പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല
ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം.
കൊല്ലം പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം അങ്ങേയറ്റം ദു:ഖകരമായ ഒന്നാണ്. അപകടത്തിന്റെ വ്യാപ്തിയും കൊല്ലപ്പെട്ടവരുടെ എണ്ണത്തിലെ വലിപ്പവും എല്ലാ മനുഷ്യസ്നേഹികളിലും വേദനയുളവാക്കുന്നതുമാണ്. യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തിയാല്‍ ഇതൊരു ദുരന്തമല്ല കൂട്ടക്കൊലയാണ് എന്ന് മനസ്സിലാകും. ഒന്നാമതായി മത്സരക്കമ്പം നടത്തുന്നതിന് ആര്.ഡി.ഒ. അനുമതി നിഷേധിച്ചിരുന്നു. പുറമേ പറയുന്നതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തു ഉപയോഗിക്കും എന്ന് വ്യക്തമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് നടത്തിയതിന്റെ ഫലമായി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സര്‍വ്വോപരി പ്രദേശവാസികള്‍ ഇതിനെതിരെ പരാതിപ്പെടുകയും കമ്പം തടയുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ബോധപൂര്‍വ്വം അവഗണിച്ചുകൊണ്ടാണ് കമ്പം നടത്തിയത്. മതചടങ്ങുകള്‍ക്ക് പൊതുജീവിതത്തിന്റെ മേലും നിയമ വ്യവസ്ഥയുടെ മേലും ഉണ്ടാകാന്‍ പാടില്ലാത്ത വിശ്വാസപരമായ ആധിപത്യം ആണ് അപകടത്തിലേയ്ക്ക് നയിച്ചത്. ആ നിലയ്ക്ക് ഇതിനെ ഒരു കൂട്ടക്കൊലയായി കണ്ട് സംഘാടകര്‍ക്ക് എതിരെ നിയമനടപടിയെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന മന: പൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പ് തികച്ചും ദുര്‍ബലമാണ്.
തങ്ങള്‍ അനുവാദം നിഷേധിച്ചിരുന്നു എന്നത് കൊണ്ടുമാത്രം ഇതില്‍ അധികാരികള്‍ക്കുള്ള പങ്ക് ഇല്ലാതാകുന്നില്ല. നിരോധിക്കപ്പെട്ട ഒരു പരിപാടി പരസ്യമായി സംഘടിപ്പിക്കുന്നു എന്ന വിവരം അവര്‍ക്കറിയാമായിരുന്നു. അത് തടയാനുള്ള നിയമപരമായ ബാദ്ധ്യത അവര്‍ നിര്‍വ്വഹിച്ചില്ല. ഇത്തരത്തില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥമേധാവികള്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ട് എന്ന നിഗമനത്തില്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.
ഏറ്റവും പ്രധാനം ആര്‍ക്ക്, എന്ത് തരത്തിലുമുള്ള അസൗകര്യങ്ങള്‍ ഉണ്ടായാലും ഇത്തരം ആചാരങ്ങളെല്ലാം പരമ പവിത്രമാണെന്നും അവയെ തടയാനാവില്ലെന്നമുള്ള മനോഭാവത്തിന് മാറ്റം വരണം. വെടിക്കെട്ട് അപകടം മാത്രമല്ല, ആന ഇടഞ്ഞുള്ള അപകടങ്ങളും തിക്കും തിരക്കും മൂലമുണ്ടാകുന്ന ഗതാഗത സ്തംഭനങ്ങളുമൊക്കെ ഇത്തരം മതചടങ്ങുകള്‍ പൊതു സമൂഹത്തിന് വരുത്തുന്ന ദുരാഘാതങ്ങളാണ്. ഈ സാഹചര്യത്തില്‍ എല്ലാ ആഘോഷങ്ങളും പൊതുവായ ചട്ടങ്ങളാലും നിയമങ്ങളാലും നിയന്ത്രിക്കേണ്ടതുണ്ട്. ഏത് മത വിഭാഗത്തിന്റേതായാലും ആരാധനാലയത്തില്‍ ലഭ്യമായ പശ്ചാത്തല സൗകര്യത്തിനുള്ളില്‍ സുരക്ഷിതമായി നടത്താവുന്ന ചടങ്ങുകള്‍ മാത്രമേ അനുവദിക്കാവൂ. അവിടെ ലഭ്യമായ സ്ഥലസൗകര്യങ്ങള്‍, ആരാധാനാലയത്തില്‍ നിന്ന് പാര്പ്പിടങ്ങളിലേയ്ക്കും വിദ്യാലയങ്ങള്‍ അങ്ങാടികള്‍ തുടങ്ങിയ പൊതു ഇടങ്ങളിലേയ്ക്കുമുള്ള അകലം, ചുറ്റുമുള്ള ജനസാന്ദ്രത, ജനങ്ങളുടെ സാമൂഹ്യ ആരോഗ്യ നിലവാരം, ഗതാഗത സൗകര്യങ്ങള്‍, ലഭ്യമായ വാര്‍ത്താവിനിമയ ഉപാധികള്‍, ഏര്‍പ്പെടുത്താന്‍ കഴിയുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ ആരാധനാലയത്തേയും ഗ്രേഡ് ചെയ്യണം. ഓരോ ഗ്രേഡിലും വരുന്ന ആരാധനാലയങ്ങളില്‍ ഒരു സമയത്ത് അനുവദനീയമായ ജനക്കൂട്ടം, വാണിഭക്കാര്‍, വെടിക്കെട്ടിന്റെ വലിപ്പം, പ്രദര്‍ശിപ്പിക്കാവുന്ന വന്യമൃഗങ്ങള്‍ എന്നിവയുടെ പരമാവധി എത്രയെന്ന് മുന്‍കൂട്ടി തീരുമാനിക്കണം. ഈ പരിധിക്കുള്ളിലേ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്താന്‍ അവശ്യമായ ഒദ്യോഗിക മോണിറ്ററിംഗ് സംവിധാനവും ഉണ്ടാകണം. പരിധി ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ നിയമം മൂലം ഉറപ്പ് വരുത്തുകയും വേണം. സമീപകാലത്ത് വിവിധ മത ജാതി സംഘങ്ങളുടെ ആരാധനാലയങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പുതിയ ചടങ്ങുകളും ആചാരങ്ങളും രൂപപ്പെട്ട് വരുന്നുണ്ട്. മുമ്പ് വളരെ ചെറിയ തോതില്‍ നടന്നിരുന്ന ഇത്തരത്തിലുള്ള പലതും കൂടുതല്‍ വിപുലമാകുന്നുണ്ട്. ഭക്തിയേക്കാളുപരി വിശ്വാസ ബാഹ്യമായ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളാണ് ഇവയുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഭക്തിവളര്ച്ച കൂട്ടക്കൊലകളിലേയ്ക്ക് നയിക്കുന്നത് തടയാന്‍ പര്യാപ്തമായ പൊതു ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കി സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇനിയും അമാന്തമരുത്.
പി. മുരളീധരന്
ജനറല്‍ സെക്രട്ടറി