തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി ആവശ്യപ്പെടുന്നു.

സമൂഹത്തിൽ വിദ്വേഷത്തിന്റെയും വർഗീയതയുടെയും വിഷവിത്തുകൾ പാകി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗോൾവാർക്കർ. രാജ്യത്തെ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായി അദ്ദേഹം വിതച്ച വിദ്വേഷത്തിന്റെ വിത്തുകൾ വളർന്നു പന്തലിച്ച് ഇന്ന് രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയായി മാറിയിരിക്കുന്നു. അതിലുപരിയായി, വംശീയ മേധാവിത്വത്തിന്റെയും വംശീയ യൂജെനിക്‌സിന്റെയും നാസി തത്ത്വചിന്തയിൽ മുഴുകിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ഇന്ന് പൂർണമായും നിരാകരിക്കപ്പെട്ട ജൈവശാസ്ത്ര സിദ്ധാന്തങ്ങളെപ്പോലും വംശീയഭ്രാന്ത് മൂത്ത് വർഗീയമായി ഉപയോഗപ്പെടുത്താൻ മടിയില്ലാതിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും പ്രവർത്തനങ്ങളും തെളിയിക്കുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ പേര് കേരളത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിനുതന്നെ നല്കാനുള്ള ആലോചന പോലും ഞെട്ടലുളവാക്കുന്നതാണ്. ജീവശാസ്ത്രകാരൻമാരോടു മാത്രമല്ല, വ്യക്തികളുടെ അന്തസ്സിലും വിശാല മാനവികതയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള വെല്ലുവിളിയാണിത്. അതിനുമപ്പുറം, ശാസ്ത്രബോധം, മതേതരത്വം, എല്ലാ മനുഷ്യരുടെയും തുല്യത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളോടുള്ള അനാദരവുമാണ്. സർവോപരി, ലോകത്താകെയുള്ള ശാസ്ത്രസമൂഹത്തെ അപമാനിക്കുന്നതും അവരുടെ എതിർപ്പു ക്ഷണിച്ചുവരുത്തുന്നതുമാണ് ഈ നീക്കം.

ആയതിനാൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ജൈവസാങ്കേതികവിദ്യ പഠനകേന്ദ്രത്തിന്റെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരുനല്കാനുള്ള നീക്കം ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് പരിഷത്ത് ശക്തമായി ആവശ്യപ്പെടുന്നു. തികച്ചും ശാസ്ത്രവിരുദ്ധവും ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന ജനവിരുദ്ധവുമായ അഭിപ്രായങ്ങൾ പ്രചരിപ്പിച്ചിരുന്ന ഗോൾവാൾക്കറിന്റെ പേരു ഒരു ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിലെ പഠന കേന്ദ്രത്തിന് നൽകാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധിക്കാൻ ശാസ്ത്രബോധത്തിലും മതേതരമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഏ. പി മുരളീധരന്‍
പ്രസിഡന്റ്

രാധന്‍ കെ
ജനറല്‍ സെക്രട്ടറി