നടത്തി പ്രതിരോധത്തിനെന്ന പേരില്‍ ഹോമിയോ മരുന്നും നല്കി എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒന്നായി കാണുന്നതും പ്രചരിപ്പിക്കുന്നതും ദോഷഫലമുണ്ടാക്കും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ശ്രദ്ധ മാറിപ്പോകാനും കാരണമാകുമെന്നതാണിതിന്റെ അപകടം. ഇത് ജനങ്ങള്‍ക്ക് അമിത വിശ്വാസവും തെറ്റായ സുരക്ഷാബോധവും നല്കുന്നു.
നൂറു ശതമാനം സാക്ഷരത ഉള്ള കേരളത്തില്‍ ശാസ്ത്രബോധവും പൗരബോധവും കൂടി വളരേണ്ടതുണ്ട്. പ്രശ്നങ്ങള്‍ മനസ്സിലാക്കി ശാസ്ത്രീയമായി പരിഹാരം തേടുന്നതിനു പകരം ജനങ്ങളുടെ പൊതുക്ഷേമത്തിനായുള്ള ഫണ്ട്, തെളിവുകളില്ലാത്ത പരിഹാരങ്ങള്ക്കാരയി ദുര്‍വിനിയോഗം ചെയ്യുന്നത് ശരിയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജനോപകാരപ്രദമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
ഡോ.കെ.പി അരവിന്ദന്
(പ്രസിഡന്റ്)
പി.മുരളീധരന്
(ജനറല്‍ സെക്രട്ടറി)