കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി, അതിന്റെ രൂപരേഖ തയ്യാറാക്കി കേരളത്തിലെ അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായറിയുന്നു. ലിഡാ ജേക്കബ്ബ് അധ്യക്ഷയായ ഈ ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസതല്‍പ്പരര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുവരെ ലഭ്യമായില്ല.
അയല്പക്ക വിദ്യാലയങ്ങള്‍, വിദ്യാലയപ്രവേശനം, അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളുടെ അംഗീകാരം, വിദ്യാലയഘടന, അധ്യയനമാധ്യമം, പാഠ്യപദ്ധതിനിര്‍വ്വഹണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക്, അണ്‍എയ്ഡഡ് മേഖല… തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസാവകാശനിയമം പ്രതിപാദിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുമ്പോള്‍ ഈ രംഗത്തെ അധ്യാപകരെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ ചര്‍ച്ചകള്‍ അധ്യാപകസംഘടനകളില്‍ മാത്രം ഒതുക്കുവാന്‍ പാടില്ല. വിദ്യാഭ്യാസത്തെ ഒരു സാമൂഹ്യപ്രക്രിയയായിക്കണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളോടും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായേണ്ടതുണ്ട്. ഈ അര്‍ഥത്തില്‍ ലിഡാ ജേക്കബ്ബ് കമ്മീഷന് ശുപാര്‍ശകള്‍ അടിയന്തിരമായി പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്.
സ്കൂള്‍ അധ്യാപകനിയമനങ്ങള്ക്കായി ചഋഠ, ടഋഠ മാതൃകയില്‍ ഒരു യോഗ്യതാപരീക്ഷ നടത്തണമെന്ന നിര്‍ദേശം ഉള്ളതായറിയുന്നു. ഇതിനു മുമ്പ് ഗഋഞ പരിഷ്കരിക്കാനായി സംസ്ഥാനഗവണ്മണ്ട് നിയമിച്ച കമ്മറ്റിയിലടക്കം പല വേദികളിലും ഉയര്‍ന്നുവന്ന നിര്‍ദേശമാണിത്. സ്കൂള്‍ അധ്യാപക നിലവാരം ഉയര്‍ത്തുന്നതിനും തുല്യശേഷികള് ഉറപ്പു വരുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായ ഈ നിര്‍ദേശത്തെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സ്വാഗതം ചെയ്യുന്നു.
വിദ്യാഭ്യാസാവകാശ നിയമം ചൂണ്ടിക്കാണിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ വളരെ നേരത്തെ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അന്പതുവര്ഷം മുമ്പെ കേരളം അംഗീകരിച്ച വിദ്യാഭ്യാസനിയമമാണ് വിദ്യാഭ്യാസ രംഗത്ത് നാം നടത്തിയ കുതിച്ചുചാട്ടത്തിന്റെ നിയമപരമായ ചട്ടക്കൂട്. ഈ നിയമത്തില്‍ കാലോചിതവും ശാസ്ത്രീയവുമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച സി പി നായര്‍ കമ്മറ്റി റിപ്പോര്‍ട്ട് വര്‍ഷങ്ങളായി സര്‍ക്കാരിന്റെ മുമ്പിലുണ്ട്. പുതിയ കേന്ദ്രനിയമത്തിന്റെ വെളിച്ചത്തില്‍ കെ ഇ ആറിന്റെ ജനാധിപത്യപരവും ശാസ്ത്രീയവുമായ എല്ലാ ഭാഗങ്ങളും നിലനിര്‍ത്തി, അതിന്റെ സത്തയ്ക്കു നിരക്കുന്ന വിധത്തില്‍ കേന്ദ്രനിയമത്തിന്റെ അംശങ്ങള്‍ അതില്‍ വിളക്കിചേര്ക്കുകയുമാണു വേണ്ടത്.
ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ച് എല്ലാവിഭാഗങ്ങളുമായി സമഗ്രമായ ചര്‍ച്ചകള്‍ക്ക് ഉടന്‍ നടപടികളാരംഭിക്കണമെന്നു സര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
ഡോ. കാവുമ്പായി ബാലകൃഷ്ണന് ടി പി ശ്രീശങ്കര്‍
പ്രസിഡണ്ട് ജനറല്‍ സെക്രട്ടറി