വയനാട്, സെപ്തം: 3 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ മൈക്കിള്‍ തരകന്‍ ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തിനു മുന്നോടിയായി “ആഗോളവത്കരണത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍” എന്ന വിഷയത്തില്‍ മുന്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

ഉത്ഘാടനയോഗത്തില്‍ പരിഷത് സംസ്ഥാന പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായ പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍, ജനറല്‍ കണ്‍വീനര്‍ കെ.ബാലഗോപാലന്‍, പരിഷത് ജനറല്‍ സെക്രട്ടറി ടി.പി ശ്രീശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പാരിസ്ഥിതികാഘാതം ബാധിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ – ഡോ. മൈക്കിള്‍ തരകന്‍

കേരളം എത്രകണ്ട് വികസിതമായെന്ന ഊറ്റം കൊണ്ടാലും പട്ടികജാതിക്കാരുടെയും പട്ടികവിഭാഗങ്ങളുടെയും സ്ഥിതിയില്‍ ഇപ്പോഴും പിന്നോക്കാവസ്ഥ നിലനില്‍ക്കുകയാണെന്ന് പ്രവര്‍ത്തക ക്യാമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് ഡോ. മൈക്കിള്‍ തരകന്‍ പറഞ്ഞു. വികസനത്തിന്റെ പാര്‍ശ്വഫലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ വിഭാഗങ്ങളെയാണ്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പട്ടികജാതിക്കാരേക്കാള്‍ ഭൂമി കൈവശമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ അതുപയോഗിച്ച് മെച്ചപ്പെട്ട ജീവിതനിലവാരം ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‌ത്തു.

ദാരിദ്ര്യം വ്യാപകമാക്കിയ ആഗോളവല്‍ക്കരണം – ഐസക്ക്.

എഴുപതികളിലും എണ്‍പതുകളിലും ദാരിദ്രത്തിന്റെ തോത് കുറയുന്ന പ്രവണത കാണുന്നുണ്ടായിരുന്നെങ്കില്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ നടപ്പാക്കലിന് ശേഷം അതിന്റെ തോത് കുറയുന്നുവെന്ന് മാത്രമല്ല അത് പുതിയതരം സാമൂഹ്യ – രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്ന് ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. പരിഷത് പ്രവര്‍ത്തക ക്യാമ്പില്‍ “ആഗോളവല്‍ക്കരണത്തിന്റെ രണ്ടുപതിറ്റാണ്ട്” എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ പൊതുസമ്പത്തും പൊതുമേഖലയും വെട്ടിപ്പിടിച്ച ചെറുന്യൂനപക്ഷത്തിന്റെ വളര്‍ച്ചയാണ് ആഗോളവല്‍ക്കരണം കൊണ്ടുവന്ന മാറ്റമായി കൊട്ടിഘോഷിക്കപ്പെടുന്നത്. രണ്ടുപതിറ്റാണ്ടുപിന്നിട്ട ആഗോളവല്‍ക്കരണ പ്രക്രിയ ദാരിദ്ര്യവും അസമത്വവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ കൂടുതല്‍, കൂടുതല്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയുടെ മുന്നേറ്റം അസമത്വങ്ങള്‍ ഇല്ലാതാക്കലാകുന്നില്ല. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നുമാണ് പുതിയതരം ബാബമാരും സ്വാമിമാരും ആത്മീയ വാദികളും രംഗപ്രവേശം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ 5, തിങ്കളാഴ്ചവരെ നീളുന്ന ക്യാമ്പില്‍ പരിഷത്തിന്റെ ഈ വര്‍ഷത്തെ മുഖ്യക്യാമ്പയിനായ കേരളവികസന ക്യാമ്പയിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കും.

Categories: Updates