ചരിത്രരചനയുടെ രീതിശാസ്ത്രത്തില്‍ വലിയതോതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുനഃപ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ചില പുതുമകള്‍ അവകാശപ്പെടാവുന്ന ഒന്നാണ്. ഒരു രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കൃത്യമായ അറിവ്, വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളുടെ ദിശനിര്‍ണയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ചരിത്രപരത, സമൂഹത്തിന്റെ ശാസ്ത്രബോധവും രാഷ്ട്രീയബോധവും വികസിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. ചരിത്രത്തിന്റെ ചരിത്രപരമായ ഈ കടമ നിര്‍വഹിക്കപ്പെടണമെങ്കില്‍ ചരിത്രരചന വസ്തുനിഷ്ഠവും കാര്യകാരണ ബദ്ധവുമായിരിക്കണം. ചരിത്രം കെട്ടുകഥകളും, വീരഗാഥകളും, ജാതിമതസംഘട്ടനങ്ങളുമാണെന്ന ധാരണയല്ലാതാവുകയും, ഏത് ചെറുവിഭാഗത്തിന്റെയും മൗലിക സംഭാവനകളെ അംഗീകരിക്കുന്നതുമാകണം. അല്ലാത്തപക്ഷം, സമൂഹം മുന്നോട്ടായുന്നതിന് പകരം പിറകോട്ട് തള്ളപ്പെടുകയാണുണ്ടാവുക. ഇതില്‍നിന്ന് യുക്തിസഹമായ വിലയിരുത്തലുകളും, ശാസ്ത്രബോധവും അതിക്രമിക്കപ്പെടുകയും സ്വതന്ത്രചിന്ത അപ്രത്യക്ഷമാവുകയും ചെയ്യും. ഇവിടെയാണ് ശാസ്ത്രീയ ചരിത്രരചനയുടെ പ്രസക്തി. ഈ രംഗത്തേക്കുള്ള ഒരു മൗലികസംഭാവനയാണ് ഈ ഗ്രന്ഥം.
ഇന്ന്, ഇന്ത്യാചരിത്രം മതരാഷ്ട്രീയക്കാരാല് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ്; അതോടൊപ്പം തങ്ങളുടെ വ്യാഖ്യാനത്തിനനുസരിച്ച് രാജ്യത്തിന്റെ രാഷ്ട്രീയഭാവിപോലും നിര്‍ണയിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇവിടെ ഇന്ത്യാചരിത്രം വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രശാസ്ത്രമെന്നത്, ഇന്ത്യാചരിത്രത്തിന്റെ ശാസ്ത്രീയരചന മാത്രമല്ല, ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള വിവിധ ശ്രമങ്ങളിലേക്കുള്ള സംഭാവന കൂടിയാണ്. ഈ കാഴ്ചപ്പാടില്‍ ഞങ്ങള്‍ ഈ കൃതി അഭിമാനത്തോടെ സമര്‍പ്പിക്കുന്നു.
ഏറെക്കാലം ഇന്ത്യയിലെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിവിധരംഗങ്ങൡും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്രപഠനവിഭാഗം തലവനായും വര്‍ഷങ്ങളോളം ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ച പ്രൊഫ.എം.പി.ശ്രീധരനാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
പ്രൊഫ.എം.പി.ശ്രീധരന്റെ സംഭാവനകളെ മുന്‍നിറുത്തി പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന് തയ്യാറാക്കിയ ‘ഒരു ചരിത്രകാരന് ആരായിരിക്കണം’ എന്നുള്ള അന്വേഷണവും ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം ഇന്ത്യാചരിത്രരചനയില് വളര്‍ന്നുവന്ന ചില പ്രവണതകളെയും ചരിത്രരചനയും പഠനവും ഇന്ന് നേരിടുന്ന വെല്ലുവിളികളെയും വിശകലനം ചെയ്തുകൊണ്ട് ഡോ. കെ.എന്‍.ഗണേഷ് തയ്യാറാക്കിയ കുറിപ്പും ചേര്‍ത്തുകൊണ്ടാണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഇവ രണ്ടും ഈ പുസ്തകത്തിന്റെ അര്‍ഥപൂര്‍ണമായ വായനയ്ക്ക് സഹായകമാവുമെന്ന് കരുതുന്നു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…