വർദ്ധിക്കുന്ന മനുഷ്യ-വന്യമൃഗസംഘർഷത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തിര നടപടികൾ ഉണ്ടാകണം.
മനുഷ്യൻ അവന്റെ ജീവസന്ധാരണത്തിനായി കാടിനെ ആശ്രയിക്കാൻ തുടങ്ങിയ നാൾ തൊട്ട് തുടങ്ങിയതാണ് മനുഷ്യ-വന്യമൃഗസംഘർഷങ്ങൾ. വന്യമൃഗങ്ങളുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെ സഹവർത്തിത്വത്തോടെ കഴിഞ്ഞവരാണ് ആദിവാസികൾ. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷത്തിനു വേദിയാകുകയാണ് വനാതിർത്തികൾ. ബ്രിട്ടീഷുകാരുടെ വനപരിപാലനം പിന്തുടർന്നുവന്ന വനംവകുപ്പും അടിക്കടിയുണ്ടാകുന്ന മനുഷ്യനിർമിത കാട്ടുതീ, സ്വകാര്യതോട്ടങ്ങളുടെ കടന്നു കയറ്റം, വലിയ/ ചെറിയ ഡാമുകൾ, ഇവ ഉണ്ടാക്കിയ വനനശീകരണവും തുണ്ട് വൽകരണവും, തോട്ടങ്ങൾക്കായി പുൽക്കാടുകളുടെ നാശം, റോഡുകൾ, റെയിൽവേ ലൈനുകൾ, പവർ ലൈനുകൾ, ക്വാറികൾ, ഖനികൾ, അനിയന്ത്രിത നഗരവൽകരണം, ഏകവിളത്തോട്ടങ്ങൾ എന്നിവകൊണ്ട് മനുഷ്യ കടന്നുകയറ്റത്തിന്റെ അരക്ഷിതപ്രദേശ മായി വനവും വനാതിർത്തികളും മാറി. കന്നുകാലികൾ, വിദേശസസ്യങ്ങൾ എന്നിവയുടെ കാടിനുള്ളിലേക്കുള്ള കടന്നുകയറ്റംകൊണ്ട് അടിക്കാടില്ലാത്ത തുറന്ന മരക്കൂട്ടങ്ങളായി നൈസർഗിക വനപ്രദേശങ്ങൾ മാറി. ഇത്തരത്തിലുള്ള നീണ്ടനാളത്തെ മനുഷ്യ ഇടപെട ലുകളിലൂടെ ഉണ്ടാക്കി വെച്ച ദുരന്തങ്ങളാണ് നാം നേരിടുന്ന മനുഷ്യ-വന്യമൃഗ സംഘർ ഷങ്ങളുടെ കാരണം. ജീവികൾക്ക് സ്വന്തം ഭക്ഷണം ലഭ്യമല്ലാത്ത കാടുകൾ മാറിയിടത്താണ് ഈ സംഘർഷം വർദ്ധിച്ചതെന്ന് കാണാം.
പ്രശ്നബാധിതപ്രദേശത്തിന്റെയും, ഏർപ്പെടുന്ന മൃഗത്തിന്റെ സ്വഭാവവും പ്രത്യേകതകളും കണക്കിലെടുക്കുന്ന പ്രത്യേകമായ നടപടികളാണ് വേണ്ടത്. എല്ലാ മാർഗങ്ങളും എല്ലാ സ്ഥലത്തും ഉപയോഗിക്കാൻ കഴിയില്ല. സംഘർഷ മേഖലകളെ തരംതിരിച്ചുള്ള, വനംവകുപ്പും പഞ്ചായത്തും, കൃഷിവകുപ്പും ഒരുമിച്ച് നിന്നുകൊണ്ടുള്ള വനാതിർത്തികളിലെ മനുഷ്യരുടെ കൂട്ടായ്മയുണ്ടാക്കി യോജിച്ചുള്ള ഒരു പ്രവർത്തനപരിപാടി രൂപപ്പെടുത്താൻ കഴിയുന്നില്ല. റാപ്പിഡ് ആക്ഷൻ കമ്മിറ്റികൾ കടലാസിൽ മാത്രമേ ഉള്ളൂ. തിരിച്ചറിഞ്ഞ സംഘർഷ ബാധിതപ്രദേശങ്ങളിൽ റാപ്പിഡ് ആക്ഷൻ കമ്മിറ്റികളും, സംഘർഷസ്ഥല മാനേജ്മെന്റ് കമ്മിറ്റികളും രൂപപ്പെടണം. മൃഗങ്ങളെ വെടിവെക്കുന്നതോ, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംഘർഷത്തിലുള്ള മൃഗങ്ങളെ മാറ്റു ന്നതോ ഒരു ശാശ്വതപരിഹാരമല്ല.
മനുഷ്യരും മൃഗങ്ങളും സഹവർത്തിത്വത്തോടെ നിലനിൽക്കേണ്ട ആവശ്യകത, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും വനംവകുപ്പും കൃഷിവകുപ്പും റവന്യുവകുപ്പും ഒരുമിച്ചുനിന്നു കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തുകയും മൃഗങ്ങൾ സംഘർഷമുണ്ടാക്കാത്ത തരത്തിൽ അതിന്റെ പരിപാലനം കാട്ടിൽത്തന്നെ ഉറപ്പിച്ചുനിർത്താനും വനംവകുപ്പ് എല്ലാ തരത്തിലുമുള്ള നടപടികളും അടിയന്തിരമായി എടുക്കേണ്ടതുണ്ട്. സംഘർഷത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും പെട്ടെന്ന് സഹായം എത്തിക്കാനും വനംവകുപ്പിന്റെ അടിയന്തിര ഇടപെടൽ വേണം. എല്ലാ ജീവജാലങ്ങളടെയും ജീവിക്കാനുള്ള അവകാശത്തെ മാനിച്ച് മനുഷ്യ-വന്യമൃഗ സംഘർഷങ്ങളെ ഒഴിവാക്കാനുള്ള സത്വരനടപടികൾ ഉണ്ടാകണമെന്ന് കേരള സർക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.