പാഠഭാഗം തിരുത്തല്‍:
നടപടിക്രമം ലംഘിച്ചതില്‍ പ്രതിഷേധിക്കുക
-ശാസ്ത്രസാഹിത്യ പരിഷത്ത്
പത്താംക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം ഒന്നാമധ്യായത്തില്‍ പൊതു വിദ്യാഭ്യാസവകുപ്പു ഭേദഗതി വരുത്തുകയും പകരം പുതിയ ഭാഗം പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കയാണ്.
പഴയ അധ്യായത്തെക്കുറിച്ച് ചില മതനേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തുകയും അത് പരിശോധിക്കുവാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. അവരുടെ ശുപാര്‍ശ പ്രകാരമാണിപ്പോഴത്തെ മാറ്റം എന്നു മനസ്സിലാക്കുന്നു.
പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി കേരളത്തില്‍ മുമ്പും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അതു പരിശോധിക്കുവാന്‍ അക്കാദമിക വിദഗ്ധരുടെ കമ്മിറ്റികളെയാണ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്താറുള്ളത്. പ്രസ്തുത കമ്മറ്റികളുടെ നിര്‍ദേശങ്ങള്‍ എസ്. സി. ഇ. ആര്. ടിയുടെ പരിഗണനയ്ക്കു ശേഷം വിദ്യാഭ്യാസമന്ത്രി അധ്യക്ഷനായുള്ള കരിക്കുലം കമ്മറ്റിയാണ് പരിശോധിച്ച് അവസാന തീരുമാനം കൈക്കൊള്ളാറുള്ളത്.
നിലവിലുള്ള പത്താംതരം പാഠപുസ്തകങ്ങളും കരിക്കുലം കമ്മറ്റി അംഗീകരിച്ചതാണ്. അതില്‍ വരുത്തുന്ന ഏതു മാറ്റവും ഈ കമ്മറ്റിയുടെ അംഗീകാരത്തോടെയായിരിക്കണം. അതാണ് അക്കാദമീയവും ജനാധിപത്യപരവുമായ നടപടിക്രമം. എന്തേ ഈ നടപടിക്രമം സര്‍ക്കാര്‍ പാലിച്ചില്ല?
ചരിത്രപഠനത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളും സമീപന രീതികളും ഉണ്ടാവുക സാധാരണമാണ്. ഈ വ്യത്യസ്തതകള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ മതിയായ തെളിവുകളോടെ അവതരിപ്പിക്കുകയാണു ശരിയായ രീതി. അല്ലാതെ ചരിത്രസത്യങ്ങളെ തമസ്കരിക്കുകയല്ല വേണ്ടത്.
മുമ്പ് പാഠപുസ്തകങ്ങള്‍ സംബന്ധമായ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ‘ടെക്സ്റ്റ്ബുക്ക് കമ്മീഷന്’ എന്നൊരാശയം ഡോ. കെ. എന്‍. പണിക്കരുടെ നേതൃത്വത്തിലുള്ള കമ്മറ്റി മുമ്പോട്ടുവച്ചിരുന്നു. വിദഗ്ധരും യോഗ്യതയുള്ളവരും ഉള്‍പ്പെടുന്ന ഇത്തരമൊരു കമ്മീഷന് രൂപീകരിച്ചിട്ടുമുണ്ട്. പരാതികളുണ്ടെങ്കില്‍ ഈ കമ്മീഷന്റെ മുമ്പാകെ കൊണ്ടുവന്ന് പാഠപുസ്തക പരിശോധന നടത്തുകയാണ് വേണ്ടത്. അതിനുപകരം ആരെങ്കിലും ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ഏതെങ്കിലും കമ്മിറ്റി പരിശോധിച്ച് അതിനു സര്‍ക്കാര്‍ അംഗീകാരം നല്കുന്ന രീതി തെറ്റായ കീഴ്വഴക്കമാണ്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഈ നടപടിക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുകയും നടപടി തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.
കെ. ടി. രാധാകൃഷ്ണന് ടി. പി. ശ്രീശങ്കര്‍
പ്രസിഡണ്ട് ജനറല്‍സെക്രട്ടറി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാനകമ്മറ്റി.