കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിക്കൊണ്ട്, നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. മറ്റെന്തിനും മീതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അവികസിതരാജ്യങ്ങളിലെ ജനങ്ങളൊടു കാണിക്കുന്ന നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും ഉത്തമോദാഹരണമാണ് ഭോപ്പാലിലെ കൂട്ടക്കൊല. അതിനിരയാക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുപകരം ബഹുരാഷ്ട്രക്കുത്തകക്കമ്പനിയെയും അതിന്റെ അമരക്കാരെയും രക്ഷപ്പെടുത്താനും കുറ്റവിമുക്തമാക്കാനും ഭരണകൂടവും അന്വേഷണ ഏജന്‍സികളും കാണിച്ച വ്യഗ്രതയാണ് ഈ വിധിയിലേക്കെത്തിച്ചത് എന്നത് ഏറെ ലജ്ജാകരവും അപലപനീയവുമാണ്. ഭോപ്പാല്‍ കൂട്ടക്കൊലമുതല്‍ ഇന്നലത്തെ വിധിന്യായം വരെയുള്ള നാള്‍വഴികള്‍ കുത്തകള്‍ക്കുമുന്നില്‍ ഇന്ത്യന്‍ ഭരണകുടവും നീതിന്യായവ്യവസ്ഥയും നടത്തിയ കീഴടങ്ങലുകളുടെയും ഒത്തുകളിയുടെയും ചരിത്രമാണ്.
കുടുതല്‍ നഷ്ടപരിഹാരം കിട്ടാവുന്ന തരത്തില്‍ അമേരിക്കന്‍ കോടതികളില്‍ കേസു നടത്തുന്നതിനുപകരം ഇന്ത്യന്‍ കോടതികളിലേക്കു കേസ് മാറ്റാനുള്ള യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ ശ്രമം വിജയിച്ചത് അതിനെ നിയമപരമായി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കള്ളാത്തതുകൊണ്ടാണ്. നഷ്ടപരിഹാരമായി 330 കോടി അമേരിക്കന്‍ ഡോളര്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കേവലം ഇന്‍ഷുറന്‍സ് തുകയും പലിശയും മാത്രം ചേര്‍ത്ത് 47 കോടി യു.എസ്. ഡോളര്‍ നഷ്ടപരിഹാരം സമ്മതിച്ച് കോടതിക്കുപുറത്ത് ഒത്തുതീര്പ്പുണ്ടാക്കയത് ഇതുപ്രകാരമുള്ള ആദ്യകീഴടങ്ങലായിരുന്നു. നാലുലക്ഷം ദുരന്തബാധിതര്‍ക്കായി കേവലം ആയിരത്തഞ്ഞൂറൂ കോടി രൂപ മാത്രം നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത് അതുകൊണ്ടാണ്. ഏറ്റവുമൊടുവില്‍ മന:പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തുവെങ്കിലും അതിനെ താരതമ്യേന ലഘു ശിക്ഷ ലഭിക്കാവുന്ന അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പിലേക്കുമാറ്റാന് സുപ്രീം കോടതി ഉത്തരവിട്ടത് ദുരന്തബാധിതര്ക്കേറ്റ മറ്റൊരു പ്രഹരമായിരുന്നു.
യഥാര്‍ത്ഥത്തില്‍ മനപൂര്‍വമായ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടിയിരുന്നതെന്ന് ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെ വസ്തുതകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യമാകും. മീതൈല്‍ ഐസോസൈനേറ്റ് എന്ന വാതകം വലിയ ടാങ്കില്‍ ശേഖരിച്ചിരുന്നത് യാദൃഛികമായി ടാങ്കിലെത്തിയ ജലവുമായി പ്രതിപ്രവര്‍ത്തിച്ച് 200 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടുയരുകയും തദ്ഫലമായുണ്ടായ മര്‍ദം മുലം 40 ടണ്‍ വാതകം ചോര്‍ന്ന് ദുരന്തമുണ്ടാവുകയുമാണ് സംഭവിച്ചത്. സെവിന്‍ എന്ന വ്യാപാരനാമത്തിലുളള കാര്‍ബാറില്‍ കീടനാശിനി ഉണ്ടാക്കുന്നതിനുള്ള ഒരു അസംസ്കൃത വസ്തു എന്ന നിലയിലായിരുന്നു മാരകവിഷമുള്ള മീതൈല്‍ ഐസോസയനേറ്റ് കമ്പനി ഉത്പാദിപ്പിച്ചിരുന്നത്. താരതമ്യേന വിഷം കുറഞ്ഞ മറ്റ് അസംസ്കൃത വസ്തുക്കള്‍ ഇതിനുപയോഗിക്കാമായിരുന്നുവെങ്കിലും അതിനു ചെലവു കൂടുമെന്നതിനാല്‍ കമ്പനി അതു ചെയ്തില്ല. യൂണിയന് കാര്‍ബൈഡിന്റെ തന്നെ മീതൈല്‍ ഐസോസയനേറ്റ് ഉത്പാദിപ്പിക്കുന്ന അമേരിക്കയിലെ ഫാക്ടറി ജനവസമില്ലാത്ത പ്രദേശത്തായിരുന്നുവെങ്കില് ഇന്തയില്‍ അത് നഗരമദ്ധ്യത്തില്‍ റെയില്വേസ്റ്റഷനടുത്താണു സ്ഥാപിച്ചത്. ചോര്‍ച്ചയുണ്ടായാല്‍ മറ്റൊരു ടാങ്കില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം, പിന്നെയും ചോര്ച്ചയുണ്ടായാന് കാസ്റ്റിക് സോഡ ഉപയോഗിച്ചോ അതും പരാജയപ്പെട്ടാല്‍ വെള്ളം സ്പ്രേ ചെയ്തോ നിര്‍വീര്യമാക്കുന്നതിനുള്ള സംവിധാനം, എന്നിട്ടും ചോര്‍ച്ച തുടര്‍ന്നാല്‍ അപകടസൈറണ്‍ മുഴക്കാനുള്ള സംവിധാനം, അപകടസമയത്തു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ജനങ്ങള്‍ക്കുള്ള മാസ് റിഹേഴ്സല്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ ഇത്തരമൊരു ഫാക്ടറിയില്‍ ആവശ്യമായിരുന്നു. അമേരിക്കന്‍ ഫാക്ടറിക്ക് ഈ സുരക്ഷാ മുന്കരുതലുകളെല്ലാമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ അതൊന്നുപോലും അപകടസമയത്ത് പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. 1976നും അപകടമുണ്ടായ 1984 നും ഇടയ്ക്ക് പത്ത് ചെറിയ ചോര്ച്ചകളിലായി ഏതാനും തൊ ഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരമോരു വന്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അവിടെ പരിശോധിച്ച ഇന്ത്യയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞര്‍ മുന്നറിയപ്പു നല്കുകകയും ചെയ്തിരുന്നു.
ഇത്രയും വസ്തുതകളെ അവഗണിച്ചുകൊണ്ടാണ് മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തതെന്നിരിക്കെ അതുപോലും മാറ്റി താരതമ്യേന ലഘുവായ ശിക്ഷയ്ക്കുള്ള വകുപ്പാക്കി സുപ്രീകോടതി മാറ്റിയപ്പോള്‍ തന്നെ ഭോപ്പാല്‍ ജനങ്ങള്‍ക്കു നീതി നിഷേധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ച ആണവബാദ്ധ്യതാ ബില്ലിലെ വ്യവസ്ഥകളുടെ അപകടങ്ങളെയും കാണേണ്ടത്. ആണവദുരന്തമുണ്ടായാല്‍ ഉടമസ്ഥരായ കമ്പനികള്‍ക്ക് അതിലുള്ള ഉത്തരവാദിത്വത്തല് നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഏറെ അപകടരമാണെന്ന് ഭോപ്പാല്‍ വിധി നമ്മെ ഓര്‍മപ്പെടുത്തുന്നു. അതുപോലെ, ഇന്ത്യയിലെ വ്യാവസായിക അപകടങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമങ്ങളുടെ അപര്യാപ്തതകളും ഈ വിധി നമ്മെ ബോധ്യപ്പെടത്തുന്നു.
ഈ അവസരത്തില്‍ നീതിനിഷേധത്തിനിരയായ ഭോപ്പാല്‍ ജനതയോട് ഒരിക്കല്‍ കൂടി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ വിധിയുടെ പാഠമുള്‍ക്കൊണ്ട് ബഹുരാഷ്ട്രക്കുത്തകളെ വഴിവിട്ടു സഹായിക്കുന്ന ഉദാരവത്കരണനയങ്ങള്‍ ഉപേക്ഷിക്കണമെന്നും ആണവബാദ്ധ്യതാ ബില്‍ പുന:പരിശോധിക്കണമെന്നും രാജ്യത്തെ വ്യാവസായിക സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ ജനസൌഹൃദപരവും കല്ക്കശവുമാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടും ഇതിനാവശ്യമായ ജനകീയ പ്രക്ഷോഭമുയര്ത്തിക്കൊണ്ടുവരണമെന്ന് പൊതുജനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.