http://editionstnt.com/ മാതൃഭാഷയിലൂടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്‌ ഭാഷാ വിരുദ്ധമാണെന്നും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിനവകാശമില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്‌. ലോകമാകെ പരിഷ്‌കൃതസമൂഹം അംഗീകരിച്ച പൊതുതത്വമാണ്‌ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം എന്നത്‌. മാതൃഭാഷ എന്നത്‌ ജനിച്ചുവളരുന്ന കുട്ടി ജീവിതത്തോടൊപ്പം സാംസ്‌കാരികമായി ആര്‍ജ്ജിക്കുന്ന സവിശേഷ സമ്പത്താണ്‌. അതിനാലാണ്‌ ആശയവിനിമയത്തിനും അറിവ്‌ ആര്‍ജ്ജിക്കുന്നതിനും മാതൃഭാഷ അനിവാര്യമാകുന്നത്‌. ഇന്നലെ പുറത്തുവന്ന സുപ്രീംകോടതിവിധി ഈ പൊതുഅക്കാദമിക തത്വങ്ങളെ നിരാകരിക്കുന്നതാണ്‌. ഭാഷാന്യൂനപക്ഷ സമൂഹമായാലും അല്ലാതുള്ളവരായാലും അവരവരുടെ മാതൃഭാഷയിലാണ്‌ പഠിച്ചുതുടങ്ങേണ്ടത്‌. ഇത്‌ കുട്ടിയുടെ മൗലികമായ അവകാശമാണ്‌. ഈ അവകാശത്തിന്റെ നിഷേധത്തിലേക്കാണ്‌ കാര്യങ്ങള്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്‌. ഇതിനെതിരെ ശക്തമായ അഭിപ്രായം ഉയര്‍ന്നുവരണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ സുപ്രധാനവകുപ്പുകളായ സ്‌കൂള്‍ മാനേജ്‌മെന്റ്‌ സമിതി, സ്‌കൂള്‍ വികസന പദ്ധതി തയ്യാറാക്കല്‍ എന്നിവയില്‍ നിന്ന്‌ നേരത്തേത്തന്നെ ന്യൂനപക്ഷ വിദ്യാലയങ്ങളെയും എയിഡഡ്‌ വിദ്യാലയങ്ങളെയും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ചട്ടങ്ങള്‍ക്ക്‌ അതീതമാക്കുകയും ചെയ്‌തിരിക്കുന്നു. ന്യൂനപക്ഷ പദവിയുളള നിരവധി വിദ്യാലയങ്ങളുള്ള കേരളത്തില്‍ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ്‌. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കടക്കം സംരക്ഷണയും പരിഗണനയും നല്‍കിപ്പോന്ന സംസ്ഥാനമാണ്‌ നമ്മുടേത്‌. ആ സംരക്ഷണത്താലാണ്‌ ദുര്‍ബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും വിദ്യാഭ്യാസവും ജീവിതഗുണതയും നേടിയെടുത്തത്‌. ഇത്തരം വിഭാഗങ്ങള്‍ വിദ്യാഭ്യാസ കച്ചവടത്തിലേര്‍പ്പെടുകയും ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ പ്രവേശനം ഉറപ്പുവരുത്തുന്നതിനെതിരെ തിരിയുകയും ചെയ്യുന്നത്‌ നീതീകരിക്കാനാവില്ല. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം പഠിക്കാനുള്ള വിപുലമായ പൊതുവിദ്യാഭ്യാസ സൗകര്യം പൊതുവെ കേരളത്തിലുണ്ട്‌. എന്നാല്‍ ഇതിന്നപവാദമാവുന്ന ഇടങ്ങളില്‍ പുതിയ വിധി അയല്‍പ്പക്കത്ത്‌ പഠിക്കാനുള്ള കുട്ടിയുടെ അവകാശത്തെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.
വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങള്‍ സാമൂഹ്യനീതിയും സാംസ്‌കാരിക പാരമ്പര്യവും തകര്‍ക്കുന്നതാണെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മലയാള ഭാഷയെ സ്‌നേഹിക്കുന്നവരില്‍ നിന്നും അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യര്‍ത്ഥിക്കുന്നു

Categories: Updates