നദീസംയോജന പദ്ധതി സര്‍ക്കാര്‍ അലംഭാവം വെടിയണം. പമ്പാ – അച്ചന്‍കോവില്‍ – വൈഗാ നദീസംയോജനം യാഥാര്‍ത്ഥ്യമായാല്‍ അത് കേരളത്തിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാടിനെ പമ്പയുടെ ദാനം എന്നു വിശേഷിപ്പിക്കുന്നത് പ്രദേശത്തിന്റെ നിലനില്‍പ്പ് എത്രമാത്രം ജലപരിസ്ഥിതിയെ ആശ്രയിച്ചു നില്ക്കുന്നു എന്നതിന് തെളിവാണ്. കേരളം ജല സമൃദ്ധമാണെന്നോ ജലം മിച്ചമാണെന്നോ ഉള്ള പഴയധാരണ ഇന്നാരും വെച്ചുപുലര്‍ത്തുന്നില്ല. കേരളത്തിന്റെ സവിശേഷമായ കാര്‍ഷികരീതിക്കും കാലാവസ്ഥയ്ക്കും ആവാസവ്യവസ്ഥ്യയ്കും ഒക്കെ കാരണമായിരിക്കുന്നത് ഈ സംസ്ഥാനത്തെ 44 നദികളും അതിലൂടെ ഒഴുകുന്ന വെള്ളവും തന്നെയാണ്.
പലവിധകരാണങ്ങള്‍ കൊണ്ട് കേരളത്തിലെ ജലാശയങ്ങളൊക്കെ നഷ്ടമാവുകയും കേരളം വരള്‍ച്ചയുടെ പിടിയിലേക്ക് വീണുപോകാറുമുണ്ട്.വേനല്‍കാലത്ത് പലപ്പോഴും കുട്ടനാട്ടിലും ആലപ്പുഴ ജില്ലയിലാകെയും പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത് കഴിഞ്ഞകുറേ വര്‍ഷങ്ങളായി ആവര്‍ത്തിച്ച് സംഭവിക്കുന്നതാണ്. സൂചിപ്പിക്കുന്നത്. ജലം മലിനമാകുന്നതാണ് ഇതിന്റെ മുഖ്യകാരണം.പമ്പയിലൂടെ തുടര്‍ച്ചയായി പടിഞ്ഞാറോട്ട് ഒഴുക്കുനിലനിര്ത്തിയാല് മാത്രമേ കുട്ടനാട്ടില്‍ ഇപ്പോള്‍ ലഭിക്കുന്ന തോതിലെങ്കിലും ശുദ്ധജലം ലഭിക്കു എന്നതും വസ്തുതയാണ്. അന്താരാഷ്ട്ര തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും തല്‍ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റം പോലുള്ള ആഘാതങ്ങളും നിലവിലുള്ള സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അഖിലേന്ത്യാതലത്തില്‍ നദീസംയോജന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. പദ്ധതിതുടരാന് ഇന്ത്യന്‍ സുപ്രീംകോടതി തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ആസന്നഭാവിയില്‍ തന്നെ പദ്ധതിപ്രവര്‍ത്തനം തുടങ്ങുവാന്‍ ഇടയുണ്ട്.സ്വാഭാവികമായും പമ്പാ – അച്ചന്‍കോവില്‍ –വൈഗാ നദീസംയോജന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. മദ്ധ്യകേരളത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ഈ പദ്ധതിക്കെതിരായ ജനകീയ സമരനിര ഉയര്‍ന്നുവരേണ്ടത് ആവശ്യമാണ്.എന്നാല്‍ ഇത് സംബന്ധിച്ച് സംപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ല എന്ന വിചിത്രമായ നിലപാടാണ് കേരളത്തിലെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഒരു വിധിപുറപ്പെടുവിച്ചുകൊണ്ട് കേന്ദ്രസര്്കകാരിനോട് ആവശ്യപ്പെടുന്ന വിഷയം കേരളത്തിന് മാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യം സാമാന്യബുദ്ധിയുള്ള ഏവരും ഉന്നയിക്കാം.
യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടേത് പദ്ധതിനടത്തിപ്പിന്റെ ഭീമമായ അപകടങ്ങളെക്കുറിച്ച് സുപ്രീംകോടതിയേയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുകയും നിര്‍ദ്ദിഷ്ട നദീസംയോജന പദ്ധതിയില്‍ നിന്നും പമ്പാ–അച്ചന്‍കോവില്‍ വൈഗാ പദ്ധതിയെ എങ്കിലും ഒഴിവാക്കിയെടുക്കുകയും ചെയ്യുകയെന്നതാണ്.പദ്ധതിയിലെ മറ്റ് നദികളുടെ സെയോജനത്തിന്റെ കാര്യത്തിലും വിപുലവും ശാസ്ത്രീയവുമായ പരിസരാഘാതപഠനം നടത്തിമാത്രമേ തീരുമാനം എടുക്കുവാന്‍ കഴിയൂ. അതിന് കേന്ദ്രസര്‍ക്കാരിനെ നിര്ബന്ധിക്കുകുയം വേണം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കേരളസര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്.പദ്ധതി നമുക്ക് ബാധമാകില്ല എന്ന് പറഞ്ഞ് നിശബ്ദമായിരുന്നാല്‍ അപകടം ബോധ്യപ്പെട്ടുവരുമ്പോഴേക്കും നമ്മള് വൈകിപ്പോയിരിക്കും. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കെ.ടി രാധാകൃഷ്ണന് ടി.പി ശ്രീശങ്കര്‍
പ്രസിഡന്റ് ജന:സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്