പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ മെത്രാന്‍കായല്‍ പാടശേഖരവും ആറന്മുളയില് വിമാനത്താവളത്തിനായി നികത്തിയ ആറന്മുള പുഞ്ചയും സര്‍ക്കാര്‍ മുന്‍കയ്യില്‍ കൃഷി ചെയ്യാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നെല്‍വയലുകളെ വിനോദ സഞ്ചാര വികസനത്തിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപമാറ്റം വരുത്തുന്ന പ്രവണതയ്ക്കെതിരായുള്ള ശക്തമായ ഒരു സന്ദേശം ഇത് നല്‍കും. എന്നാല്‍ വിവിധ മേഖലകളില്‍ വിനോദസഞ്ചാര വ്യവസായം ലക്ഷ്യമിട്ട് നികത്തുന്നതിന് വേണ്ടി കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള വയലുകള്‍ വേറെയുമുണ്ട്. കുമരകത്ത് തന്നെ മെത്രാന് കായല്‍ കൂടാതെ മുന്നൂറിലധികം ഏക്കര്‍ നെല്‍വയല്‍ വിവിധ കാരണങ്ങളാല്‍ തരിശായി കിടക്കുണ്ട്. സംസ്ഥാനത്തുടനീളം ഈ പ്രവണതയുണ്ട്. ഈ ഭൂമിയത്രയും സര്‍ക്കാര്‍ ചെലവില്‍ കൃഷിയിറക്കുക സാധ്യമല്ല. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ പ്രവര്‍ത്തനം മെത്രാന് കായലിലും ആറന്മുളയിലും മാത്രമായി ഒതുങ്ങാനും പാടില്ല. അതുകൊണ്ട് തരിശ് കിടക്കുന്ന വയലുകള്‍ കൃഷി യോഗ്യമാക്കാന്‍ ജനപങ്കാളിത്തത്തോടുകൂടിയ ആസൂത്രിത പദ്ധതി ആവശ്യമുണ്ട്. ഭൂമി ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന ഉടമകള്‍ കൃഷി ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ അതിന് തയ്യാറുള്ളവര്‍ക്ക് കൈമാറി ക്കൊടുക്കണം. അങ്ങനെയൊരു നിര്‍ദ്ദേശം നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉണ്ട്. മെത്രാന്കായലിന് സമീപമുള്ള, കര്‍ഷക തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന, പൊങ്ങലക്കരി കോളനി നിവാസികള്‍ ഈ നിലം കൃഷി ചെയ്യാന്‍ താത്പര്യം കാണിച്ചിട്ടുണ്ട്. ഇവിടെ മുമ്പ് കൃഷിയിറക്കിയിരുന്നപ്പോള് ഈ തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. വീണ്ടും നിലം കൃഷിയോഗ്യമാകുമ്പോള് ഉടമകള്‍ കൃഷി ചെയ്യുന്നില്ലെങ്കില്‍ ഭൂമി കൃഷി ചെയ്യുന്നതിനായി ഇവര്‍ക്ക് വിട്ടുകൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍ അത് കേരളത്തിലെ ഭൂപരിഷ്കരണ പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാകും. ആറന്മുളയിലും ഈ സാധ്യത പരിശോധിക്കണം. ഒരോ തരിശ് ഭൂമിയും ഇപ്രകാരം കൃഷി ചെയ്യാന്‍ തയ്യാറുള്ളവരെ കണ്ടെത്തി അവരെ ഏല്‍പ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടി ക്രമങ്ങള്‍, കൃഷി ചെയ്യുന്നവരുടെ സംഘടനാരൂപം എന്നിവയൊക്കെ വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് കഴിയും. ഇതിനായി അധികാരവികേന്ദ്രീകരണത്തിന്റെ സാധ്യത ഉപയോ ഗപ്പെടുത്തണമെന്നും ജനപങ്കാളിത്തത്തോടെയുള്ള ഒരു കര്‍മപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ഡോ.കെ.പി. അരവിന്ദന് പി. മുരളീധരന്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി