റുബെല്ലാ വാക്‌സിനേഷനെപ്പറ്റി ഇപ്പോഴുണ്ടായ വിവാദം ഖേദകരമാണ്. ഗര്‍ഭിണികള്‍ക്ക് റുബെല്ലാ (ജര്‍മന്‍ മീസില്‍സ്) വരുന്നതുമൂലം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന റുബെല്ലാ സിന്‍ഡ്രോം കേരളത്തില്‍ ഗണ്യമായ ഒരു പ്രശ്‌നമല്ല എന്ന വാദം ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ 2005 ല്‍ മാത്രം 26 കുഞ്ഞുങ്ങള്‍ ഈ രോഗം ബാധിച്ച് പ്രവേശിപ്പിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതാകട്ടെ സംസ്ഥാനത്തെ പൊതു സ്ഥിതിയുടെ ചെറിയ അംശം മാത്രമാണ്. റുബെല്ലാ സിന്‍ഡ്രോം മൂലം വരുന്ന ബുദ്ധിമാന്ദ്യവും ജനിതക വൈകല്യവും പരിഗണിക്കുമ്പോള്‍ ഈ രോഗമുള്ള ഒരു കുഞ്ഞുപോലും ജനിക്കരുത് എന്നതാവണം നമ്മുടെ ലക്ഷ്യം. കേരളത്തിലെ പൊതു ആരോഗ്യ സൂചികകളും രോഗങ്ങളുടെ സ്വഭാവവും ഏതാണ്ട് പാശ്ചാത്യ രാജ്യങ്ങളുടേതിന് സമാനമായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഒരു വശം പല സാംക്രമിക വൈറല്‍ രോഗങ്ങളും (ഉദാ: മീസില്‍സ്, ഇന്‍ഫെക്ഷ്യസ് മോണോ ന്യൂക്ലിയോസിസ്, റുബെല്ലാ) എന്നിവ വളരെ ചെറുപ്രായത്തില്‍ വരുന്ന രീതി മാറി കൗമാരപ്രായത്തിലും പിന്നീടും ഉണ്ടാവുന്നതായി കാണുന്നു. ഇതിനര്‍ഥം വരും കാലങ്ങളില്‍ ആകസ്മികമായെങ്കിലും ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളില്‍ റുബെല്ലാ ബാധിക്കുന്ന സ്ത്രീകളുടെ തോത് വര്‍ധിക്കാനിടയാകും. ഇപ്പോള്‍ റുബെല്ലക്കെതിരായ എം എം ആര്‍ വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ നല്‍കപ്പെടുന്നുണ്ട്. ഇതാകട്ടെ സമൂഹത്തിലെ 20-30 ശതമാനം സമ്പന്ന വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുമാത്രമാണ് ലഭിക്കുന്നത്. ഭാഗികമായ ഇത്തരം വാക്‌സിനേഷന്‍ പദ്ധതികള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത്തരത്തില്‍ കുറച്ചു കുട്ടികള്‍ക്കു മാത്രം എം എം ആര്‍ കുത്തിവെപ്പ് എടുക്കുന്നത് കുത്തിവെപ്പ് കിട്ടാത്തവരില്‍ രോഗ സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇക്കാരണങ്ങളാല്‍ എം എം ആര്‍ വാക്‌സിന്‍ സാര്‍വത്രിക രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമാക്കുകയും 10-15 വര്‍ഷം തുടരുകയും ചെയ്യുന്നതുവരെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്‌സിനേഷന്‍ കൊടുക്കേണ്ടതാണ്. ഇതിനായുള്ള സര്‍ക്കാറിന്റെ പരിപാടി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്‌കൂളുകളിലൂടെയുള്ള ആരോഗ്യ പരിപാടികള്‍ നടപ്പാക്കുന്ന ഇന്നത്തെ രീതിയാണ് ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടത്തിപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കുന്നതാണ് ഒരു കാരണം. സ്‌കൂളുകളിലെ അയേണ്‍ഫോളിക് ആസിഡ് ഗുളിക വിതരണം ഒരുദാഹരണമാണ്. റുബെല്ലാ പരിപാടി തന്നെ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. അത് യഥാസമയം നടപ്പാക്കാത്തതും പരീക്ഷാസമയത്ത് നടപ്പാക്കിയത് ആസൂത്രണത്തിലെ പിഴവാണ്. സ്‌കൂള്‍തലത്തിലുള്ള ആരോഗ്യ ഇടപെടലുകളെ ഏകോപിപ്പിച്ച് സമഗ്രമായ ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശരിയായ വിവരം നല്‍കിയും അവരെ വിശ്വാസത്തിലെടുത്തും കേരളത്തിന്റെ പൊതുജനാരോഗ്യത്തെ പിന്നോട്ട് നയിക്കുന്ന കുപ്രചരണങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണ്.

പ്രസിഡണ്ട് :എന്‍കെ ശശിധരന്‍ പിള്ള
ജനറല്‍ സെക്രട്ടറി: വി വി ശ്രീനിവാസന്‍

Categories: Updates