ഇന്ത്യയുടെ മകള്‍-ഡോക്യുമെന്ററി നിരോധനം
പിന്‍വലിയ്ക്കുക – പരിഷത്ത്

ഡല്‍ഹി ബലാല്‍സംഗ കേസിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സംവിധായികയായ ലെസ്ലി വുഡ്‌വിന്‍ ‘ഇന്ത്യയുടെ മകള്‍’ (കിറശമ’ െഉമൗഴവലേൃ) എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ ‘നിര്‍ഭയ’ സംഭവത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന ഇന്ത്യന്‍ മനസ്സിനെയാണ് പ്രസ്തുത ഡോക്യുമെന്ററി പ്രതിനിധീകരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വത്തില്‍ നിന്നുമുള്ള പിന്നോട്ട് പോക്കാണ് മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടി.

ഇന്ത്യയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ് ഡല്‍ഹിയില്‍ നടന്ന ഈ കുറ്റകൃത്യം. ഇതിനെ തുടര്‍ന്ന് രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത തരം പ്രതിഷേധ സമരങ്ങളാണ് നടന്നത്. ഈ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് അനുകൂലമായ നിയമ നിര്‍മാണങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ കേസില്‍ ഉള്‍പെട്ട് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പ്രതിയുടേയും പ്രതികളുടെ അഭിഭാഷകന്റേയും അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന വ്യാപകമായ എതിര്‍പ്പുകളുടെ പേരിലാണ് നിരോധനം വന്നിരിക്കുന്നത്. വസ്തുതകളെ യഥാര്‍ഥമായി മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ഉപാധിയായി ഈ വെളിപ്പെടുത്തലുകളെ ഉപയോഗിക്കുകയാണ് വേണ്ടത്. ഇനിയും ‘നിര്‍ഭയ’ മാര്‍ സൃഷ്ടിക്കപ്പെടാതിരിയ്ക്കാന്‍ ഇത് ആവശ്യമാണ്. കുറ്റവാളിയുടേയും അഭിഭാഷകരുടേയും ജുഗുപ്‌സാവഹമായ പരാമര്‍ശങ്ങള്‍ അത്യന്തം മനുഷ്യത്വ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ഈ ഡോക്യുമെന്ററി നല്‍കുന്നുണ്ട്. ഇന്ത്യന്‍ മനസ്സാക്ഷിക്കു നേരെ പിടിച്ച ഒരു കണ്ണാടി എന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ഡോക്യുമെന്ററി നിരോധിച്ച നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നാളെ (10-03-2015) പരിഷത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഡോ.എന്‍.കെ.ശശിധരന്‍പിള്ള
പ്രസിഡണ്ട്

വി.വി.ശ്രീനിവാസന്‍
ജനറല്‍ സെക്രട്ടറി

Categories: Updates