കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിനും രൂപമാറ്റം വരുത്തി റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി, നിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ തെളിവുകള്‍ ധാരാളമായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലായി 128 ഏക്കര്‍ തണ്ണീര്‍ത്തടം ഐ.ടി വികസനത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കാനുള്ള തീരുമാനമാണ് ഇത്തരത്തില്‍ ഒടുവിലത്തേത്. നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും നാശം സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികാപടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്. വരള്‍ച്ച, കുടിവെള്ള ക്ഷാമം, ദിനാവസ്ഥയിലുള്ള മാറ്റങ്ങള്‍, അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനവ് എന്നിവയെല്ലാം ഈ പരിസ്ഥിതി മാറ്റത്തിന്റെ കൂടി ഫലമാണ്. നിയമപരമായും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തെറ്റാണ്. ഭൂപരിഷ്‌കരണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം തുടങ്ങി വിവിധ നിയമങ്ങളെ പരസ്യമായി ലംഘിക്കുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിവിധ മത-ജാതി ശക്തികള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ച് നല്‍കിയ വാര്‍ത്തകളും വരുന്നുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭയാനകമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഈ ഭൂദാനവിവരങ്ങള്‍ മുഴുവന്‍ പുറത്ത് വന്നോ എന്നറിഞ്ഞുകൂടാ. ഒരു പക്ഷേ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇഷ്ടക്കാര്‍ക്ക് കൊടുത്തത് ഇനിയും പുറത്ത് വരാനുണ്ടാവും. ഭൂമിശാസ്ത്രപരമായിപ്പോലും കേരളത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന സമീപനമാണിത്. അതു കൊണ്ട് കേരളത്തില്‍ ഏറതല്ലാം ഭൂമി, എത്ര അളവില്‍ ആര്‍ക്കെല്ലാം കൈമാറാനും രൂപമാറ്റം വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അത്തരം തീരുമാനങ്ങളിലേയ്ക്ക് സര്‍ക്കാരിനെ നയിച്ച പശ്ചാത്തലം എന്തായിരുന്നുവെന്നും സര്‍ക്കാര്‍ സ്വമേധയാ വെളിപ്പെടുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ: കെ പി അരവിന്ദന്‍
പ്രസിഡണ്ട്
പി. മുരളീധരന്‍
ജനറല്‍ സെക്രട്ടറി