വനിതാ ദിനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാം തുടങ്ങിവെച്ച സ്ത്രീ സൌഹൃദ പഞ്ചായത്തുകള്‍ – സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായി ജീവിക്കാവുന്ന ഗ്രാമം എന്ന ക്യാമ്പയിന് ഈ വര്‍ഷവും തുടരുവാനാണ് ഫെബ്രുവരി 25 മുതല്‍ 27 വരെ ഐ.ആര്.ടി.സി യില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷികത്തിന്റെ തീരുമാനം. സൗമ്യ, ധനലക്ഷ്മി തുടങ്ങി വിവിധ പേരുകളിലായി സ്ത്രീത്വം വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കേരള സാഹചര്യത്തില്‍, വനിതാദിനമായ മാര്‍ച്ച് എട്ടിന് സാമൂഹ്യസുരക്ഷ മാനവപുരോഗതിക്ക് എന്ന ആശയം മുന്‍നിറുത്തി പരിപാടി സംഘടിപ്പിക്കാനാണ് നമ്മള് ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന ക്യാമ്പയിനായി തെരഞ്ഞെടുത്ത പഞ്ചായത്തില്‍ അന്നേദിവസം വൈകിട്ട് സമത സര്‍ഗ്ഗ സായാഹ്നം നടത്തണം.
വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി രാത്രി കുറഞ്ഞത് 8 മണിവരെയെങ്കിലും നീളണം. രാത്രികള്‍ സ്ത്രീകളുടേതുമാണെന്നും, കേരളത്തില്‍ രാപകല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതയായി സഞ്ചരിക്കാന്‍ സാധിക്കണമെന്നുമുള്ള സന്ദേശം ഈ പരിപാടിയിലൂടെ ഉയര്‍ത്തുവാന്‍ നമുക്ക് കഴിയണം.
സത്രീ സൗഹൃദ പഞ്ചായത്ത് എന്ന ആശയത്തിന്റെ വിശദീകരണവും സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രണങ്ങളെ തുറന്നുകാട്ടിക്കൊണ്ടുള്ള ലഘു അവതരണം. സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, കായിക പരിപാടികള്‍, ചിത്രരചന, പ്രദേശത്ത് ശ്രദ്ധേയരായ സ്ത്രീകളെ ആദരിക്കല്‍ തുടങ്ങി പ്രാദേശിക സാദ്ധ്യതയ്ക്കനുസരിച്ചുള്ള എന്ത് പരിപാടിയും ഈ വേദിയില്‍ സംഘടിപ്പിക്കാം. ഒരു പൊതു സ്ഥലത്ത് കുറഞ്ഞത് 30 -50 സ്ത്രീകള്‍ രാത്രിയില്‍ കൂടിയിരിക്കുന്നു എന്നത് ഉറപ്പുവരുത്തണം.
ഇതിന് തുടര്‍ച്ചയായി സംഘടനയ്ക്കുള്ളിലും പൊതു സമൂഹത്തിലും കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച ക്യാമ്പയിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. അവയുടെ വിശദാംശങ്ങള്‍ പിന്നാലെ അിറയിക്കാം. സമത സര്‍ഗ്ഗ സായാഹ്നത്തിനായി കഴിഞ്ഞവര്‍ഷം നല്‍കിയിട്ടുള്ള ജെന്‍ഡര്‍ കൈപ്പുസ്തകത്തിലെ വിവരങ്ങള്‍ ഉപയോഗിക്കാം. അവയിലുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം നല്‍കുന്നുണ്ട്.
നടത്തിയ പരിപാടികളുടെ വിശദാംശങ്ങള്‍ ജെന്‍ഡര്‍ വിഷയ സമിതി കണ്‍വീനറുടെ പേര്‍ക്ക് അറിയിക്കണേ..
visit : http://samathakssp.blogspot.com/