കേരളത്തില്‍ വീണ്ടും ഡിഫ്തീരിയ മരണങ്ങള് ഉണ്ടായിരിക്കുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ അനാഥാലയത്തില്‍ താമസിക്കുന്ന ഒരു കുട്ടി ഡിഫ്തീരിയ ബാധിച്ച് ഇന്നലെ മരിച്ചു. മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഏതാനും കുട്ടികള്‍ നിരീക്ഷണത്തിലാണ്. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ശിശുമരണനിരക്ക് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വ്വദേശിയ പ്രശസ്തി കൈവരിച്ച് കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശിശുമരണത്തിന് കാരണമാകുന്ന രോഗങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വ്വത്രിക ഇമ്മ്യൂണെസേഷന്‍ പരിപാടിയിലൂടെ ഭാഗമായി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്ത സംസ്ഥാനമായിരുന്നു കേരളം.
എന്നാല്‍ ഇപ്പോള്‍ രോഗം ബാധിച്ച എല്ലാവരും പ്രതിരോധ കുത്തിവെപ്പ് കിട്ടാത്ത കുട്ടികളാണ്. ഇതുപോലെ നിരവധി കുട്ടികള്‍ ഉള്ള പ്രദേശങ്ങളില്‍നിന്ന് രോഗം മുതിര്‍ന്നവരിലേക്കും പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത മറ്റു കുട്ടികളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഡിഫ്തീരിയക്കും മറ്റും എതിരെയുള്ള ഡി.പി.ടി കിട്ടിയ മുതിര്‍ന്നവരില്‍ പലര്‍ക്കും തുടര്‍ന്ന് കാലാകാലങ്ങളില്‍ ബൂസ്റ്റര്‍ഡോസ് നല്‍കാത്തതിന്റെ ഫലമായി ഡിഫ്തീരിയക്കെതിരെയുള്ള പ്രതിരോധശേഷി കുറവാണെന്നുള്ളതാണ് ഇതിന് കാരണം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അവിടെ കുട്ടികളില്‍ ഡി.പി.ടി കുത്തിവെപ്പുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ 1994ല്‍ ഡിഫ്തീരിയ രോഗം പൊട്ടിപ്പുറപ്പെടുകയും അയ്യായിരത്തോളം പേര് മരിക്കുകയും ഉണ്ടായി. ഇത് നമുക്ക് പാഠം ആകേണ്ടതാണ്.
ഇത്തവണ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരും ഒരു ഓര്‍ഫനേജിലെ അന്തേവാസികളാണ്. ഒരര്‍ത്ഥത്തില്‍ മാരകരോഗങ്ങള്‍ക്കെതിരെ പ്രതിരോധം ലഭിക്കാനുള്ള കുട്ടികളുടെ അവകാശം നിഷേധിച്ച ഓര്‍ഫനേജ് അധികൃതരാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍. എന്നാല്‍ ഒരുപക്ഷെ, അവരെ കുപ്രചരണങ്ങള്‍ കൊണ്ട് വഴി തെറ്റിച്ചവരാണ് കൂടുതല്‍ വലിയ കുറ്റവാളികള്‍. പ്രതിരോധ ചികിത്സക്കെതിരെ കുരിശുയുദ്ധം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി വാക്സിനേഷനെതിരെ തികച്ചും അശാസ്ത്രീയമായ വാദഗതികള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നുവരികയാണ്. പ്രകൃതിചികിത്സകര്‍, ഹോമിയോപ്പതിക്കാര്‍ എന്നിവര്‍ക്ക് പുറമേ ഡോക്ടര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരും മനുഷ്യാവകാശ പ്രവര്‍ത്തകരായ ചില ഡോക്ടര്‍മാരും വാക്സിന് വിരുദ്ധ പ്രചാരണം വ്യാപകമായി നടത്തിവരുന്നുണ്ട്. ദുര്‍ബല ജനവിഭാഗങ്ങളെയും സാമൂഹ്യ പിന്നാക്കാവസ്ഥയയിലുള്ളവരെയുമാണ് ഇവരുടെ പ്രചാരണം സ്വാധീനിച്ച് വരുന്നതെന്നാണ് മലപ്പുറം സംഭവം വെളിപ്പെടുത്തുന്നത്. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്നും ഭൂമി പരന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഒരു ആഗോള ഗൂഢാലോചനയുടെ പരിണത ഫലമാണെന്നും വിശ്വസിക്കുന്നവര്‍ ഇപ്പോഴും ഈ ലോകത്തുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്കൊണ്ട് ഒരു ഗുണവുമില്ലെന്ന് പ്രഖ്യാപിക്കുന്ന വാക്സിന്‍വിരുദ്ധര്‍ ചെയ്യുന്ന ദ്രോഹം കൂടുതല്‍ അപകടകരമാണ്. ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍കൊണ്ടുള്ള ഒരോ മരണത്തിനും ഇക്കൂട്ടര്‍ മറുപടി പറയേണ്ടതായിട്ടുണ്ട്.
കളിക്കാനും പഠിക്കാനും ജീവിക്കാനുമൊക്കെയുള്ള കുട്ടികളുടെ അവകാശങ്ങള്‍ ഒരു ആധുനിക സമൂഹമെന്ന നിലയില്‍ നാം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗപ്രതിരോധ ചികിത്സ കിട്ടുകയെന്നത് നിര്‍ബന്ധമായും ഇതില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കൂടുതല്‍ ദുരന്തങ്ങള്‍ക്കായി കാത്ത് നില്‍ക്കാതെ വാക്സിനേഷന് വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതപ്പെടുത്തണമെന്നും ശിശുരോഗവിദഗ്ധരും ആരോഗ്യ പ്രവര്‍ത്തകരും വാക്സിനേഷനെതിരായ കുപ്രചാരണങ്ങള്‍ക്കെതിരെ വിപുലമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ.കെ.പി. അരവിന്ദന് പി. മുരളീധരന്
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി