മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയല്ല, ശാസ്ത്രീയ പ്രശ്നപരിഹാരം തേടുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവനും, പരിസ്ഥിതിക്കും പരിഹരിക്കാനാകാത്തതും പുനര്‍ നിര്‍മ്മിക്കാനാകാത്തതുമായ ദുരന്തസാധ്യതകള്‍ കണ്ടാല്‍ അതിന്മേല് ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കാതെ നടപടിയെടുക്കുവാന്‍ ദേശീയസര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് അന്താരാഷ്ട്ര ധാരണ നിലനില്ക്കുന്നു. 1992ല്‍ റിയോ ഡി ജനിറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ 15-ാം വകുപ്പ് ഇതാണ് സൂചിപ്പിക്കുന്നത് . ഈ പ്രാഖ്യാപനത്തില്‍ ഇന്ത്യസര്‍ക്കാരും ഒപ്പുവെച്ചിട്ടുണ്ട്.
ഇതിനെ മുന്‍കരുതല്‍നയം എന്നാണ് റിയോ പ്രഖ്യാപനം വിശേഷിപ്പിക്കുന്നത്. ഉടമ്പടിയില്‍ ഒപ്പുവയ്ക്കുക വഴി ഇത്തരം ദുരന്തങ്ങള്‍ തടയുമെന്ന് ഇന്ത്യസര്‍ക്കാര്‍ അന്താരാഷ്ട്രസമൂഹത്തിന് ഉറപ്പുനല്‍കിയിരിക്കുകയാണ്. ചില രാജ്യങ്ങളില്‍ ഈ മുന്‍കരുതല്‍ നയം നിയമസംഹിതയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യസര്‍ക്കാരിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ ഒരു വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടോ, ജുഡീഷ്യല്‍ വിധിയോ ആവശ്യമില്ല.
ജനങ്ങള്‍ പരിഭ്രാന്തരാണ്. അവര്‍ക്ക് ആത്മവിശ്വസം പകരുന്ന നടപടികള്‍ ആണ് ഇപ്പോള്‍ ഭരണകൂടം കൈക്കൊള്ളേണ്ടത് അതിനായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ അടിയന്തിര നടപടിയെടുക്കണം. അപകടസാധ്യത ഏറ്റവും കുറയ്ക്കാന്‍ കഴിയുന്ന ഒരു നടപടി അതുമാത്രമാണ്. പുതിയ ഡാം ഇപ്പോള്‍ അനുവദിച്ചാല്‍ പോലും അത് പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നിരിക്കെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരനടപടി എടുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.
കെ.ടി രാധാകൃഷ്ണൻ ടി.പി ശ്രീശങ്കർ
(പ്രസിഡന്റ്) (ജന. സെക്രട്ടറി)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത
(രേഖാചിത്രത്തിന് കടപ്പാട്: വിക്കിമീഡിയ കോമൺസ്)