തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്‌കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
​പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതിലും മനുഷ്യാവകാശലംഘനം നടത്തുന്നതിലും കുപ്രസിദ്ധമായ കമ്പനിയാണ് വേദാന്തഗ്രൂപ്പ്. ഒറീസ്സയില്‍ അവര്‍ നടത്താനിരുന്ന ബോക്‌സൈറ്റ് ഖനനം ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
​ഗുരുതരമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്നതിനുള്ള അവസരമാക്കുകയാണ് ഇത്തരം കമ്പനികള്‍. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണം.

Categories: Updates