സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപഭോഗം കേരളത്തെയും പ്രത്യേകിച്ച് വയനാട്ടിലെ ആദിവാസികളെയുംവലിയ വിപത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് നൂല്‍പുഴ മാതമംഗലത്ത് സമാപിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.

ജനകീയ മുന്നേറ്റങ്ങളിലൂടെ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്ന തലത്തിലേക്ക് മദ്യപാനവും വിപത്തുകളും വര്‍ധിച്ചിരിക്കുന്നു. വയനാട്ടിലെ ആദിവാസി സമൂഹമാണ് മദ്യവിപത്തിന്‍െറ ദുരന്തം വലിയതോതില്‍ അനുഭവിക്കുന്നത്. അധ്വാനശേഷിയെയും ആയുസ്സിനെയും ഇത് ബാധിച്ചിരിക്കുന്നു. ആദിവാസി ഊരുകളില്‍ 50 വയസ്സിനുമേല്‍ ജീവിക്കുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. കൃഷിപ്പണിക്കുവേണ്ടിയും മറ്റും ആദിവാസികളുടെ മദ്യാസക്തി ചൂഷണംചെയ്ത് അവരെ നശിപ്പിക്കുന്നതില്‍ പൊതുസമൂഹം കുറ്റകരമായ നിലപാടാണ് എടുക്കുന്നത്. ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണിന്ന് കേരളം. കുട്ടികള്‍ ചെറുപ്രായത്തിലേ മദ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും ഇനിയുംപ്രശ്നത്തില്‍ ഇടപെടാതിരിന്നു കൂടാ. മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് സര്‍ക്കാറുകളെ വിഷയത്തില്‍ അയഞ്ഞ സമീപനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല. മദ്യാസക്തിക്കെതിരെ പരിഷത്ത്വര്‍ഷം ശക്തമായ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി കെ.ടി. ശ്രീവത്സന്‍ (പ്രസി.,) കെ. വിശാലാക്ഷി, കെ.കെ. സുരേഷ്കുമാര്‍ (വൈ. പ്രസി.), എം.ഡി. ദേവസ്യ (സെക്ര.), കെ.കെ. രാമകൃഷ്ണന്‍, എം. ദേവകുമാര്‍ (ജോ. സെക്ര.) ടി.പി. സന്തോഷ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Categories: Updates