മദ്യനിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ട മന്ത്രിയെന്ന നിലയില്‍ ഇന്ന്‌ താന്‍ ദുഖിക്കുന്നുവെന്ന്‌ കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ വേണം മദ്യവിമുക്ത കേരളം സംസ്ഥാനതല ക്യാമ്പയിന്‍ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കവെയാണ്‌ ഗൗരിയമ്മ ഇത്‌ പറഞ്ഞത്‌.

1967 നുമുന്‍പ്‌ കേരളത്തില്‍ പലസ്ഥലങ്ങളിലും മദ്യനിരോധനം നിലവിലിരുന്നു. അന്ന്‌ നടന്ന പല വ്യാജമദ്യ ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ അന്നത്തെ ഗവണ്‍മെന്റ്‌ ഇത്തരത്തിലൊരു തീരുമാനം എടുത്തത്‌. എന്നാല്‍ ഇന്ന്‌ കേരളം മദ്യത്തില്‍ മുങ്ങിക്കുളിക്കുകയാണ്‌. സര്‍ക്കാരുകള്‍ മദ്യനിരോധനത്തിന്‌ മടിക്കുകയാണ്‌. മദ്യത്തില്‍ നിന്നുമുള്ള വരുമാനം ഉപേക്ഷിക്കുവാനുള്ള ധൈര്യം ഏതെങ്കിലും സര്‍ക്കാരിനുണ്ടാവുമോ എന്ന കാര്യം സംശയമാണ്‌. മദ്യത്തിനെതിരായി ജനകീയമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുകയാണ്‌ നമുക്കിനി ചെയ്യാനുള്ളത്‌. അതിനായി പരിഷത്തിന്റെ ശ്രമങ്ങളില്‍ താനുമൊപ്പമുണ്ടാകുമെന്ന്‌ ഗൗരിയമ്മ പ്രസ്‌താവിച്ചു.

ആലപ്പുഴയിലെ ആര്യാട്‌ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത്‌ വികസന ഉപസമിതി അദ്ധ്യക്ഷന്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ മദ്യാപനത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്ന വിഷവും നിര്‍വ്വാഹക സമിതി അംഗം ഡോ. കെ.ജി രാധാകൃഷ്‌ണന്‍ മദ്യപാനത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയവും അവതരിപ്പിച്ചു. പരിഷത്ത് നടത്തിവരുന്ന വേണം മറ്റൊരു കേരളം സാമൂഹിക വികസനം ക്യാമ്പയിന്റെ തുടര്‍ച്ചയായാണ്പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തയ്യാറാക്കിയ വേണം മദ്യവിമുക്ത കേരളം എന്ന ലഘുലേഖ ഡോ. സൈറുഫിലിപ്പ്‌ പ്രൊഫ. സി.വി. നടരാജന്‌ നല്‍കി പ്രകാശനം ചെയ്‌തു. ലഹരിവിരുദ്ധ ആര്യാട്‌ കര്‍മ്മപരിപാടി പ്രൊഫ. സി. വി. നടരാജന്‍ അവതരിപ്പിച്ചു. ഡോ. എം.പി. പരമേശ്വരന്‍, അഡ്വ. എം. രവീന്ദ്രദാസ്‌, എ. ശിവരാജന്‍, വി. സോജകുമാര്‍, അഡ്വ. റീഗോരാജു, എം. ഡി സലീം എന്നിവര്‍ സംസാരിച്ചു.

എ. ശിവരാജന്‍, സി.കെ ഭാസ്കരന്‍, കെ.ജി രാജേശ്വരി, അഡ്വ. ഡി. ലില്ലി, പി.വി. വിനോദ്, സി.പി സുരേഷ് ബാബു, എന്‍. സാനു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Categories: Updates