ഡോ. എം.പി. പരമേശ്വരന്റെ മാതൃഭൂമി അഭിമുഖത്തോടുള്ള പ്രതികരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാംഗവും, പരിഷത്ത് സംഘടനയെ ആശയപരമായി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള മുതിര്‍ന്ന പ്രവര്‍ത്തകനുമാണ് ഡോ.എം.പി.പരമേശ്വരന്. അദ്ദേഹത്തിന്റേതായി (24-11-15) മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്നിട്ടുള്ള അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. പരിഷത്തുമായി ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയിട്ടുള്ള ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം തെറ്റിദ്ധാരണ പരത്തുന്നതാണ് എന്ന വിലയിരുത്തലാണ് പരിഷത്തിനുള്ളത്.
കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മുഖ്യമന്ത്രി ആരായിരുന്നാലും ജനക്ഷേമകരമായ നയങ്ങള്‍ക്ക് പരിഷത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരിക്കും. വിമര്‍ശിക്കേണ്ടതിനെ ജനാധിപത്യപരമായി വിമര്‍ശിക്കുകയും ചെയ്യും. പരിഷത്തിന്റെ പിന്തുണയും വിമര്‍ശനവും എല്ലായിപ്പോഴും വ്യക്തികേന്ദ്രീകൃതമല്ല ആശയപരമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുപോലെയുള്ള രാഷ്ട്രീയതീരുമാനങ്ങളെ സ്വാധീനിക്കുക എന്നതല്ല ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉത്തരവാദിത്തം.
തോമസ് ഐസകിന് ബുദ്ധിപരവും അല്ലാത്തതുമായ സഹായം നല്കല് പരിഷത്തിന്റെ ദൗത്യമല്ല. ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിച്ച് സാമൂഹ്യമാറ്റത്തിന് ജനങ്ങളെ സജ്ജരാക്കുക എന്നതാണ് പരിഷത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഊര്‍ജ്ജം, അധികാരവികേന്ദ്രീകരണം തുടങ്ങി സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും തികഞ്ഞ ദരിദ്രപക്ഷപാതത്തോടെ ഇടപെടുകയാണ് പരിഷത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. പരിഷത്ത് മുന്നോട്ടുവെച്ചിട്ടുള്ള മുദ്രാവാക്യം സാക്ഷാത്കരിക്കുന്നതിനു സഹായകമായ ഏതു പരിപാടികളെയും പരിഷത്ത് എന്നും പിന്തുണച്ചിട്ടുണ്ട്. അത്തരം പരിപാടികള്‍ മുന്നോട്ടുവെക്കുന്നവരുടെ രാഷ്ട്രീയവീക്ഷണം പരിഷത്ത് ഒരിക്കലും പരിഗണിക്കാറില്ല.
എം.പി.പരമേശ്വരന് തികച്ചും വ്യക്തിപരമായി നല്‍കിയിട്ടുള്ള അഭിമുഖത്തിലെ വിവാദങ്ങളില്‍നിന്ന് പരിഷത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളോട് സംഘടനക്കുള്ള വിയോജിപ്പ് ഞങ്ങള്‍ തുറന്ന് പ്രഖ്യാപിക്കുന്നു.
ഡോ.കെ.പി.അരവിന്ദന് പി.മുരളീധരന്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി