മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക – സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം

കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് മൈതാനം സെവന്‍ സ്റ്റാര്‍ പദവിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ട്, റസ്റ്ററന്റുകള്‍, കോട്ടേജുകള്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞാല്‍ ആറ് മുതല്‍ പത്ത് വരെ വര്‍ഷത്തേക്ക് ഇരുപത്തയ്യായിരം ആളുകള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി വിവിധ മേഖലകളില്‍ വരുത്തുവാന്‍ പോകുന്ന ആഘാതം എന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രതിവര്‍ഷം പതിനായിരം ക്വിന്റല്‍ നെല്ലുല്‍പ്പാദിപ്പിക്കുന്ന ഒരു കുട്ടനാടന്‍ പാടശേഖരമാണിത്. ഈ പാടശേഖരങ്ങള്‍ പൊതുവേ ഉള്‍നാടന്‍ മത്സ്യങ്ങളടങ്ങുന്ന സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ഉടമകളാണ്. പ്രാഥമിക ഉല്‍പ്പാദന മേഖലയിലെ രണ്ട് സുപ്രധാന ഘടകങ്ങളാണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനവും മത്സ്യബന്ധനവും. ഇതിനേക്കാള്‍ ഉപരിയായി നെല്‍പ്പാടങ്ങള്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മങ്ങളും കണക്കിലെടുക്കണം. കേരളത്തിന്റെ രണ്ട് പ്രധാന നെല്ലുല്‍പ്പാദന കേന്ദ്രങ്ങളില്‍ ഒന്നായ കുട്ടനാടിന്റെ ജൈവപരിസ്ഥിതിയുടെ കേന്ദ്രബിന്ദു നെല്‍പ്പാടങ്ങളാണ്. പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണി എന്ന നിലയില്‍ പാടശേഖരങ്ങള്‍ക്കുള്ള സ്ഥാനവും ജലസംഭംരണം വെള്ളപ്പൊക്കനിയന്ത്രണം നീരൊഴുക്ക് ജൈവരൂപങ്ങളുടെ നിലനില്‍പ്പ് എന്നീ മേഖലകളില്‍ പാടശേഖരങ്ങള്‍ നിര്‍വ്വഹിക്കുന്ന സവിശേഷധര്‍മ്മങ്ങളും കണക്കിലെടുക്കണം. മെത്രാന്‍ കായല്‍ മാത്രമല്ല മറ്റ് നിരവധി പാടശേഖരങ്ങള്‍ സമാനമായ പദ്ധതികള്‍ക്കായി വിവിധ കമ്പനികള്‍ വാങ്ങിക്കൂട്ടുന്നുണ്ടെന്നതാണ് പരിഗണിക്കേണ്ട മറ്റൊരു വസ്തുത. കുമരകം, അയ്മനം, ആര്‍പ്പൂക്കര, വെച്ചൂര്‍ തുടങ്ങിയ മേഖലകളിലായി രണ്ടായിരത്തോളം വരുന്ന നെല്‍പ്പാടങ്ങള്‍ ഇപ്പോള്‍ വിലപേശലിലാണ്. ഈ വയലുകള്‍ കേന്ദ്രമാക്കി വിവിധങ്ങളായ ചെറുത്ത് നില്‍പ്പുകള്‍ രൂപപ്പെട്ട് വരുന്നുണ്ട്. മെത്രാന്‍ കായല്‍ പാടം നികത്തുവാന്‍ അനുമതി നല്‍കിയാല്‍ ഈ മാതൃകയില്‍ മറ്റ് പാടങ്ങളും നികത്തപ്പെടും എന്നതിന് സംശയമില്ല. ഇത് ഭക്ഷ്യോത്പാദനത്തിന്റേയും പരിസ്ഥിതിയുടേയും ജലലഭ്യതയുടേയും അതു വഴി ഈ മേഖലയിലെ മനുഷ്യ ആവാസത്തെ മൊത്തത്തിലും തകര്‍ക്കുമെന്നതില്‍ സംശയമില്ല. പാടം നികത്തി നൂറ്റമ്പത് ഏക്കര്‍ ഗോള്‍ഫ് മൈതാനം നിര്‍മ്മിക്കുന്നത് എന്തു തരത്തിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് പഠിക്കേണ്ടതുണ്ട്. ഗോള്‍ഫ് മൈതാനം പരിപാലിക്കുന്നതിനു വേണ്ടിവരുന്ന സവിശേഷ കീടനാശിനികളും രാസവളങ്ങളും എത്തിച്ചേരുന്നത് വേമ്പനാട്ട് കായലിലേക്കായിരിക്കും. ഇത് ഇപ്പോള്‍ത്തന്നെ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന വേമ്പനാട്ട് കായലിന്റെ ഘടനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. ഇപ്പോള്‍ത്തന്നെ ടൂറിസം സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കായലിനെ മലിനമാക്കുന്നുണ്ട്. ഗോള്‍ഫ് മൈതാനത്തിനാവശ്യമായ അധിക ജല ഉപഭോഗം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 1971 ലെ റാംസര്‍ കണ്‍വെന്‍ഷന്‍ തീരുമാനപ്രകാരം പ്രത്യേകം സംരക്ഷിക്കേണ്ട അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ വേമ്പനാട് നീര്‍ത്തടവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഈ തണ്ണീര്‍ത്തടത്തെ സംരക്ഷിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ഇന്ത്യാഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ട്. കുട്ടനാടിന്റെ പരിപാലനത്തിനുള്ള ശാസ്ത്രീയനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ.എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി ഈ മേഖലയിലെ നെല്‍കൃഷി സംരക്ഷിക്കണമെന്നും വിപുലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2008 ലെ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണനിയമത്തിന്റെ മൂന്നാം വകുപ്പിന്റെ ലംഘനവുമാണിത്. ഈ സാഹചര്യത്തില്‍ മെത്രാന്‍ കായല്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്നും ഈ പാടശേഖരത്ത് അടിയന്തരമായി കൃഷിയിറക്കാന്‍ ഉടമകളോട് ആവശ്യപ്പെടുകയും അവര്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ 2008 ലെ നെല്‍വയല്‍ നീര്‍ത്തടനിയമമനുസരിച്ച് ഭൂമിയില്‍ കൃഷിചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് കൈമാറുകയും ചെയ്യണമെന്ന് കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2010 ഓഗസ്റ്റ് 27,28,29 തീയ്യതികളില്‍ അങ്കമാലി നായത്തോട് മഹാകവി ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന സംസ്ഥാനപ്രവര്‍ത്തക ക്യാമ്പ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Categories: Updates