രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ യോഗ്യതാ പരീക്ഷ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങളോ സ്വകാര്യ കോളേജുകളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് ഇനിമേല്‍ സാധുതയുണ്ടായിരിക്കുകയില്ലെന്നുമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. പൊതുയോഗ്യതാപരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ഈ പൊതു പരീക്ഷ ഇംഗ്ലീഷ് ഭാഷയിലോ ഹിന്ദി ഭാഷയിലോ എഴുതുവാന്‍ മാത്രമേ കുട്ടികള്‍ക്ക് അനുവാദമുള്ളു.
എന്നാല്‍ നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രാദേശിക ഭാഷകളാണ് അധ്യയന മാധ്യമമായി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വ്യത്യസ്ത ഭാഷകളില്‍ പഠനം നടത്തി വരുന്ന കുട്ടികള്‍ക്ക് കഴിവും അഭിരുചിയും ഉണ്ടെങ്കില്‍ പോലും അത് പ്രകടിപ്പിക്കുന്നതിന് ഭാഷ തടസ്സമായി വരുന്നു. ഇത് സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന കുട്ടികളുടെ ഈ മേഖലയിലേക്കുള്ള പ്രവേശനത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഈ സാഹചര്യത്തില്‍ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ നടത്തപ്പെടുന്ന എല്ലാ പ്രവേശന പരീക്ഷകളും അംഗീകരിക്കപ്പെട്ട എല്ലാ പ്രാദേശിക ഭാഷകളിലും എഴുതുവാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കണമെന്ന് ബഹു. സുപ്രീംകോടതിയോടും അതിനാവശ്യമായ ഇടപെടല്‍ നടത്തണമെന്നും കേരള സര്‍ക്കാരിനോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

Categories: Updates