മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുക.
അജൈവ മാലിന്യ പരിപാലനം നിയമ വ്യവസ്ഥ നടപ്പിലാക്കുക.
മാലിന്യപരിപാലനത്തിന്റെ മേഖലയിൽ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെങ്കിലും ബ്രഹ്മപുരത്തെ മാലിന്യമലയിലെ വിഷപ്പുക കേരളത്തിൽ മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെയെല്ലാം ശോഭ കെടുത്തിയിരിക്കയാണ്.
സാധാരണ ജീവിതത്തിൽ ഹരിത സൗഹൃദ സമീപനം ഒരു ശീലവും സംസ്കാരവുമാക്കി മാറ്റാൻ ഇപ്പോഴും ബഹുഭൂരിപക്ഷം മലയാളികൾക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ തെരുവുകളിൽ മാലിന്യക്കൂനകൾ പെരുകുന്നു, ജലാശയങ്ങളിലും പൊതു സ്ഥലങ്ങളിലുമെല്ലാം മാലിന്യങ്ങൾ സാധാരണമാകുന്നു – കേരളത്തിൽ രോഗങ്ങൾ പെരുകാനിത് കാരണമാകുന്നു.
മാലിന്യപരിപാലനത്തെ നീർത്തടാധിഷ്ഠിത ജല പരിപാലനവുമായും ശാസ്ത്രീയകൃഷി രീതി കളുമായും ഊർജോൽപ്പാദനവുമായൊക്കെ ബന്ധിപ്പിക്കുന്ന സമഗ്ര സമീപനമാണ് കൈക്കൊള്ളേണ്ടത്.
ആഗോള താപനത്തിന്റെയും മണ്ണൊലിപ്പിന്റെയും ഭാഗമായി മണ്ണിൽ നിന്നുമുള്ള കാർബണിന്റെയും മറ്റു മൂലകങ്ങളുടെയും ശോഷണം തടയാൻ ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് നടത്തിയോ ബയോഗ്യാസ് പ്ലാന്റ് വഴി സംസ്കരിച്ചോ മണ്ണിലേക്ക് തന്നെ തിരികെ നൽകണം. മണ്ണിന്റെ ഫലഭൂയിഷ്ഠതക്കും ജലസംരക്ഷണശേഷി വർദ്ധിപ്പിക്കാനും അതു വഴി സുഭിക്ഷ കേരളത്തിന്റെ വിജയത്തിനും ഇത് ആവശ്യമാണ്.
അജൈവമാലിന്യങ്ങൾ വൃത്തിയായി തരംതിരിച്ച് വെച്ച് യൂസർ ഫീ സഹിതം എല്ലാ വീട്ടുകാരും സ്ഥാപനങ്ങളും പ്രതിമാസം ഹരിത കർമ്മസേനക്ക് നൽകുന്നു എന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണം.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഖരമാലിന്യപരിപാലന നിയമം 2016 പ്രകാരം ഉപയോഗശേഷം മാലിന്യപരിപാലനം ആയത് ഉൽപ്പാദിച്ചയാളുടെ ഉത്തരവാദിത്തമായി നിർവ്വചിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുന്ന കേരളത്തിൽ ഇപ്പോഴും ഈ വ്യവസ്ഥ നടപ്പിലാക്കുന്നില്ല. അതിനാൽ അജൈവ മാലിന്യപരിപാലനത്തിൽ നിയമപ്രകാരം ഇ പി ആർ (Extended Producer responsibility) വ്യവസ്ഥ നടപ്പിലാ ക്കേണ്ടതുണ്ട്.
മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ എന്നത് പ്രകടനപരതയിൽ ഒതുങ്ങാതെ ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ രീതിയിൽ എല്ലാ സൂക്ഷ്മതല ജനാധിപത്യരൂപങ്ങളെയും ഭാഗഭാേക്കാക്കിക്കൊണ്ട് കക്ഷി-രാഷ്ട്രീയ ജാതി-മത-വർഗ-ലിംഗ ഭേദമെന്യേ മുഴുവൻ ജനങ്ങളെയും പങ്കാളികളാക്കി സമയബന്ധിതമായി നടപ്പിലാക്ക ണമെന്ന് സംസ്ഥാന സർക്കാരിനോടും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോടും, ജനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60-ാം വാർഷിക സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.